തിരുവനന്തപുരം: നന്നായി പഠിച്ച് മികച്ച തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന നേമം മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും ബിജെപിയുടെ പൂർണ്ണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നേമം നിയമസഭാ മണ്ഡലത്തിലെ ഓരോ കുടുംബത്തിനും സംസ്ഥാനത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും നേട്ടങ്ങൾ നേരിട്ട് അനുഭവിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇന്ത്യയിലും ആഗോളതലത്തിലും തൊഴിൽ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ, കുട്ടികൾ വെറുതെ പഠിക്കുക മാത്രമല്ല മറിച്ച് ആവശ്യമായ തൊഴിൽ നൈപുണ്യങ്ങൾ കൂടി വളർത്തിയെടുക്കണമെന്ന് ഓർമ്മിപ്പിച്ചു. ഉന്നതവിദ്യാഭ്യാസത്തിനും നല്ല ജോലിക്കുമായി പരിശ്രമിക്കുന്ന നേമത്തെ ഏതൊരു കുട്ടിക്കും ആവശ്യമായ പിന്തുണ നൽകാൻ പാർട്ടി മുന്നിലുണ്ടാകും, എന്നാൽ കുട്ടികൾ കഠിനാധ്വാനം ചെയ്ത് സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ സ്വയം തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ ഓണാഘോഷ ചടങ്ങിൽ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഉപകരണങ്ങളും ആരോഗ്യ സംരക്ഷണ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്തു. ക്യാൻസർ രോഗികൾക്ക് ഓണക്കിറ്റുകളും ഓണക്കോടിയും, സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റുകളും സമ്മാനിച്ച ചടങ്ങിൽ ഹരിത കർമ്മസേന അംഗങ്ങളെ ഓണക്കോടി നൽകി ആദരിച്ചു. അത്തപ്പൂക്കളം, ഓണപ്പാട്ട്, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates