തിരുവനന്തപുരം: പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ സമര്‍പ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. സമരമാര്‍ഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങള്‍ ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവര്‍ത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ അംഗമായി പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാര്‍ശയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.
സംഘടനാ ഭാരവാഹിത്വത്തില്‍ അനര്‍ഹരായ ആളുകള്‍ കടന്നുകൂടുന്നതായി ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെ ഒരംഗം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടെന്നുമായിരുന്നു വിമര്‍ശനം. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയാണെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates