തിരുവനന്തപുരം: തെറ്റുകള്‍ തിരുത്തിയാല്‍ സിപിഎമ്മിന് തിരിച്ചു വരാനാകുമെന്നും, അല്ലെങ്കില്‍ പാര്‍ട്ടി ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്നും വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. ചടയന്‍ ഗോവിന്ദന്‍ വരെയുള്ള പഴയ തലമുറയിലെ നേതാക്കളുടെ കാലത്ത് എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ സംഭവിച്ചാല്‍ അത് തിരുത്തപ്പെടാറുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്റെ കാലം മുതല്‍, അതായത് അദ്ദേഹം (പാര്‍ട്ടി സെക്രട്ടറി ആയതു മുതല്‍ ) തെറ്റുകള്‍ തിരുത്താന്‍ പ്രേരിപ്പിച്ചിരുന്ന ഏക ശക്തി വി എസ്. അച്യുതാനന്ദന്‍ മാത്രമായി മാറിയെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സിപിഎമ്മിലെ വിഭാഗീയത വി എസ് അച്യുതാനന്ദനെ ഒറ്റപ്പെടുത്തപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയും, വി എസിനെ മനഃപൂര്‍വ്വം ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും ഉള്‍പ്പെടെ, പാര്‍ട്ടിക്കുള്ളിലെ തെറ്റുകളെ എപ്പോഴും വിമര്‍ശിച്ചിട്ടുള്ള ഒരാളാണ് താനെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. വിമര്‍ശിക്കാനോ, അഭിപ്രായങ്ങള്‍ തുറന്നു പറയാനോ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭയമാണ്. ഒരു വ്യക്തിയുടെ തീരുമാനം നടപ്പിലാക്കുകയോ അന്ധമായി അംഗീകരിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
പാര്‍ട്ടി ഘടന തന്നെ ഈ മാനസികാവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അത് പിണറായി വിജയന്റെ മാത്രം തെറ്റല്ല. അധികാരത്തിലിരിക്കുന്ന വ്യക്തിയെ നിയന്ത്രിക്കാനുള്ള അധികാരം പാര്‍ട്ടി നേതൃത്വത്തിന് ആയിരിക്കണം. അപ്പോള്‍ മാത്രമേ തിരുത്തല്‍ നടപ്പാകൂ. പിണറായിയെ മാറ്റിയാലും, അത് പഴയതുപോലെയാകില്ലെന്ന് എന്താണ് ഉറപ്പ്?. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വമാണ് ഉണ്ടായിരുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ തെറ്റൊന്നുമില്ല. എന്നാല്‍ അടിസ്ഥാന കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ കഴിയില്ല. സംഘടനാ തത്വങ്ങളില്‍ ഭേദഗതികള്‍ ആവശ്യമുണ്ടെങ്കില്‍, പാര്‍ട്ടി പ്ലീനം വിളിച്ച് കൂട്ടായി മാറ്റങ്ങള്‍ നടപ്പിലാക്കണം. എന്നാല്‍ അത് ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് സംഭവിക്കരുത്. ഇന്ന്, നമ്മള്‍ കാണുന്ന മാറ്റങ്ങള്‍ പാര്‍ട്ടിയെ തെറ്റായ പാതയിലേക്ക് നയിക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates