തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി അടക്കമുള്ള വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെടും. നിലവില്‍ ദേവസ്വം വിജിലന്‍സാണ് അന്വേഷണം നടത്തുന്നത്. ഇതിനുപുറമേ, ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ കോടതി നിയോഗിക്കുന്ന പ്രത്യേക അന്വേഷണ സംഘം എല്ലാകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നാകും ബോര്‍ഡ് അഭിഭാഷകന്‍ ആവശ്യപ്പെടുക. ഇക്കാര്യം നിര്‍ദേശിക്കാന്‍ ദേവസ്വം മന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായാണ് സൂചന.
1999 മുതല്‍ 2025 വരെ ദേവസ്വം ഭാരവാഹികളായിരുന്നവര്‍, അംഗങ്ങള്‍, മന്ത്രിമാര്‍, എഴുത്തുകുത്തുകള്‍ തുടങ്ങിയ എല്ലാക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.
ഇതിനു പിന്നാലെയാണ് ഇക്കാര്യങ്ങളിലടക്കം ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തുന്നത്. വീഴ്ചയുണ്ടായത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സമ്മതിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം പൂശിയത് ചെമ്പായി മാറുന്നു, ചട്ടം മറികടന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നു, സ്വര്‍ണപ്പാളി ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളില്‍ വ്യാപകമായ പണപ്പിരിവ് തുടങ്ങി പല തരത്തിലുള്ള തട്ടിപ്പു വിവരങ്ങളാണ് പുറത്തു വന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം സ്‌പോണ്‍സറുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും തമ്മിലുള്ള ചര്‍ച്ചയിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. ഒന്നും മറയ്ക്കാനില്ലെന്നും, എല്ലാക്കാര്യങ്ങളും വെളിച്ചത്തു വരട്ടെ എന്നുമാണ് സര്‍ക്കാര്‍ നിലപാട്. സ്വര്‍ണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും, അങ്ങനെ കൊടുത്തുവിട്ടതില്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates