akhil marar , sabu jacob file
Kerala

'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

അഖില്‍ പെട്ടെന്ന് ഇമോഷണല്‍ ആകുന്നയാളാണെന്നും ബിപി കൂടുന്നതാണോ എന്ന് തനിക്കറിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

Author : ആതിര അഗസ്റ്റിന്‍

അഖിൽ മാരാർക്ക് തൃപ്പൂണിത്തറ സീറ്റ് വാഗ്ദാനം ചെയ്തെന്ന അവകാശവാദം തെറ്റാണെന്ന് ട്വൻറി ട്വൻറി അധ്യക്ഷൻ സാബുജേക്കബ്. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അഖിൽ മാരാരോട് വേണ്ട കാര്യങ്ങള്‍ എഴുതിതരാൻ ആവശ്യപ്പെട്ട് എഴുതി ഒപ്പിട്ടു വാങ്ങിയിരുന്നെന്നും അതിൽ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നൂറ്റിപ്പത്ത് ശതമാനവും നടപ്പിലാക്കിയെന്നും സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സാബു ജേക്കബ് പറഞ്ഞു. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചതായുമുള്ള അഖിൽ മാരാരുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹവുമായി നിന്ന സമയത്ത് എന്‍ഡിഎയുടെ പല ടീമുകള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന അഖിൽ മാരാരുടെ അവകാശവാദവും സാബുജേക്കബ് തള്ളി. കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർക്ക് താൽപര്യമുണ്ടെന്ന് പറഞ്ഞ് ഒരാള്‍ തങ്ങളെ ബന്ധപ്പെട്ടുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അഖില്‍ മാരാര്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതൊന്നും ഓര്‍മിക്കുന്നില്ലെന്നും ആര്‍ രശ്മി വന്നതുകൊണ്ടാണ് കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാത്തതെന്നും സാബു ജേക്കബ് വ്യക്തമാക്കി. ഞാനുമായിട്ടല്ല എന്‍ഡിഎ വൈസ് പ്രസിഡന്റുമായാണ് പ്രശ്‌നമുണ്ടായത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അഖില്‍ മത്സരിക്കേണ്ട എന്ന്. നമുക്കും അഖിലിനും എല്ലാം നല്ലത് അതാണ്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് അങ്ങട് മാറി. പിന്നെ പുള്ളി കരച്ചിലും കാലുപിടിത്തവുമായി. അഖില്‍ പെട്ടെന്ന് ഇമോഷണല്‍ ആകുന്നയാളാണെന്നും ബി പി കൂടുന്നതാണോ എന്ന് തനിക്കറിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

അഖില്‍ മാരാര്‍ക്ക് കൊട്ടാരക്കര കൊടുക്കാമെന്ന് പറഞ്ഞിരുന്നോ?

കൊട്ടാരക്കര സീറ്റില്‍ അഖില്‍ മാരാര്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് ഒരാള്‍ ബന്ധപ്പെട്ടു. അതനുസരിച്ച് ശരി നമുക്ക് ആലോചിക്കാം എന്നു പറഞ്ഞു. അഖില്‍ മാരാര്‍ ഇവിടെ വരുന്നു. കൊട്ടാരക്കര അന്ന് ഞങ്ങളുടെ ലിസ്റ്റില്‍ ഇല്ല. കാരണം ഞങ്ങള്‍ക്ക് അവിടെ കമ്മിറ്റികള്‍ ഇല്ല. ഞങ്ങള്‍ എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചു. എന്‍ഡിഎ നേതൃത്വം അത് നമുക്ക് തരാം എന്ന് പറഞ്ഞു. ഞാന്‍ അഖില്‍ മാരാറിനോടും ഈ വിവരം പറഞ്ഞു. പുള്ളി ഇവിടെ വരുന്നു പാര്‍ട്ടിയില്‍ ചേരുന്നു. ഔദ്യോഗികമായി അനൗണ്‍സ് ചെയ്യണമെങ്കില്‍ ഔദ്യോഗികമായി തരണം. ഔദ്യോഗികമായിട്ടുള്ള ലിസ്റ്റ് തരുന്നതുവരെ ലിസ്റ്റ് ഞങ്ങള്‍ പെന്‍ഡിങ് വെച്ചു. അതിനിടയ്ക്കാണ് കോണ്‍ഗ്രസില്‍ നിന്നും ആര്‍ രശ്മി ബിജെപിയിലേയ്ക്ക് വരുന്നത്. അങ്ങനെ വന്നപ്പോള്‍ എന്‍ഡിഎ ആ സീറ്റ് തിരിച്ചെടുത്തു. അവരെ കൊട്ടാരക്കര തന്നെ മത്സരിപ്പിക്കാം എന്നുള്ള വാക്കിലാണ് അവര്‍ ബിജെപിയിലേയ്ക്ക് വരുന്നത്. ഞാന്‍ ഇക്കാര്യം അഖിലിന്റെ അടുത്തു പറഞ്ഞു. ആ സീറ്റ് കിട്ടില്ല, അതിന് പകരമായിട്ട് തൃക്കാക്കര ഓഫര്‍ ചെയ്തു. അഖില്‍ തൃപ്പൂണിത്തുറ ചോദിച്ചു. അപ്പോള്‍ തൃപ്പൂണിത്തുറ നമുക്ക് തന്നിട്ടില്ലെന്നാണ് മറുപടി പറഞ്ഞത്. അവസാനം തൃക്കാക്കര മത്സരിക്കുന്ന സമയത്ത് വീണ്ടും അഖില്‍ തൃപ്പൂണിത്തുറ ചോദിച്ചു. അങ്ങനെ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. എന്നാല്‍ അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. കുഴപ്പമില്ല ഞാന്‍ മത്സരിക്കാം എന്നാണ് അഖില്‍ അപ്പോഴും മറുപടി പറഞ്ഞത്.

അഖിലിന്റെ വേണ്ട കാര്യങ്ങള്‍ എഴുതി തരാന്‍ ആവശ്യപ്പെട്ടു. മറ്റുള്ള ആരേക്കൊണ്ടും അങ്ങനെ ചെയ്യിച്ചില്ല. പുള്ളി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമെന്നുള്ളതുകൊണ്ടു തന്നെയാണ് എഴുതി ഒപ്പിട്ട് വാങ്ങിച്ചത്. അഖില്‍ അതില്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നൂറ്റിപ്പത്ത് ശതമാനവും നടപ്പിലാക്കി. കൊട്ടാരക്കര കിട്ടിയില്ല, ഞാന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കില്‍ ആരും നിര്‍ബന്ധിപ്പിച്ച് മത്സരിപ്പിക്കുന്നില്ലല്ലോ. റിസല്‍ട്ട് വന്നതിന് ശേഷം കൊല്ലം ജില്ല മുഴുവനും പാര്‍ട്ടി വളര്‍ത്താം എന്ന് അഖില്‍ പറഞ്ഞു. പുള്ളിക്ക് നല്ല ക്വാളിറ്റി ഉള്ളതിനൊപ്പം ചില മൈനസും ഉണ്ട്. ഏത് കാര്യവും പഠിച്ച് നന്നായി ചെയ്യുന്ന ആളാണ്. പക്ഷേ, പെട്ടെന്ന് ഇമോഷണല്‍ ആവും. അത് ബിപി കൂടുന്നതാണോ എന്ന് എനിക്കറിയില്ല. ഒരു പരിസരബോധവുമില്ലാതെ ആരെയും ചീത്ത വിളിക്കും. ഞാനിരിക്കുമ്പോഴും വിളിച്ചിട്ടുണ്ട്. തൃക്കാക്കര മത്സരിക്കുമ്പോള്‍ അവിടെയുള്ള ബിജെപിക്കാരെയും ചീത്ത വിളിച്ചിട്ടുണ്ട്. അങ്ങനെയുള്ളതുകൊണ്ട് കൊല്ലം ഏല്‍പ്പിക്കാന്‍ പറ്റിയ ഒരാളല്ലെന്ന് തോന്നി. ഞങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് എന്നൊരു സ്ഥാനമില്ല. ഏതെങ്കിലുമൊരു സ്ഥാനം കൊടുത്തു കഴിഞ്ഞാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്നൊരു ചോദ്യം ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടാണ് ആ നീക്കം വേണ്ടതു വെച്ചത്.

തൃപ്പൂണിത്തുറ കൊടുക്കാമെന്ന് പറഞ്ഞിരുന്നോ?

തെറ്റാണത്. തൃപ്പൂണിത്തുറ കൊടുക്കാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നിര്‍ബന്ധിച്ച് ആരേയും ഞങ്ങള്‍ കൊണ്ടു വന്നിട്ടില്ല..

എവിടെ വെച്ചാണ് തര്‍ക്കമുണ്ടായത്?

പുള്ളി എപ്പോഴും ഒച്ചെ വെക്കുന്നയാളാണ്. തൃക്കാക്കര എന്‍ഡിഎ ഓഫീസില്‍ വെച്ചാണ് സംഭവം. പുള്ളി ഭയങ്കരമായി ബഹളം വെച്ചു. ഞാനുമായിട്ടല്ല എന്‍ഡിഎ വൈസ് പ്രസിഡന്റുമായാണ് പ്രശ്‌നമുണ്ടായത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അഖില്‍ മത്സരിക്കേണ്ട എന്ന്. നമുക്കും അഖിലിനും എല്ലാം നല്ലത് അതാണ്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് അങ്ങട് മാറി. പിന്നെ പുള്ളി കരച്ചിലും കാലുപിടിത്തവുമായി. പറഞ്ഞത് തെറ്റായി പോയി എന്ന് അഖില്‍ പറയുകയും ചെയ്തു. അപ്പോഴാണ് ഞാന്‍ പറഞ്ഞത് ഇനി എന്ത് കാര്യവും എഴുതി ഒപ്പിട്ട് തന്നതിന് ശേഷം പറഞ്ഞാല്‍ മതിയെന്ന്. അങ്ങനെയാണ് അഖിലിന്റെ ആവശ്യങ്ങള്‍ എഴുതി ഒപ്പിടുവിക്കാന്‍ സാഹചര്യമുണ്ടായത്. ഇതുവരെ എല്ലാ സ്ഥാനാര്‍ഥികളുടേയും എല്ലാ ചെലവും പണം കെട്ടിവെക്കുന്നതുമെല്ലാം ട്വന്റി ട്വന്റി ആണ് വഹിക്കാറ്. അഖിലിന്റെ കാര്യത്തിലും അതില്‍ മാറ്റമുണ്ടായിട്ടില്ല. പണം ആഗ്രഹിച്ച് വരണ്ട. പാര്‍ട്ടിയിലേയ്ക്ക് വരാന്‍ പണം മുടക്കണ്ട എന്നാണ് പറയാറ്.

പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നാണ് മറ്റൊരു ആരോപണം?

പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന് പറയാന്‍ അഖില്‍ പാര്‍ട്ടിയിലൊന്നുമില്ലല്ലോ. പിന്നെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അന്ന് മത്സരിച്ചു എന്നല്ലാതെ ഒരു ബൂത്ത് കമ്മിറ്റിയില്‍ പോലും സ്ഥാനം കൊടുത്തിട്ടില്ല, എടുത്തിട്ടുമില്ല. ഒരാള്‍ മത്സരിച്ചു കഴിഞ്ഞ് കൊല്ലം ജില്ലയില്‍ പോയി പ്രവര്‍ത്തിച്ചോളാം എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടി അനുവദിക്കുമോ അങ്ങനെ. അതാണോ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാ എന്ന് പറയുന്നത്.

അഖില്‍ മാരാര്‍ നേരിട്ട് വന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നോളാം എന്ന് പറഞ്ഞതാണോ? അതോ അങ്ങോട്ട് സമീപിച്ചതാണോ?

ഇത് രണ്ടുമല്ല. ഈ പല ആളുകളും മത്സരിക്കാന്‍ തയ്യാറായി ഞങ്ങളെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ഇടനിലക്കാരനാണ് ബന്ധപ്പെട്ടത്. കൊട്ടാരക്കര കിട്ടുകയാണെങ്കില്‍ അഖില്‍ മാരാര്‍ എന്ന് പറയുന്ന ഒരു മത്സരാര്‍ഥി ഉണ്ടെന്ന് പറയുന്നു. ഞാന്‍ അന്നാണ് അഖില്‍ മാരാരെപ്പറ്റി ഗൂഗിളില്‍ തെരയുന്നത്. ഞാന്‍ അതുവരെ പേര് കേട്ടിട്ടുണ്ടെന്നല്ലാതെ പുള്ളീടെ ഒരു ബാഗ്രൗണ്ടൊന്നും എനിക്ക് അറിയില്ല. അന്നാണ് ഞാന്‍ സെര്‍ച്ച് ചെയ്യുന്നതും പഠിക്കുന്നതും. അനുസരിച്ച് എന്‍ഡിഎ നേതൃത്വവുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പിന്നീടാണ് രശ്മിയുടെ പേര് വരുന്നത്. ഏതെങ്കിലും രീതിയില്‍ വഞ്ചിക്കുകയോ പറഞ്ഞ വാക്ക് പാലിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

അഖില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയോ?

അത് ഞാന്‍ ഓര്‍ക്കുന്നില്ല. അന്ന് ഷൗട്ട് ചെയ്യുകയൊക്കെ ചെയ്തിരുന്നു. അതെന്താണ് പറഞ്ഞതെന്ന് ഓര്‍മിക്കുന്നില്ല. എന്നോട് അല്ല സംസാരിച്ചത്. എന്‍ഡിഎ വൈസ് പ്രസിഡന്റ് ഗോപകുമാറുമായിട്ടാണ് അഖില്‍ സംസാരിച്ചത്. ഞങ്ങളെല്ലാം ഒരു മുറിയിലിരിക്കുകയാണ്. അപ്പോള്‍ പെട്ടെന്ന് ചൂടായി. എല്ലാവരും ഷോക്കിലായിപ്പോയി. എല്ലാവരും ഓടിക്കൂടി. ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കൊല്ലത്തെ സ്ഥാനമൊക്ക ചോദിച്ചിട്ടും കൊടുക്കാതിരുന്നത്.

വിജയയുടെ പാര്‍ട്ടി വന്നപ്പോഴും മെസേജ് അയച്ചു എന്ന് അഖില്‍ പറയുന്നു?

മെയ് 2നാണല്ലോ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. മെയ് 3-ാം തിയതി വൈകിട്ട് ആറ് മിനിറ്റ് സംസാരിച്ചിട്ടുണ്ട്. മെയ് 4ന് പത്ത് മണിക്ക് വിളിച്ചപ്പോള്‍ എടുത്തില്ല. കട്ടയ്ക്ക് കൂടെയുണ്ട്. സാര്‍, ധൈര്യമായി മുന്നോട്ടു പോകൂ. എന്ന് മെസേജ് ഇട്ടിരുന്നു. ഞാന്‍ അന്ന് തിരിച്ച് വിളിച്ച് 26 മിനിറ്റ് സംസാരിച്ചു. ഈ മെസേജിനൊന്നും ഞാന്‍ റിപ്ലൈ ചെയ്തിട്ടില്ല. മെയ് 13 ന് അയച്ച് മെസേജ് ഇങ്ങനെയാണ്- '' സര്‍,, പാര്‍ട്ടി ഘടകം വളര്‍ത്തി മുന്നോട്ടു കൊണ്ടുപോകാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അത് നേരത്തെ വേണം. വിജയ്‌യുടെ പാര്‍ട്ടി കേരളത്തില്‍ വരുമ്പോള്‍ കുറേപ്പേര്‍ അവിടെ പോകും. പ്രത്യേകിച്ച് യൂത്ത്, ഐടി, നിക്ഷ്പക്ഷര്‍, എന്നിവര്‍. നമ്മുടെ സ്‌പെയ്‌സ് കുറയും.'' വിജയ് പാര്‍ട്ടി വളര്‍ത്തിയെന്നും പറഞ്ഞ് ഞാന്‍ എന്തിനാണ് പാര്‍ട്ടി വളര്‍ത്താന്‍ പോകുന്നെ. ഉടനെ തെറിച്ചു പോകുന്ന പാര്‍ട്ടിയൊന്നുമല്ല എന്റേത്. അതൊക്കെ ഒരു പക്വതയില്ലാത്ത സംസാരമാണ്. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് അഖില്‍ പാലിച്ചിട്ടില്ല.

Twenty20 party chief Sabu Jacob refuted recent allegations made by Akhil Marar, stating that he does not recall Marar ever threatening to commit suicide. clarified the circumstances surrounding the election candidate selection. Akhil Marar was denied a candidacy in Kottarakkara because R. Resmi entered the race.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മാനേജർ ആകാം; ബിരുദം മുതൽ യോഗ്യത, ചവറയിലും ആലുവയിലും അവസരം

എകെജി ഭവനില്‍ കയറി ഡല്‍ഹി പൊലീസ്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; തടഞ്ഞ് സിപിഎം നേതാക്കള്‍, നാടകീയ രംഗങ്ങള്‍

'വീണ്ടും ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ കൊച്ചു കള്ളാ!'; മമ്മൂട്ടിയുടെ സർപ്രൈസ് പോസ്റ്റിന് പിന്നാലെ ദുൽഖറിനോട് ആരാധകർ

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം