മലപ്പുറം: വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാമാക്കി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാണക്കാട്ടെ തങ്ങളുടെ വസതി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സർക്കാരിന് സ്വന്തമായി മദ്യനയമുണ്ടാകുമെന്നും പാർട്ടി നിലപാട് അതിൽ വ്യക്തമാക്കുമെന്നും പറഞ്ഞ തങ്ങൾ, യുഡിഎഫിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ വിദ്യാർത്ഥികൾ സംസ്ഥാനത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ രീതിക്ക് അനുസൃതമായി തന്നെ പഠനം തുടരുമെന്നും കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ലീഗ് സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. തെരഞ്ഞെടുത്ത സർക്കാർ വിദ്യാലയങ്ങളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം ശ്രീ. യുഡിഎഫ് സർക്കാരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ്, പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ശക്തമായി എതിർത്തിരുന്നു.
മുൻപ് അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും യുഡിഎഫിന്റെയും എൽഡിഎഫിലെ ചില വിഭാഗങ്ങളുടെയും പ്രതിഷേധത്തെ തുടർന്ന് ഇത് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന് അധികാരമേറ്റ യുഡിഎഫ് സർക്കാർ ഈ വിഷയം പരിശോധിക്കാൻ ഒരു ഉപസമിതി രൂപീകരിക്കുകയായിരുന്നു. ഉപസമിതി പഠനം പൂർത്തിയാക്കിയ ശേഷം കൃത്യമായ തീരുമാനമെടുക്കുമെന്നും ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായി പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും തങ്ങൾ അറിയിച്ചു. വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാന സർക്കാരിന് വ്യക്തമായ നയമുണ്ടെന്നും അതിനപ്പുറത്തേക്ക് ഒരു തീരുമാനവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെ മുൻവിധിയോടെ കാണേണ്ടതില്ലെന്നാണ് സാദിഖലി തങ്ങളുടെ നിലപാട്. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നാരോപിച്ച് യുഡിഎഫിലെ ചില വിഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ ഈ പ്രതികരണം. എല്ലാ വശങ്ങളും പരിശോധിച്ചാണ് സർക്കാർ അദ്ദേഹത്തെ നിയമിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നോക്കി മാത്രം വിലയിരുത്തിയാൽ മതിയെന്നും വീഴ്ചകളുണ്ടായാൽ മാറ്റാൻ വ്യവസ്ഥയുണ്ടെന്നും തങ്ങൾ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ ആദാനി ഗ്രൂപ്പ് ആഗോള ഷിപ്പിംഗ് ഭീമന്മാരായ എംഎസ്സിക്ക് വിൽക്കാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് തങ്ങൾ വ്യക്തമാക്കി. ഒരു ബിസിനസ്സ് സ്ഥാപനം എന്ന നിലയിൽ അദാനി ഗ്രൂപ്പ് അവരുടെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടാകാമെന്നും എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച് സംസ്ഥാന സർക്കാരാണ് ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates