Safrina Latheef: സഫ്രീന ലത്തീഫ് എവറസ്റ്റിന് മുകളിൽ  
Kerala

എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത, ആരാണ് ചരിത്രത്തിലേക്ക് നടന്നു കയറിയ സഫ്രീന ലത്തീഫ്

"രണ്ട് ദിവസം മുമ്പ് മരിച്ച ഒരു ഫിലിപ്പിനോ പർവതാരോഹകന്റെ മൃതദേഹവും മറ്റ് നിരവധി മൃതദേഹങ്ങളും ഞാൻ കണ്ടു. എന്റെ ഹൃദയമിടിപ്പ് ഉയർന്നു. ഞാൻ ഭയന്നു. പക്ഷേ എന്റെ ഗൈഡ് എന്നെ മുന്നോട്ട് നയിച്ചു.

പൂജാ നായര്‍

ലോകത്തിന്റെ ഏറ്റവും മുകളിൽ, ആകാശം തൊട്ടുതൊട്ടില്ലെന്ന പോലെ നിൽക്കുമ്പോൾ സഫ്രീന ലത്തീഫ് (Safrina Latheef) എന്ന മലയാളിയുടെ കാഴ്ച മങ്ങിയിരുന്നു - പക്ഷേ, ലക്ഷ്യം മുമ്പൊരിക്കലും ഇത്രത്തോളം വ്യക്തമായിരുന്നില്ല.

മധുരം പുരണ്ട കൈകളും മാതൃഹൃദയവുമുള്ള ഒരു ഹോം ബേക്കറിക്കാരിയായ സഫ്രീന, ഒരു ദിവസം തന്റെ കേക്ക് ഉപകരണങ്ങൾ ക്രാമ്പണുകൾക്കായും (മലകയറാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ഷൂസ്) തുളച്ചുകയറുന്ന ഹിമാലയൻ കാറ്റിൽ ഉലയുന്നതിനായി ഫോണ്ടന്റിന്റിൽ നിന്ന് (കേക്ക് ഉണ്ടാകുമ്പോൾ ഐസിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന പേസ്റ്റ്) കൈകൾ മാറ്റുമെന്ന് ഒരുകാലത്ത് ചിന്തിച്ചിരുന്നില്ല.

പക്ഷേ, ചരിത്രം കാത്തുവച്ചത് മറ്റൊരു നിമിഷമായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള വെങ്ങാട് സ്വദേശിനിയും ഖത്തറിൽ താമസിക്കുന്ന സഫ്രീന, അഞ്ച് ദിവസം മുമ്പ് നടന്നുകയറിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. 2025 മെയ് 18 ന്, കേരളത്തിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയതു മാത്രമല്ല അവരുടെ കഥയെ അസാധാരണമാക്കുന്നത്.

ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സഫ്രീന എവറസ്റ്റിന് മുകളിലെത്തിയത്. മരണമേഖലയിൽ ( ഡെത്ത് സോൺ) സ്നോ ബ്ലൈൻഡ്നെസ്സിനെ (മഞ്ഞിലെ പ്രകാശപ്രതിഫലനം കൊണ്ട് നേരിടുന്ന കാഴ്ചക്കുറവ്) നേരിടുന്നത് മുതൽ രുചികരവും മനോഹരവുമായ കേക്കുകൾ ഉണ്ടാക്കുന്നത് വരെ, സഫ്രീന സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറി.

ലോകമെമ്പാടുമുള്ള പലരെയും പോലെ, കോവിഡ്-19 മഹാമാരി കാലത്ത് ഖത്തറിലെ ദോഹയിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനായ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയെയും സഫ്രീനയെയും ഇടവേളയെടുത്തു. "ലോകം ബേക്കിങ്ങിലേക്കും ബിഞ്ച് വാച്ചിങ്ങിലേക്കും തിരിഞ്ഞപ്പോൾ, ഞങ്ങൾ ഫിറ്റ്നസിലേക്ക് തിരിഞ്ഞു," സഫ്രീന ഓർക്കുന്നു.

"ഞങ്ങൾക്ക് സ്റ്റാമിന ഇല്ലായിരുന്നു, പക്ഷേ ഞങ്ങൾ ജിമ്മിൽ ചേർന്നു. ലോകം നിശ്ചലമായിരുന്ന ആ കാലത്ത് ഉള്ളിലെവിടെയോ, പഴയ സ്വപ്ന പർവതങ്ങളുടെ മർമ്മരം ഞാൻ കേട്ടു." വെറും നാല് വർഷത്തിനുള്ളിൽ, സഫ്രീന, ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ എൽബ്രസ് (5,642 മീറ്റർ) എന്നീ മലനിരകൾ കീഴടക്കി. കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഹിമാനികളിൽ പോലും പരിശീലനം നേടി. ഓരോ കയറ്റവും എവറസ്റ്റിന് ഒരു പടി അടുത്തേക്ക് എത്തുകയായിരുന്നു.

ഉയരത്തേക്കാൾ ഉയർന്ന വില, അതായിരുന്നു എവറസ്റ്റ് കീഴടക്കുക എന്നതിലെ ആദ്യ വെല്ലുവിളി. ഫിറ്റ്‌നസിനെക്കുറിച്ചോ ഉയരത്തിലേക്കെത്താനുള്ള അധ്വാനത്തിനും അതിനായുള്ള ക്ഷമയ്ക്കും മാത്രമല്ല. സാമ്പത്തികവും വൈകാരികവുമായ ഒന്നുകൂടിയാണത്. എവറസ്റ്റിൽ കയറുന്നതിനായി പണം നൽകുന്നതിനായി നൽകുന്നതിനായി സഫ്രീനയ്ക്കും ഭർത്താവിനും, ബാംഗ്ലൂരിലെ അവരുടെ അപ്പാർട്ട്മെന്റ് വിൽക്കേണ്ടി വന്നു, എവറസ്റ്റ് കയറ്റത്തിന് ആകെ 80,000 യുഎസ് ഡോളറിലധികം ചെലവായി. "തീരുമാനം എളുപ്പമായിരുന്നില്ല. എന്നാൽ, ഇതിനായുള്ള സ്ഥാപനത്തിന് ഞങ്ങൾ ആദ്യത്തെ 68,000 യുഎസ് ഡോളർ നൽകിക്കഴിഞ്ഞപ്പോൾ, ഞാൻ സ്വയം പറഞ്ഞു - പിന്നോട്ട് പോകാനില്ല. ഇനി മലയും ഞാനും മാത്രം.

സഫ്രീന ലത്തീഫ്

"2025 ജനുവരി ആയപ്പോഴേക്കും തയ്യാറെടുപ്പുകൾ കൂടുതൽ കർശനമായി. ഭർത്താവിന് പരിക്കേറ്റതിനാൽ, സഫ്രീന ദോഹയിലെ ഒരു പ്രത്യേക പരിശീലകന്റെ കീഴിൽ തനിച്ച് പരിശീലനം ആരംഭിച്ചു. "ഞാൻ എന്റെ പരിശീലകനോട്, 'എനിക്ക് മസിലുകൾ വേണ്ട!' എന്ന് പറയുമായിരുന്നു. ഇപ്പോൾ എനിക്കറിയാം - ആ മസിലുകൾ എന്റെ ജീവൻ രക്ഷിച്ചു.

"ജീവിതത്തിലെ ആ കയറ്റം ഏപ്രിൽ 12-ന് ആരംഭിച്ചു. അന്ന് സഫ്രീന എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു. ഏപ്രിൽ 28-ഓടെ, ക്യാമ്പ് 1-ലേക്കുള്ള യാത്ര ആരംഭിച്ചു - മഞ്ഞുമൂടിയ ദുർഘടമായ പാതയിലൂടെ 16 മണിക്കൂർ ഇഴഞ്ഞുനീങ്ങൽ. ഓരോ കയറ്റവും കഠിനമായിരുന്നു: ക്യാമ്പ് 1 മുതൽ ക്യാമ്പ് 2 വരെ, ക്യാമ്പ് 3-ൽ ഒരു ഇടവേള, ശരീരം പതുക്കെ ക്രൂരമായ താപനിലയോടും അന്തരീക്ഷത്തോടും പൊരുത്തപ്പെട്ടു. എന്നാൽ യഥാർത്ഥ പരീക്ഷണം അപ്പോഴും മുന്നിലായിരുന്നു. മെയ് 14-ന്, കൊടുമുടിയിലേക്ക് കയറാൻ കാലാവസ്ഥാ നോക്കിയപ്പോൾ , സംശയങ്ങൾ ഉടലെടുത്തു. "ഞാൻ എന്റെ ഭർത്താവിനെ വിളിച്ച് ഞാൻ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു - ഇതാണ് ഞങ്ങളുടെ സ്വപ്നം." "ഞാൻ മുന്നോട്ട് പോയി", അവർ പറഞ്ഞു.

ക്യാമ്പ് 3-ൽ 7,100 മീറ്റർ ഉയരത്തിൽ, ഓക്സിജൻ അത്യാവശ്യമായി. മരണ മേഖല എന്നറിയപ്പെടുന്ന ക്യാമ്പ് 4-ലേക്കുള്ള കയറ്റം ഒരിക്കലും മറക്കാനാവില്ല. "രണ്ട് ദിവസം മുമ്പ് മരിച്ച ഒരു ഫിലിപ്പിനോ പർവതാരോഹകന്റെ മൃതദേഹവും മറ്റ് നിരവധി മൃതദേഹങ്ങളും ഞാൻ കണ്ടു. എന്റെ ഹൃദയമിടിപ്പ് ഉയർന്നു. ഞാൻ ഭയന്നു. പക്ഷേ എന്റെ ഗൈഡ് എന്നെ മുന്നോട്ട് നയിച്ചു. മെയ് 17-ന് രാത്രി എട്ട് മണിക്ക്, ഗൈഡിനൊപ്പം അവസാന ലാപ്പിലേക്ക് കയറ്റം ആരംഭിച്ചു. പാതയിൽ തിരക്ക് അനുഭവപ്പെട്ടു, തണുപ്പ് അസ്ഥിയെ മരവിപ്പിച്ചു, മഞ്ഞുവീഴ്ച ഇഴഞ്ഞു കയറാൻ തുടങ്ങി.

എന്നിട്ടും, മെയ് 18-ന് നേപ്പാൾ സമയം രാവിലെ 10:25 ന്, സഫ്രീന ലോകത്തിന് മുകളിൽ നിന്നു." ഞാൻ ഇന്ത്യയുടെയും ഖത്തറിന്റെയും പതാകകൾ ഉയർത്തി 45 മിനിറ്റ് ഞാൻ അവിടെ തങ്ങി, മറ്റാരേക്കാളും കൂടുതൽ. ആ നിമിഷം ഞാൻ ആഗ്രഹിച്ചു. സ്വന്തം കണ്ണുകൊണ്ട് എവറസ്റ്റ് വ്യക്തമായി കാണാൻ വേണ്ടി ഞാൻ എന്റെ കണ്ണട ഊരിമാറ്റി." പക്ഷേ ആ നിമിഷത്തിന് ഞാൻ വലിയ വില നൽകേണ്ടിവന്നു. "എനിക്ക് സ്നോ ബ്ലൈൻഡ്‌നെസ്സ് ബാധിച്ചു. എനിക്ക് കാണാൻ കഴിഞ്ഞില്ല. ഇറക്കം പേടിസ്വപ്നമായി മാറി." പിന്നീട് ഗൈഡ് ഒരു കയർ കെട്ടി ഇരുട്ടിലേക്ക് നയിച്ചു. ശരീരം വേദനിച്ചു. കൈകൾ വീർത്തു. കണ്ണുകൾ നീറി. പത്ത് മണിക്കൂർ കഴിഞ്ഞ് ക്യാമ്പ് നാലിൽ എത്തി.

"എന്റെ മൃതദേഹം തിരികെ കൊണ്ടുവരാൻ എന്റെ ഭർത്താവ് 50,000 ഡോളർ ചെലവഴിക്കരുതെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് ഇത് അതിജീവിക്കണം." . കാഠ്മണ്ഡുവിലേക്ക് ഹെലികോപ്റ്ററിൽ എത്തിയ ശേഷം, അമിതമായ തണുപ്പ് കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്നത്തിനും കാഴ്ചയ്ക്ക് നേരിട്ട പ്രശ്നത്തിനും സഫ്രീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആശുപത്രി കിടക്കയിൽ നിന്ന് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് സംസാരിക്കുമ്പോൾ അവർ പറഞ്ഞു, "പോകുന്നതിനുമുമ്പ് ഞാൻ എന്റെ ഭർത്താവിനോടും മകളോടും വിടചോദിച്ചിരുന്നു. അപകടസാധ്യതകൾ എനിക്കറിയാമായിരുന്നു. പക്ഷേ ഞാൻ തിരികെ വന്നു, ജീവനോടെ, എന്റെ മകൾക്കായി ഒരുപാട് കഥകളുമായി. . മകൾക്ക് പ്രചോദനമാകാൻ ഞാൻ ആഗ്രഹിക്കുന്നു."

"സഫ്രീനയുടെ വിജയഗാഥ ഇതുമാത്രമല്ല. സഫ്രിൻ - ബെസ്‌പോക്ക് ഷുഗർടെയിൽസ് എന്ന ബ്രാൻഡിന് കീഴിൽ, അവാർഡ് നേടിയ ഒരു കേക്ക് ആർട്ടിസ്റ്റാണ് അവർ. കോവിഡ്-19 മുൻനിര പ്രവർത്തകരെ ആദരിക്കുന്ന കേക്കിന് 2020 ലെ കേക്കോളജിയിൽ അവർ അംഗീകാരങ്ങൾ നേടി. എന്നാൽ എവറസ്റ്റ് കീഴടക്കിയത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ പാഠം പഠിപ്പിച്ചുവെന്ന് അവർ പറയുന്നു:

"ഈ യാത്ര എന്നും ഓർമ്മിക്കപ്പെടേണ്ടതും, വിലമതിക്കപ്പെടേണ്ടതും, ഒരിക്കലും ആവർത്തിക്കപ്പെടാത്തതുമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം ഒന്നാണ് എവറസ്റ്റ് ആരോഹണം. പക്ഷേ, മലകളോ? എന്റെ ഭർത്താവിനും മകൾക്കുമൊപ്പം എനിക്ക് ഇനിയും ആയിരക്കണക്കിന് കയറാനുണ്ട്."

"എവറസ്റ്റ് കീഴടക്കിയ ഒരു സ്ത്രീ മാത്രമല്ല ഞാൻ," "ഞാൻ ഒരു അമ്മയാണ്, ഒരു കലാകാരിയാണ്, ഒരു മുൻ ബാങ്കറാണ് - ഇപ്പോൾ, ഒരു പർവതാരോഹകയുമാണ്. നിങ്ങൾക്കും പലതും ആകാം. നിങ്ങളുടെ പർവ്വതം എവറസ്റ്റ് ആയിരിക്കില്ല, പക്ഷേ എന്തായാലും ആ ലക്ഷ്യത്തിലേക്ക് എത്തുക."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT