സച്ചിദാനന്ദന്‍ 
Kerala

'ഞാന്‍ പറഞ്ഞതിന്റെ ആഴമറിയൂ സൈബര്‍ കൂട്ടങ്ങളേ, മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കല്‍ അല്ല ജനാധിപത്യം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സച്ചിദാനന്ദന്‍

ഇന്നത്തെ കാലത്ത് മാര്‍ക്‌സിസത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക വഴി ഇതാണ്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിമര്‍ശകര്‍ക്ക് മറുപടിയുമായി കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍. താന്‍ പറഞ്ഞതിലെ ആഴം മനസിലാക്കാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും നടക്കുന്നത് വാക്കുകളുടെ കാളയുദ്ധമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മേല്‍പ്പത്തി വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്‌സിസത്തിന് ചേരില്ല. ശബ്ദമില്ലാത്തവരെ കേള്‍ക്കുന്നതാണ് ജനാധിപത്യമെന്നും ഇതാണ് മാര്‍ക്‌സിസസത്തിനു മുന്നോട്ടുള്ള വഴിയെന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ സച്ചിദാനന്ദനെതിരെ ഇടത് സൈബര്‍ പോരാളികള്‍ വ്യാപകമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് സച്ചിദാനന്ദന്റെ കുറിപ്പ്. 'സമകാലിക മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഷാക് റാന്‍സിയറെ കുറിച്ച് നിങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ടെന്നോ കേട്ടിട്ടുണ്ടെന്നോ എനിക്കറിയില്ല. ഫാസിസത്തിനും സര്‍വാധിപത്യത്തിനും എതിരായ ഒരു മരുന്നായി അദ്ദേഹം മുന്നോട്ട് വെക്കുന്ന 'സബ് ആള്‍ട്ടേണ്‍ ഡെമോക്രസി' (അടിത്തട്ടിലുള്ളവരുടെ ജനാധിപത്യം) എന്ന കാഴ്ചപ്പാട് എന്നെ എപ്പോഴും ആകര്‍ഷിക്കുന്നതും നയിക്കുന്നതുമാണ്. ആ ചിന്തകളാണ് താന്‍ പങ്കുവച്ചതെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നും കേള്‍ക്കാത്ത ശബ്ദങ്ങളെ കേള്‍പ്പിക്കുക എന്നുമാണ് റാന്‍സിയര്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്നത്. ഇന്നത്തെ കാലത്ത് മാര്‍ക്‌സിസത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക വഴി ഇതാണ്. പാവപ്പെട്ടവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി അവരെ ശാക്തീകരിക്കുന്നതിന് പകരം അവരെ അകറ്റുകയാണ് ചെയ്യുന്നതെന്നും മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കല്‍ അല്ല ജനാധിപത്യമെന്നും സച്ചിദാനന്ദന്‍ കുറിപ്പില്‍ പറയുന്നു.

'എന്നെ വിമര്‍ശിക്കുന്നവര്‍ എന്റെ കൃതികള്‍ വായിച്ചിട്ടില്ല എന്ന് മാത്രമല്ല, തൊഴിലാളികളുടെയും ആദിവാസികളുടെയുമെല്ലാം പോരാട്ടങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെന്നോ, അടിയന്തരാവസ്ഥക്കാലത്ത് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ടെന്നോ, 1985 മുതല്‍ ഫാസിസത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നോ അവര്‍ക്കറിയില്ല. ഡല്‍ഹിയിലെ കര്‍ഷകരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും പോരാട്ടങ്ങളില്‍ ഞാന്‍ പങ്കുചേര്‍ന്നിട്ടുണ്ട്, കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ സാഹിത്യ അക്കാദമിയില്‍ നിന്ന് രാജി വെച്ചു, വര്‍ഷങ്ങളായി ഫാസിസത്തിനെതിരെ ഉറച്ചുനിന്നു, ഇപ്പോഴും അത് തുടരുന്നു.

എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സ്ഥാനത്തിനോ പുരസ്‌കാരത്തിനോ അംഗീകാരത്തിനോ വേണ്ടി ഞാന്‍ ആരുടെയും മുന്നില്‍ കൈനീട്ടിയിട്ടില്ല. അര്‍ഹതയുള്ളതിനാല്‍ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളും ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അംഗീകാരങ്ങളും എനിക്ക് ലഭിച്ചു. അഞ്ച് സാഹിത്യ അക്കാദമി അവാര്‍ഡുകളും ഫെലോഷിപ്പും ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചതും എനിക്കാണ്. നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലുമാകാത്ത, ആത്മഹത്യാപരമായ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് വാക്കുകളുടെ കാളയുദ്ധം നടത്തുന്നവരോട് ഇതെല്ലാം പറയേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.'- സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Satchidanandan responds to critics following controversial remarks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റേറ്റിങ് കണക്കാക്കാന്‍ ലാന്‍ഡിങ് പേജ് പരിഗണിക്കില്ല, ടെലിവിഷന്‍ റേറ്റിങ് പരിഷ്‌കരിച്ചു

മുക്ക് പണ്ടം പണയം വെച്ച് ഒന്നരലക്ഷം തട്ടി, ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പ്രായം തടസമില്ല, ഇനി വൈഭവിന് ഏത് നിമിഷവും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാം

'മുജ്തബ സ്വവര്‍ഗാനുരാഗി'; സിഐഎ വിവരം നല്‍കിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

'ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി 7 കോടി വാങ്ങി'; കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും നിയമക്കുരുക്കിലേക്ക്; റിപ്പോര്‍ട്ട്

SCROLL FOR NEXT