തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം. അതേസമയം ഇടതുമുന്നണി നില മെച്ചപ്പെടുത്തി. സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍, 22 സിറ്റിങ് സീറ്റുമായിട്ടാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ യുഡിഎഫിന് മൂന്നു സീറ്റുകള്‍ നഷ്ടമായി. 19 സീറ്റുകളാണ് നേടാനായത്.
സിറ്റിങ്ങ് സീറ്റുകള്‍ പലതും യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. 19 സീറ്റുകള്‍ നേടിയ യുഡിഎഫ്, അതില്‍ 16 സീറ്റുകളാണ് നിലനിര്‍ത്തിയത്. മൂന്നു സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുത്തു. അതേസമയം, 15 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നില 18 ആയി മെച്ചപ്പെടുത്തി. 12 എണ്ണം നിലനിര്‍ത്തിയപ്പോള്‍, ആറു സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ വാര്‍ഡില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി വിജയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കക്ഷി നില ഇപ്രകാരമാണ്- യുഡിഎഫ് (22), എല്‍ഡിഎഫ് (15), മറ്റുള്ളവര്‍ (01) എന്നിങ്ങനെയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് (19), എല്‍ഡിഎഫ് (18), മറ്റുള്ളവര്‍ (01) എന്നിങ്ങനെയാണ് റിസള്‍ട്ട്. കോട്ടയം തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടി. 2140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ മഞ്ജു സുജിത്ത് വിജയിച്ചത്. വിനു ജോബ് എംഎല്‍എ വിജയിച്ച മണ്ഡലമാണ് ഇടതുമുന്നണി പിടിച്ചെടുത്തത്.
കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ദിപക് ജോയി എംഎൽഎയായതിനെത്തുടർന്ന് രാജിവെച്ച അയ്യപ്പന്‍കാവ് സീറ്റ് യുഡിഎഫ് നിലനിർത്തി. തിരുവനന്തപുരം കല്ലറ ഡിവിഷനില്‍ യുഡിഎഫിലെ അമി തിലക് 2993 വോട്ടിനു വിജയിച്ചു.
പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അട്ടിമറിയിലൂടെ എൽഡിഎഫ് വിജയിച്ചു. 24ാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ വി. തുളസീധരനാണ് ജയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 423 വീതം വോട്ട് വീതം നേടിയതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് വിജയിച്ചത്. സുമേഷ് അച്യുതൻ എംഎൽഎ ആയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates