പാലക്കാട്: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന. 'ഓപ്പറേഷൻ കളിക്കളം' എന്ന പേരിൽ സംസ്ഥാന വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ഒരേസമയമാണ് വിജിലൻസ് പരിശോധന നടത്തിയത്. കായികതാരങ്ങൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവെച്ചതടക്കം കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന ഗുരുതരമായ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധനക്കിറങ്ങിയത്. പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണ്.
കായികതാരങ്ങളുടെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, കായിക ഉപകരണങ്ങൾ വാങ്ങിയതിലെ തട്ടിപ്പ്, ഫണ്ട് വിനിയോഗത്തിലെ അഴിമതി എന്നിവയാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്. അർഹതയില്ലാത്ത കായികതാരങ്ങളെ മത്സരങ്ങളിൽ അനധികൃതമായി ഉൾപ്പെടുത്തുക, കായിക നേട്ടങ്ങൾക്കുള്ള മാർക്കിൽ തിരിമറി നടത്തുക, വ്യാജ മത്സരഫലങ്ങൾ ഉണ്ടാക്കുക, വിധികർത്താക്കളെയും ഒബ്സർവർമാരെയും വഴിവിട്ട് സ്വാധീനിക്കുക തുടങ്ങിയ വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കായിക മത്സരങ്ങളിൽ താരങ്ങളിൽനിന്ന് അമിതമായി രജിസ്ട്രേഷൻ ഫീസ് ഈടാക്കുകയും ഇതിന് കൃത്യമായ രേഖകളും രസീതുകളും സൂക്ഷിക്കാതിരിക്കുകയും ചെയ്തുവെന്ന പരാതികളും പരിശോധനാ വിധേയമാക്കുന്നുണ്ട്.
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്പോർട്സ് ഉപകരണങ്ങളുടെ പർച്ചേസിലും സ്റ്റോക്ക് സൂക്ഷിപ്പിലും വലിയ തിരിമറി നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക ടെൻഡർ നടപടികൾ പാലിക്കാതെ സാധനങ്ങൾ വാങ്ങിയോ, ആവശ്യമില്ലാത്ത വസ്തുക്കൾ വൻതോതിൽ വാങ്ങി ഗോഡൗണുകളിൽ തള്ളിയോ, ഉപകരണങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തോ എന്നതും സംഘം പരിശോധിക്കുന്നു. നേരത്തെ കായികതാരങ്ങൾക്ക് നൽകേണ്ട സ്പോർട്സ് കിറ്റുകളും ട്രാക്ക് സ്യൂട്ടുകളും വിതരണം ചെയ്യാതെ ഗോഡൗണുകളിൽ ഉപയോഗശൂന്യമായി കിടന്ന സംഭവം വലിയ വിവാദമായിരുന്നു. സ്പോർട്സ് കൗൺസിൽ അവാർഡുകൾക്കുള്ള ആളുകളെ തെരഞ്ഞെടുത്തതിലും വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും വിജിലൻസിനും നേരത്തെ പരാതികൾ ലഭിച്ചിരുന്നു.
ഇതിനിടെ പൈക്ക പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വലിയ ഫണ്ട് തിരിമറിയും സ്പോർട്സ് കൗൺസിലിനെ പ്രതിരോധത്തിലാക്കിയിരുന്നു. വിവരാവകാശ രേഖകൾ പ്രകാരം കേന്ദ്രത്തിൽനിന്ന് പദ്ധതിക്കായി കേരളത്തിന് അനുവദിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപ ചെലവഴിച്ചതായും ബാക്കി 11.91 കോടി രൂപയുടെ കണക്കുകളിൽ യാതൊരു വ്യക്തതയുമില്ലെന്നും വ്യക്തമായിരുന്നു. തുടർന്ന് കായികമന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, 10.42 കോടി രൂപ സ്പോർട്സ് കൗൺസിലിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി വകമാറ്റിയെന്നായിരുന്നു കായികവകുപ്പ് ഡയറക്ടറുടെ വിശദീകരണം. കണക്കുകളിലെ ഈ ഭീമമായ പൊരുത്തക്കേടുകളും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates