പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. യൂട്യൂബര്‍ രാജന്‍ ജോസഫിനെ താന്‍ ആക്രമിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലുണ്ടായിരുന്ന രാജന്‍ ജോസഫിനോട് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി പറഞ്ഞു.
ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ശ്രീനാദേവിയുടെ പരാതിയില്‍ ജൂലൈ 11ന് രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്.
'യുട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റു ചെയ്ത കാര്യം പൊലീസ് തന്നെ അറിയിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുക എന്ന നടപടിയുടെ ഭാഗമായാണ് സ്റ്റേഷനില്‍ ചെന്നത്. സ്റ്റേഷന് അകത്തേക്ക് കയറി. സെല്ലിന് അകത്തേക്ക് കയറിയിട്ടില്ല. എന്റെ അറിവില്‍ രാജന്‍ ജോസഫ് എന്നെക്കാള്‍ ഒരു 15-20 വയസ്സിന് പ്രായം കൂടുതലുള്ളയാളാണ്. സുഖമാണോ ചേട്ടാ എന്നു മാത്രമാണ് ചോദിച്ചത്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ല' ശ്രീനാദേവി പറഞ്ഞു.
പ്രതിയോട് ചിലപ്പോള്‍ സംസാരിച്ചു എന്നിരിക്കും. അങ്ങനെയല്ലേ സംസാരിച്ചത് തനിക്ക് തല്ലു കിട്ടിയിട്ടില്ല എന്ന് അയാള്‍ തന്നെ പരസ്യമായി സമ്മതിച്ച ഒരു വിഷയമാണ്. രാജന്‍ ജോസഫിന് തല്ലു കിട്ടിയില്ല എന്ന് രാജന്‍ ജോസഫ് പറയുന്നു, പക്ഷെ മനോജ് പറയുന്നു രാജന് തല്ലു കിട്ടിയെന്ന്. അപ്പോള്‍ ആദ്യം അവര്‍ തമ്മില്‍ ഒരു ഐക്യം ഉണ്ടാകട്ടെ. എന്നിട്ടല്ലേ പരസ്പരം സഹായിക്കാനായിട്ട് ഇറങ്ങിത്തിരിക്കേണ്ടത്. പൊലീസ് സ്റ്റേഷന് അകത്തു കയറി ഒരു ആക്രമണവും ഉണ്ടായിട്ടില്ല, പുറത്തും ആക്രമണം ഉണ്ടായിട്ടില്ല. സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും ഒരു പ്രതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിനാണ്. ഞങ്ങള്‍ ആരും അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ചെന്നതല്ല. സ്റ്റേഷന് അകത്തേക്ക് ആരും ആക്രമിച്ചു കയറിയിട്ടില്ല -ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന യുട്യൂബറായ രാജന്‍ ജോസഫിനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സിപിഎം നേതാക്കള്‍ അധഃപതിച്ചതായി ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി മനോജിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും തനിക്ക് പൊലീസില്‍നിന്ന് നീതി ലഭിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ശ്രീനാദേവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്രീനാദേവിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ യുട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു അക്രമസംഭവമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates