സുരേഷ് ​ഗോപി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ( Suresh Gopi ) 
Kerala

'ഇത്രത്തോളം സഹായിച്ചതിന് നന്ദി'; വോട്ടുവിവാദത്തിനിടെ സുരേഷ് ഗോപി തൃശൂരില്‍; വന്‍ വരവേല്‍പ്പ്

കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലെത്തി. വന്ദേഭാരത് എക്‌സ്പ്രസില്‍ രാവിലെ 9.30 ഓടെയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് സുരേഷ് ഗോപിക്ക് നല്‍കിയത്. റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായിരുന്നില്ല.

കനത്ത പൊലീസ് സുരക്ഷാ സന്നാഹത്തോടെയാണ് സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് പോയത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ സുരേഷ് ഗോപി, ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാന്‍ പോയി. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. പ്രവര്‍ത്തകരുടെ ആരോഗ്യവിവരങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചറിഞ്ഞു.

ആശുപത്രിയിലെത്തിയപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. എന്നാല്‍ ചികിത്സയില്‍ കഴിഞ്ഞ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി, ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്നു മാത്രം പ്രതികരിച്ചു. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപി, സിപിഎം - കോൺ​ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച തൃശൂര്‍ ചേറൂരിലെ എംപി ഓഫീസിലെത്തി. മുന്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍, ജില്ലാ നേതാവ് ഹരി തുടങ്ങിയവര്‍ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി.

സുരേഷ് ഗോപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാര്‍ച്ചില്‍ സുരേഷ് ഗോപിയും പങ്കെടുത്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. ക്രമക്കോട് ആരോപണം പാര്‍ട്ടി തള്ളിയിരുന്നു.

Union Minister and MP Suresh Gopi arrives in Thrissur amid allegations of vote rigging

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT