sabarimala ഫയൽ
Kerala

സ്വര്‍ണപ്പാളികള്‍ വെറും ചെമ്പ് പാളികള്‍ മാത്രമെന്ന് മഹസറില്‍ വന്നത് എങ്ങനെ?; അന്വേഷണം തന്ത്രിയിലേക്കും അന്നത്തെ മേല്‍ശാന്തിയിലേക്കും

ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സൂചന

മനോജ് വിശ്വനാഥന്‍

കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സൂചന. സ്വര്‍ണം നഷ്ടപ്പെട്ടതില്‍ 2019 മെയ് 18 ലെ മഹസ്സറില്‍ ഒപ്പിട്ട തന്ത്രി കണ്ഠരര് രാജീവരര്, അന്നത്തെ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുള്‍പ്പെടെ എല്ലാവരുടെയും പങ്ക് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സ്വര്‍ണപ്പാളികള്‍ വെറും ചെമ്പ് പാളികള്‍ മാത്രമാണെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്.

'ശബരിമല ശ്രീകോവിലിലെ വാതില്‍ പാളികള്‍ മൂടുന്ന സ്വര്‍ണം പൂശിയ ചെമ്പ് പ്ലേറ്റുകള്‍ക്ക് സ്വര്‍ണം പൂശേണ്ടതുണ്ട്. കൂടാതെ ചെമ്പ് പാളികള്‍ മുമ്പ് സ്വര്‍ണം പൊതിഞ്ഞിരുന്നതായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വാതില്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. 2019 മാര്‍ച്ച് 6 ന് ദേവസ്വം കമ്മീഷണര്‍ തന്റെ കത്തില്‍ ചെമ്പ് പാളികള്‍ പോറ്റിക്ക് കൈമാറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകള്‍' എന്ന് വിശേഷിപ്പിച്ചതിന് വിരുദ്ധമായി, 'ചെമ്പ് തകിടുകള്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍ഫലമായി, ബോര്‍ഡ് തീരുമാനത്തിലും വാതില്‍ പാളികള്‍ 'ചെമ്പ് പാളികള്‍' എന്ന് പരാമര്‍ശിക്കപ്പെട്ടു'- ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഈ പൊരുത്തക്കേട് ഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ, ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ പ്രകടമാണ്. എല്ലാ വശങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ബോര്‍ഡിന്റെ തീരുമാനമനുസരിച്ച്, ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

2019 മെയ് 18 ലെ മഹസറില്‍ കണ്ഠരര് രാജീവരര്, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്ക് പുറമേ വാച്ചർ എസ് ജയകുമാർ, ഗാർഡ് പി ജെ രജീഷ്, അസിസ്റ്റൻ്റ് എൻജിനീയർ സുനിൽകുമാർ കെ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു, എച്ച് എ ആർ ശങ്കരനാരായണൻ, തട്ടാന്‍ വി എം കുമാർ, എൽഡിസി ആർ ബിജുമോൻ, എഇഒ ഡി ജയകുമാർ എന്നിവരും ഒപ്പിട്ടിട്ടുണ്ട്.

തന്ത്രി, മേല്‍ശാന്തി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് ടി ആസഫ് അലി പറഞ്ഞു. അനാവശ്യ നേട്ടമുണ്ടാക്കാനുള്ള വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ അവര്‍ പാളികളുടെ വിവരണത്തില്‍ മാറ്റം വരുത്തിയെന്നും ആസഫ് അലി ആരോപിച്ചു. മോഷണം, ക്രിമിനല്‍ വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ ചുമത്തപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

Thantri and melshanthi to face probe in Sabarimala gold plating row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT