വീണാ ജോര്‍ജ്, ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് മരുന്നു പ്രതിസന്ധിയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കാന്‍ കെഎംഎസ്‌സിഎല്‍നോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്‌ട്രേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ട്രേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനയ്ക്കുമായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

തുടര്‍ച്ചയായി ആരോഗ്യ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, വകുപ്പ് തലവന്മാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിശദമായ അവലോകന യോഗങ്ങള്‍ നടത്തി. ജില്ലകളില്‍ ഡെപ്യുട്ടി ഡിഎംഒ മാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. മെഡിക്കല്‍ കോളജുകളില്‍ ആര്‍എംഒമാരെ ചുമതലപ്പെടുത്തി. മരുന്നുകള്‍ ഉപയോഗിക്കാത്തിരുന്നിടത്ത് നിന്ന് ആവശ്യമുള്ളിടത്തേയ്ക്ക് എത്തിക്കുന്നുവെന്നും വാര്‍ഷിക ഇന്‍ഡന്റിനേക്കാള്‍ ആവശ്യമെങ്കില്‍ അധികമായി ഉപഭോഗം ഉണ്ടായ ഇടങ്ങളില്‍ മരുന്നുകള്‍ അഡീഷണല്‍ ഇന്‍ഡന്റിലൂടെ ടെണ്ടര്‍ വിലയ്ക്ക് തന്നെ വാങ്ങി ലഭ്യമാക്കുന്നുവെന്നും ഉറപ്പാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 69 കോടി രൂപ ആശുപത്രികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മരുന്നുകളുടെ ഉപഭോഗത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായി. ഇന്‍ഡന്റിലും ഈ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിക്കപ്പെട്ടു. ഈ സാചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തി മാസങ്ങള്‍ക്ക് മുമ്പുതന്നെ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തി.

സാധാരണ ഗതിയില്‍ ഓരോ വര്‍ഷത്തെയും ടെണ്ടര്‍ ക്വാണ്ടിറ്റിയുടെ അവസാനത്തെ ഷെഡ്യൂള്‍ ആ സാമ്പത്തിക വര്‍ഷം കഴിഞ്ഞ് ഏകദേശം ഓഗസ്റ്റ് മാസം വരെയുള്ള ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. ഈ സാമ്പത്തിക വര്‍ഷത്തെ മരുന്ന് സംഭരണ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത് 2021 ഒക്‌ടോബര്‍ മാസത്തിലാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ 2020-21 വര്‍ഷത്തിലും 2021-22 വര്‍ഷത്തിലും ഡിസംബര്‍ മാസത്തിലാണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള മരുന്ന് വിതരണ നടപടികള്‍ ആണ് ഈ വര്‍ഷം നടക്കുന്നത്. ഈ വര്‍ഷത്തെ ടെണ്ടറിന്റെ പര്‍ചേസ് ഓര്‍ഡറുകള്‍ നല്‍കുകയും, ആദ്യ ഷെഡ്യൂല്‍ അനുസരിച്ചുള്ള മരുന്ന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ഇതിന്റെ ഫലമായി IDRV / ARS എന്നിവയുടെ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഈ വാക്‌സിനുകളുടെ അധിക ഇന്‍ഡന്റ് ശേഖരിച്ച് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഡന്റിനേക്കാള്‍ അധിക ഉപഭോഗം ഉണ്ടായ മരുന്നുകള്‍ സംഭരണശാലകളില്‍ നിന്ന് വിതരണം നടത്തിവരുന്നുണ്ട്.

വരും വര്‍ഷങ്ങളില്‍ മരുന്ന് സംഭരണ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി വാര്‍ഷിക ഇന്‍ഡന്റ് തയ്യാറാക്കുന്നത് മുതല്‍ മരുന്നകള്‍ വിതരണം ചെയ്യുന്നത് വരെയുള്ള പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സംഭരണ വിതരണങ്ങളുടെ സമയം നിജപ്പെടുത്തുന്ന കലണ്ടര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2023-24) മരുന്ന് സംഭരണ നടപടികള്‍ ആരംഭിക്കും. മരുന്നുകള്‍ പൂര്‍ണ്ണമായി തീര്‍ന്നിട്ട് അടുത്ത ഷെഡ്യൂല്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കി, ലഭ്യമായ മരുന്നിന്റെ ഒരു നിശ്ചിത ശതമാനം ഉപയോഗിച്ച് തീരുമ്പോള്‍ തന്നെ കെ.എം.എസ്.സി.എല്‍നെ ഇക്കാര്യം ആശുപത്രികള്‍ അറിയിക്കുന്ന രീതിയും സ്വീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 'സസ്‌പെന്‍ഷന്‍'! ഞെട്ടി ഫുട്‌ബോള്‍ ലോകം!!!

'ഡല്‍ഹിയില്‍ സമരം തുടരും'; അഭിജീത് ദീപ്‌കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി നേതാക്കള്‍

​Jantar Mantar Protest: ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ​ഗുരുവായൂർ ദൊരൈ അന്തരിച്ചു