കൊച്ചി: അദാനിയും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എം.എസ്.സി)യും തമ്മിലുള്ള ഓഹരി കൈമാറ്റത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. ജോസ് പോള്‍. അദാനിയും എം.എസ്.സിയും തമ്മിൽ ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത് കേവലം വാണിജ്യപരമായ പ്രാഥമിക ധാരണ മാത്രമാണ്. ഈ കരാർ പ്രകാരം 49% ഓഹരികൾക്കായി എം.എസ്.സി ഏകദേശം 13,000 കോടി രൂപയാണ് വിഴിഞ്ഞത്ത് നിക്ഷേപിക്കുക. ഇത്തരം ഒരു ഔദ്യോഗിക വാണിജ്യ രേഖ തയ്യാറാക്കിയതിന് ശേഷം മാത്രമേ സർക്കാരിന്റെയും മറ്റ് റെഗുലേറ്ററി അതോറിറ്റികളുടെയും അനുമതിക്കായി അപേക്ഷിക്കാൻ സാധിക്കൂ. അദാനി പോര്‍ട്ട്‌സ് ഇതിനകം തന്നെ കേരള സര്‍ക്കാരിനോട് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. നടപടിക്രമത്തിലുള്ള ഒരു പ്രശ്‌നം മാത്രമാണ് അല്ലാതെ നിയമലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും വലിയൊരു ആഗോള ഇടപാടിന്റെ ചർച്ചകൾ പൂർത്തിയാകാൻ മാസങ്ങൾ എടുക്കും. ചർച്ചകൾ പൂർത്തിയായി കരാർ ഒരു ഔദ്യോഗിക ഘട്ടത്തിൽ എത്തിയപ്പോഴാണ് അന്തിമ അനുമതിക്കായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.
കേരള സര്‍ക്കാര്‍ ഏകദേശം 5,500 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ അദാനി 2,500 കോടിയോളമാണ് നിക്ഷേപിച്ചത്. തുറമുഖങ്ങള്‍ എന്നത് ദീര്‍ഘകാല അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളാണ്. തുടക്കത്തില്‍ സാമ്പത്തിക ലാഭം കുറവായി തോന്നാമെങ്കിലും വിപുലമായ സാമ്പത്തിക നേട്ടങ്ങള്‍ വളരെ വലുതാണ്. തുടക്കത്തില്‍ ഈ പദ്ധതിയോട് ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. രണ്ടുതവണ ടെന്‍ഡര്‍ വിളിക്കേണ്ടി വന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഗൗതം അദാനിയെ നേരിട്ട് പ്രേരിപ്പിച്ചാണ് ഇത് ഏറ്റെടുപ്പിച്ചത്. മനസില്ലാ മനസോടെയാണ് അദാനി നിക്ഷേപം നടത്തിയത്. തുടക്ക വര്‍ഷങ്ങളിലെ നഷ്ടം സഹിക്കാനുള്ള സാമ്പത്തിക ശേഷിയുള്ളതിനാലാണ് അദാനി ഈ റിസ്‌ക് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്, എന്നാല്‍ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നത് മറ്റൊരു കമ്പനിയാണ്. ടെര്‍മിനല്‍ നടത്തുന്ന കമ്പനിയുടെ 49% ഓഹരിയാണ് എം.എസ്.സി വാങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ നിക്ഷേപം നടത്തിയത്. അദാനി നിക്ഷേപം നടത്തിയത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ക്കാണ്. രണ്ട് നിക്ഷേപങ്ങളും വ്യത്യസ്തമാണ്.
വിഴിഞ്ഞത്ത് എം.എസ്.സിക്ക് മാത്രമായി പ്രത്യേക ടെർമിനൽ ലഭിക്കാൻ സാധ്യതയില്ല. അദാനി പോർട്ട്സ് വികസിപ്പിക്കുന്ന പുതിയ ബെർത്തുകൾ കോമൺ യൂസർ ഫെസിലിറ്റി അഥവാ എല്ലാ കമ്പനികൾക്കും പൊതുവായി ഉപയോഗിക്കാവുന്ന രീതിയിൽ തന്നെയായിരിക്കും നിലനിൽക്കുക. മറ്റ് അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകൾക്കും ഇവ യാതൊരു തടസ്സവുമില്ലാതെ ഉപയോഗിക്കാം. വൻതോതിൽ നിക്ഷേപം നടത്തുന്നതിനാൽ എംഎസ്സി കമ്പനിയുടെ കപ്പലുകൾക്ക് പ്രവർത്തനപരമായ ചില മുൻഗണനകൾ ലഭിച്ചേക്കാമെങ്കിലും തുറമുഖത്ത് അവർക്ക് മാത്രമായി 'കുത്തകാവകാശം' ഉണ്ടാകില്ല.
മലേഷ്യയിലെ തഞ്ചുങ് പെലെപാസ്'തുറമുഖത്ത് പ്രമുഖ ഷിപ്പിംഗ് കമ്പനിയായ മേർസ്ക് ഓഹരി പങ്കാളിത്തം വഹിക്കുന്നുണ്ടെങ്കിലും ലോകത്തിലെ എല്ലാ ഷിപ്പിംഗ് ലൈനുകളുടെയും കപ്പലുകൾ അവിടെ യാതൊരു വിവേചനവുമില്ലാതെയാണ് സർവീസ് നടത്തുന്നത്. സമാനമായ ഒരു ഓപ്പൺ മാതൃകയായിരിക്കും വിഴിഞ്ഞത്തും തുടരുക.
വിഴിഞ്ഞം തുറമുഖത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മികച്ച സാമ്പത്തിക നേട്ടമാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവർത്തനമാരംഭിച്ച് ആദ്യ 18 മാസത്തിനുള്ളിൽ തന്നെ ഏകദേശം 600 കോടി രൂപയുടെ വരുമാനം നേടാനും 20 ലക്ഷം (2 മില്യൺ) ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും വിഴിഞ്ഞത്തിന് കഴിഞ്ഞിട്ടുണ്ട്. തുറമുഖത്തിന്റെ ശേഷി 57 ലക്ഷം ടിഇയുവിലേക്ക് ഉയരുമ്പോൾ വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. ലോകമെമ്പാടും എംഎസ്‌സി നടത്തുന്ന 40 ടെർമിനലുകളെ അപേക്ഷിച്ച് വിഴിഞ്ഞത്ത് പ്രവർത്തനച്ചെലവ് വളരെ കുറവായതിനാൽ ഇതൊരു ലാഭകരമായ നിക്ഷേപമായി കമ്പനി വിലയിരുത്തുന്നുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി മുന്‍ കൈ എടുത്തില്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം പദ്ധതി ഇന്നും പേപ്പറില്‍ ഒതുങ്ങുമായിരുന്നു. അതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. ടെന്‍ഡര്‍ വിളിച്ചിട്ട് ആരും വരാതിരുന്ന സമയത്ത് ഗൗതം അദാനിയെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത് രാഷ്ട്രീയപരമായി അദ്ദേഹമെടുത്ത റിസ്‌ക് തന്നെയാണ്. അതിന് അദ്ദേഹം വലിയ അഴിമതി ആരോപണങ്ങളും നേരിട്ടു.
പിന്നീട് വന്ന സര്‍ക്കാരുകളും വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ഔദ്യോഗികമായി അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ല. പക്ഷേ, കരണ്‍ അദാനി അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. അതാണ് നമ്മുടെ രാഷ്ട്രീയം. ഒരാള്‍ രാഷ്ട്രീയമായി എതിര്‍ചേരിയിലാകുമ്പോള്‍ നമ്മള്‍ അയാളെ ശത്രുവായി കാണുന്നു. എന്നാല്‍ അദ്ദേഹം നാടിനും സംസ്ഥാനത്തിനും വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നന്ദിയോടെ സ്മരിക്കേണ്ടതല്ലേ? കേരളത്തില്‍ ഞാന്‍ കാണുന്ന നിര്‍ഭാഗ്യകരമായ ഒരു കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ സമുദ്രമേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പോർട്ട് അഡ്മിനിസ്ട്രേറ്ററാണ് ജോസ് പോൾ. എറണാകുളം ജില്ലയിലെ ഞാറക്കലിൽ ജനിച്ച അദ്ദേഹം കൊച്ചിൻ പോർട്ടിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് നവി മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ടിന്റെ ആക്ടിംഗ് ചെയർമാനായും പിന്നീട് മോർമുഗാവോ പോർട്ടിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates