കൊച്ചി : ഹൈബി ഈഡന്‍ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും, വീട്ടുവളപ്പില്‍ കടന്ന് അക്രമം നടത്തുകയും ചെയ്തയാള്‍ പിടിയില്‍. തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് (43) അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം. വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്ന് സാധനസാമഗ്രികള്‍ ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു.
താന്‍ എംപിയുടെ വസതിയില്‍ അതിക്രമം നടത്തിയെന്നും കാര്‍ കത്തിക്കാന്‍ പോവുകയാണെന്നും പ്രതി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്‌സാപ് നമ്പറുകളിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഫോണില്‍ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ 3 മണിയോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ടതായി ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ പറഞ്ഞു.
രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികള്‍ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകര്‍ത്തതു കണ്ടത്. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികള്‍ക്ക് ഇടയില്‍നിന്നു മുന്നിലെ സിസിടിവി ക്യാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ സെല്‍ഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും, അക്രമവിവരം പൊലീസില്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡിങ്ങും ഹൈബിക്കും ഭാര്യയ്ക്കും വാട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു.
ഹൈബി ഈഡന്റെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അലക്‌സ്. വീടിന്റെ ജപ്തി നടപടികള്‍ ഹൈബി ഇടപെട്ടു തടയണം എന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു. എന്നാല്‍, ബാങ്ക് നടപടികളില്‍ സാധ്യമാകുന്ന തരത്തില്‍ ഇടപെട്ടിരുന്നുവെന്നും, പൂര്‍ണമായും ലോണ്‍ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാനാവില്ലെന്നും ഹൈബി അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates