Umar Faizi Controversy, Samastha Seeks Explanation from League Backed Leaders. file
Kerala

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

ഉമർ ഫൈസിക്കെതിരെ ലീഗ് അനുകൂല വിഭാഗം നൽകിയ പരാതി അടുത്തിടെ കോഴിക്കോട്ട് ചേർന്ന മുശാവറ യോഗം പരിഗണിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ മുശാവറയിൽ പരാതി നൽകിയ ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ഉമർ ഫൈസിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ഇകഴ്ത്തിയെന്നും സമസ്ത നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.

എം.സി. മായിൻ ഹാജി, സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഷാഫി ഹാജി, റഹ്മാൻ ഫൈസി, സലീം എടക്കര തുടങ്ങിയവർക്കാണ് സെപ്റ്റംബർ 28നകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മായിൻ ഹാജി ഉൾപ്പെടെയുള്ള ചിലർ ഇതിനകം മറുപടി നൽകിയതായാണ് വിവരം.

ഉമർ ഫൈസിക്കെതിരെ ലീഗ് അനുകൂല വിഭാഗം നൽകിയ പരാതി അടുത്തിടെ കോഴിക്കോട്ട് ചേർന്ന മുശാവറ യോഗം പരിഗണിച്ചിരുന്നു. പരാതിയിൽ ഉമർ ഫൈസിയോട് നേരത്തെ തന്നെ വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിനെതിരെ പരാതിക്കാർ നടത്തിയ പരാമർശങ്ങളിലും വിശദീകരണം തേടണമെന്ന തീരുമാനമാണ് ഇപ്പോൾ നടപ്പാക്കിയത്.

ഉമർ ഫൈസിക്കെതിരെ നടപടി സ്വീകരിക്കുന്നുവെങ്കിൽ പരാതിക്കാരായവർക്കെതിരെയും നടപടി വേണമെന്ന ആവശ്യം ലീഗ് വിരുദ്ധ വിഭാഗം മുശാവറയിൽ ഉന്നയിച്ചതോടെയാണ് ഇരുവിഭാഗത്തോടും വിശദീകരണം തേടാനുള്ള തീരുമാനമുണ്ടായത്. എന്നാൽ പരാതിക്കാരോട് കൂടി വിശദീകരണം തേടാനുള്ള തീരുമാനത്തോട് ലീഗ് അനുകൂല വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്.

മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച സെമിനാറിൽ ഉമർ ഫൈസി നടത്തിയ പ്രസംഗമാണ് തർക്കത്തിന് തുടക്കമിട്ടത്. മുസ്ലിം ലീഗ് കൂടി ഭാഗമായ യുഡിഎഫ് സർക്കാർ വഖഫ് ബോർഡിലേക്ക് മുസ്ലിം ഇതര വിഭാഗക്കാരെയും ആർഎസ്എസ് അനുഭാവികളെയും ഉൾപ്പെടുത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു ഉമർ ഫൈസിയുടെ ആരോപണം.

ഇതിനെതിരെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും മറുപടി സെമിനാർ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമസ്ത നേതൃത്വം ഇടപെട്ടതിനെ തുടർന്ന് സെമിനാർ പിന്നീട് മാറ്റിവെച്ചെങ്കിലും ഉമർ ഫൈസിക്കെതിരെ മുശാവറയിൽ പരാതി നൽകുകയായിരുന്നു.

സമസ്തയുടെ ഔദ്യോഗിക ഭാരവാഹിയെന്ന നിലയിലല്ല ഉമർ ഫൈസിക്കെതിരായ വിമർശനം നടത്തിയതെന്നാണ് പരാതിക്കാരുടെ നിലപാട്. സിപിഎമ്മുമായി സഹകരിച്ച് മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അദ്ദേഹം ഇടപെട്ടുവെന്നാണ് ഇവരുടെ ആരോപണം. കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായാൽ ശക്തമായി പ്രതികരിക്കാനും വിഭാഗം തീരുമാനിച്ചതായാണ് വിവരം.

"സമസ്തയുടെ തീരുമാനപ്രകാരമാണ് എനിക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ നൽകിയ പരാതിയിൽ ഉമർ ഫൈസിക്കെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സമസ്തയുടെ ആവശ്യപ്രകാരമാണ് മലപ്പുറത്ത് നടത്താനിരുന്ന വഖഫ് സെമിനാർ മാറ്റിവെച്ചത്. ഉമർ ഫൈസിക്കെതിരെ കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ സെമിനാർ നടത്തും," മായിൻ ഹാജി പറഞ്ഞു.

Umar Faizi Controversy, Samastha Seeks Explanation from League Backed Leaders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12

ഹൈ ജംപിലും വെള്ളിത്തിളക്കം! നേട്ടത്തിലേക്ക് ഉയർന്നത് സർവേശ് കുശാരെ