തിരുവനന്തപുരം: ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളില്‍ നിന്ന് ഉയരുന്ന ട്രോളുകള്‍ക്ക് പിന്നില്‍ സാംസ്‌കാരിക ശൂന്യതയും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മുന്‍പില്‍ പകച്ചുനില്‍ക്കാനല്ല, മറിച്ച് ശരിയായ ബോധം പകര്‍ന്നു നല്‍കി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളതെന്ന് വി ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് 'മോശമാണെന്ന്' കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ ഈ പാഠമൊന്ന് വായിക്കണം.. മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് നല്‍കുന്ന പാഠപുസ്തകത്തില്‍ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേര്‍ന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. 'ടോയ്‌ലറ്റ് ഞാന്‍ തന്നെ വൃത്തിയാക്കാം' എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം.
'അച്ഛന്‍ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും... ചൂല് പിണങ്ങില്ല' അതുപോലെ, ആര് കഴുകിയാലും 'പ്ലേറ്റ് പിണങ്ങില്ല' എന്ന വലിയ പാഠമാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വീട്ടുജോലികള്‍ക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികള്‍ പഠിച്ചു വളരുകയാണ്. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകര്‍ന്നു നല്‍കുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവര്‍, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കുന്നത് നന്നായിരിക്കും' - ശിവന്‍കുട്ടിയുടെ കുറിപ്പില്‍ പറയുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ലെന്നും ശിവന്‍കുട്ടി പറയുന്നു. 'ഡല്‍ഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്. ബേബി സഖാവിനെ അടുത്തറിയുന്നവര്‍ക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകല്‍, പാചകം, വീട് വൃത്തിയാക്കല്‍, കക്കൂസ് കഴുകല്‍ തുടങ്ങിയ ജോലികള്‍ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കില്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ എന്ന് ഒരു വിഭാഗത്താല്‍ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാര്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്നുള്ള പഴഞ്ചന്‍ ഫ്യൂഡല്‍ മാടമ്പിത്തരം ഉള്ളില്‍ പേറുന്നവര്‍ക്ക്, ഒരാള്‍ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോള്‍ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടര്‍ക്ക് ഇല്ലാതെ പോയി'- ശിവന്‍കുട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates