തിരുവനന്തപുരം: കേരളം പുതിയൊരു ഭരണമാറ്റത്തിന് സക്ഷ്യം വഹിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോൾ ചർച്ചയുമായാണ്. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ഉണ്ടായ വന്ദേമാതര ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ 'വന്ദേമാതരം' മുഴങ്ങുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ-ഭരണ വൃത്തങ്ങളിലെ പ്രധാന സംസാരവിഷയം
തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞയും വിവാദവും
കഴിഞ്ഞ മെയ് 10-ന് തമിഴ്‌നാട്ടിൽ നടൻ സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റ ചടങ്ങ് പരമ്പരാഗത ശൈലിക്ക് വിരുദ്ധമായി 'വന്ദേമാതരം' ആലപിച്ചുകൊണ്ടാണ് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ സർക്കാർ ചടങ്ങുകൾ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' പാടി ആരംഭിച്ച് ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാൽ വന്ദേമാതരം ഒന്നാമതായും, ദേശീയഗാനം രണ്ടാമതായും ആലപിച്ചപ്പോൾ സംസ്ഥാന ഗാനം മൂന്നാമതായി തള്ളിപ്പോയത് ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ കടുത്ത പ്രതിഷേധത്തിനും വിവാദങ്ങൾക്കും കാരണമായി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം രാജ്ഭവന്റെ (ഗവർണ്ണറുടെ ഓഫീസ്) ആവശ്യപ്രകാരമാണ് വന്ദേമാതരം ഉൾപ്പെടുത്തിയതെന്ന് പിന്നീട് തമിഴ്‌നാട് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചിരുന്നു. കേരള ഗവർണ്ണറായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നിലവിൽ തമിഴ്‌നാടിന്റെയും അധിക ചുമതല വഹിക്കുന്നത്. ചെന്നൈയിൽ വിജയ് സർക്കാരിന് സത്യവാചകം ചൊല്ലിക്കൊടുത്തത് അദ്ദേഹമായിരുന്നു. തമിഴ്‌നാട്ടിൽ വന്ദേമാതരത്തെച്ചൊല്ലിയുള്ള ഈ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച അതേ ഗവർണ്ണർ തന്നെയാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിഡി സതീശൻ സർക്കാരിനും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് എന്നത് ചടങ്ങിന്റെ പ്രോട്ടോക്കോളിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ബംഗാളിൽ ഒഴിവാക്കപ്പെട്ട വന്ദേമാതരം
തമിഴ്‌നാട്ടിലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, മെയ് 9-ന് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സർക്കാർ അധികാരമേറ്റ ചടങ്ങിലെ കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നത നേതാക്കൾ പങ്കെടുത്ത ചടങ്ങായിരുന്നിട്ട് കൂടി അവിടെ വന്ദേമാതരം ആലപിച്ചതേയില്ല. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനത്തിൽ നടന്ന ആ ചടങ്ങിൽ ടാഗോറിന്റെ ചിത്രത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. എന്നിട്ടും വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിൽ വന്ദേമാതരം നിർബന്ധമാക്കിയപ്പോൾ ബംഗാളിൽ അത് ഒഴിവാക്കിയത് വിവാദമായിരുന്നു.
ദേശീയഗാനവും വന്ദേമാതരവും: പുതിയ നിയമങ്ങൾ
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. കൂടാതെ, ദേശീയഗാനത്തിന് (ജനഗണമന) നൽകുന്ന അതേ ബഹുമാനവും പദവിയും വന്ദേമാതരത്തിനും നൽകുന്ന രീതിയിൽ 'ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയൽ നിയമത്തിൽ' ഭേദഗതി വരുത്താനും കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. വന്ദേമാതരത്തെ അപമാനിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമാകും.
കേന്ദ്രത്തിന്റെ പുതിയ ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം ഗവർണ്ണറുടെ സാന്നിധ്യത്തിലുള്ള സംസ്ഥാന ചടങ്ങുകൾക്ക് കടുത്ത നിബന്ധനകളാണ് ഉള്ളത്. ഗവർണ്ണർ ഔദ്യോഗികമായി ചടങ്ങിലേക്ക് എത്തുമ്പോഴും ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം നിർബന്ധമായും ആലപിച്ചിരിക്കണം. ദേശീയഗാനം ആലപിക്കുമ്പോൾ പാലിക്കേണ്ട അതേ പ്രോട്ടോക്കോൾ വന്ദേമാതരത്തിനും ബാധകമായതിനാൽ, ഗാനം ആലപിക്കുന്ന സമയം മുഴുവൻ ചടങ്ങിൽ പങ്കെടുന്നവർ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ട്.
ഔദ്യോഗിക സെറിമോണിയൽ ബാന്റുകളാണ് ഗാനം അവതരിപ്പിക്കുന്നതെങ്കിൽ, അതിന് മുന്നോടിയായി ഏഴു ചുവടുകൾ വേഗത കുറച്ചു വെക്കുന്ന തരത്തിലുള്ള ഡ്രം റോൾ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനെല്ലാ പുറമെ, ഔദ്യോഗിക യോഗങ്ങളിൽ ഗാനങ്ങൾ ആലപിക്കുമ്പോൾ വന്ദേമാതരമായിരിക്കണം ഒന്നാമത് വരേണ്ടത് എന്നും, അതിന് ശേഷമേ ദേശീയഗാനം ആലപിക്കാൻ പാടുള്ളൂ എന്നും പ്രോട്ടോക്കോളിൽ വ്യക്തമാക്കുന്നു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിൽ നിന്നുള്ള വന്ദേമാതരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ഊർജ്ജമായിരുന്നു. തുടർന്ന് 1950 ജനുവരി 24-നാണ് ഭരണഘടനാ നിർമ്മാണ സഭ വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗീതമായി പ്രഖ്യാപിച്ചത്.
കേരളത്തിൽ എന്ത് സംഭവിക്കും?
കേരളത്തിലെ ഔദ്യോഗിക ഭരണ ചടങ്ങുകൾ സാധാരണയായി ദേശീയഗാനത്തോടെയാണ് ആരംഭിക്കാറുള്ളത്. എന്നാൽ കേന്ദ്രത്തിന്റെ ഈ പുതിയ പ്രോട്ടോക്കോളും, തമിഴ്‌നാട്ടിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സാന്നിധ്യത്തിൽ നടപ്പിലാക്കിയ അതേ മാതൃകയും മുൻനിർത്തി സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിക്കണമെന്ന് കേരള ലോക്‌ഭവൻ യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് മുന്നണിയുടെയും പുതിയ സർക്കാരിന്റെയും രാഷ്ട്രീയ നിലപാടുകൾ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, രാജ്ഭവന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദ്ദേശം വന്നാൽ ഉണ്ടാകാനിടയുള്ള പ്രതികരണങ്ങളെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ഔദ്യോഗിക ചടങ്ങ് വന്ദേമാതരത്തെച്ചൊല്ലിയുള്ള ഒരു പുതിയ രാഷ്ട്രീയ തർക്കത്തിന് വഴിവെക്കുമോ എന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates