തിരുവനന്തപുരം: തലസ്ഥാനത്തുനിന്നു മലബാർ മേഖലയിലേക്കുള്ള രാത്രി യാത്രയിൽ മാറ്റം വരുത്തി അമൃത, രാജ്യറാണി എക്സ്പ്രസ് വ്യാഴാഴ്ച മുതൽ രണ്ടായി സര്‍വീസ് നടത്താന്‍ പോകുന്നു. ഒരു ട്രെയിൻ തിരുവന്തപുരത്തുനിന്നു മധുരയിലേക്ക് അമൃത എക്സ്പ്രസായും രണ്ടാം ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്ക് രാജ്യറാണിയായും സർവീസ് നടത്തും. മലബാറിലേക്കുളള യാത്രക്കാരെ ഇത് വലയ്ക്കുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ട്രെയിൻ നമ്പർ 16343 അമൃത എക്സ്പ്രസ് രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്നും 16349 രാജ്യറാണി എക്സ്പ്രസ് 8.50നു കൊച്ചുവേളിയിൽ നിന്നുമാകും പുറപ്പെടുക. രാത്രി 8.40 നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് താൽക്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയിൽ നിന്നു യാത്ര പുറപ്പെടുന്നതിനാൽ എട്ടരയ്ക്കു ശേഷം തിരുവനന്തപുരത്ത് നിന്ന് മലബാർ മേഖലയിലേക്ക് മറ്റു ട്രെയിനുകളില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.
എട്ടരയ്ക്ക് പുറപ്പെടുന്ന അമൃത എക്സപ്രസ് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.15ന് മധുരയിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 3.15ന് മധുരയിൽനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. ഷൊർണൂർ ജംഗ്ഷൻ ഒഴിവാക്കിയാകും യാത്ര. കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.50ന് നിലമ്പൂരെത്തും. മടക്കയാത്ര രാത്രി 8.50ന് പുറപ്പെട്ട് രാവിലെ ആറിനു കൊച്ചുവേളിയിൽ എത്തും.
തൃശൂരിൽ പുലർച്ചെ 2.30-ന് എത്തുന്ന അമൃത എക്സപ്രസ് അടുത്ത സ്റ്റേഷനായ ഒറ്റപ്പാലത്ത് എത്തുന്നത് രണ്ടു മണിക്കൂർ 23 മിനിറ്റ് കഴിഞ്ഞ് 4.53-നാണ്. തൃശൂരിനും ഒറ്റപ്പാലത്തിനുമിടയിൽ രണ്ടു മണിക്കൂറോളം ട്രെയിൻ പിടിച്ചിടും. ഒറ്റപ്പാലത്തു നിന്ന് 25 മിനിറ്റുകൊണ്ട് എത്താവുന്ന പാലക്കാട് ജംഗ്ഷനിൽ ട്രെയിൻ എത്തുന്നത് ഒരു മണിക്കൂർ 15 മിനിറ്റ് കൊണ്ട്. ഇങ്ങനെ തൃശൂരിൽ നിന്ന് ആകെ മൂന്നു മണിക്കൂർ 40 മിനിറ്റ് സമയമെടുത്താണ് ട്രെയിൻ പാലക്കാട്ട് എത്തുന്നത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് ബസിൽ പോയാൽ ഇതിലും നേരത്തേ എത്തും.
രാജ്യറാണി എക്സ്പ്രസിന്റെ കാര്യത്തിലും സമാന സ്ഥിതിയാണ്. രാജ്യറാണി തൃശൂരിൽ എത്തുക പുലർച്ചെ 2.40ന്. തുടർന്ന് ഇടയ്ക്കുള്ള യാത്രയിൽ പിടിച്ചിട്ട ശേഷം 5.30ന് ആണ് ഷൊർണൂരിൽ എത്തുക. 25 മിനിറ്റ് മാത്രം വരുന്ന ദൂരം പിന്നിടാൻ രാജ്യറാണി രണ്ടു മണിക്കൂറിൽ കൂടുതൽ എടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates