തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് പ്രവേശന ബില്ലിൽ ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇന്നലെ രാത്രിയോടെയാണ് ബിൽ ഗവർണറുടെ അനുമതിയ്ക്ക് കൈമാറിയത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയാണ് ബിൽ ഗവർണറുടെ മുന്നിലെത്തുന്നത്. കണ്ണൂര്‍, കരുണ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട് എന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിയോജനക്കുറിപ്പ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണറുടെ തീരുമാനം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളവും സർക്കാരും.
ഈ വിഷയത്തിലെ ഓര്‍ഡിനന്‍സില്‍ രാജീവ് സദാനന്ദന്‍ തുടക്കത്തില്‍ വിയോജനക്കുറിപ്പെഴുതിയിരുന്നു. മികച്ച റാങ്കുള്ളവര്‍ക്കുമാത്രം പ്രവേശനം നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗവര്‍ണര്‍ക്ക് ബില്‍ അപ്പാടെ അംഗീകരിക്കുകയോ സര്‍ക്കാരിനോട് വിശദീകരണം തേടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാം. ഗവർണർ വിശദീകരണം ആരായുകയാണെങ്കില്‍ അതുസഹിതം ബില്‍ വീണ്ടും സമര്‍പ്പിക്കാനാണ് തീരുമാനം.
രണ്ടാമതും സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് പതിവ്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ പ്രവേശനം സാധുവാക്കുന്ന നിയമം പ്രാബല്യത്തിലാകും. അതേസമയം ഗവർണർ അംഗീകാരം നൽകിയാലും സുപ്രീംകോടതിക്ക് ബില്‍ അസാധുവാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാവും. ഇക്കാര്യം സർക്കാരിനെ അലട്ടുന്നുണ്ട്.
അതിനിടെ വിവാദ ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണുന്നുണ്ട്. തിരക്കിട്ട് ബിൽ പാസാക്കിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് ബിജെപി നേതാക്കൾ ഗവർണറെ അറിയിക്കും. ഒമ്പതാം തീയതി മുതൽ ഒരാഴ്ച ഗവർണ്ണർ ചികിത്സയ്ക്കായി ചെന്നൈക്ക് പോകും. അതിന് മുൻപ് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates