ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ചിത്രം പോയ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഉറങ്ങുന്ന ഫോട്ടോയെടുത്ത് സ്വയം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പബലിസിറ്റിക്ക് ശ്രമിച്ചുവെന്ന് കാണിച്ച് കണ്ണന്താനത്തിനെ ആളുകള്‍ പൊങ്കാലയിട്ട് വധിച്ചിരുന്നു. ഇപ്പോള്‍ കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുഖപത്രം 'ജന്മഭൂമി' രംഗത്തെത്തിയിരിക്കുകയാണ്.
കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നെന്നു പത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതിമിടുക്ക് അലോസരമാകും. ക്യാംപില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിനു കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയതു മിച്ചമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
'ഇക്കുറി മാവേലി വന്നില്ല' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്നുണ്ട്. യുഇഎ സഹായ വാഗ്ദാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍പ്പിടിച്ചാണു സിപിഎമ്മിനെയും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിമര്‍ശിക്കുന്നത്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. തല്ലിക്കൊല്ലാന്‍ ഇതില്‍പ്പരം ന്യായീകരണം വേണോ? എന്നും കോടിയേരിയുടെ ലേഖനത്തെ ചൂണ്ടിക്കാട്ടി പത്രം ചോദിക്കുന്നു.
ജന്മഭൂമിയുടെ മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
ഇക്കുറി മാവേലി വന്നില്ല
കൈമെയ് മറന്ന് കേരളത്തിനു ലഭിക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ ഇരുട്ടിന്റെ മറവില്‍ കട്ടുകടത്തുന്നു. വയനാട്ടില്‍ ഇതിന്റെ പേരില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. കള്ളപ്പിരിവ് വ്യാപകം. പാര്‍ട്ടിക്കാര്‍ക്കു ചോദിച്ച പിരിവു നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളും വീടുകളും അടിച്ചുതകര്‍ക്കുന്നു. ഇതെല്ലാം വിവരംകെട്ടവരുടെ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ എന്നു സമാധാനിക്കാം. എന്നാല്‍ ഭരണാധികാരികള്‍ തന്നെ നുണക്കഥകളുടെ പ്രചാരകരായാലോ?
ദുരിതനിവാരണത്തിനു യുഎഇ 700 കോടി നല്‍കാന്‍ നിശ്ചയിച്ചെന്ന് ആദ്യ പ്രഖ്യാപനം. അതു സ്വീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നു രണ്ടാമത്തെ പ്രഖ്യാപനം. പ്രകൃതിദുരന്തം നേരിടാന്‍ വിദേശരാജ്യങ്ങളില്‍നിന്നു പണം സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നു മറ്റൊരു വ്യഖ്യാനം. കാള പെറ്റു എന്നു കേട്ടപാടെ പ്രതിഷേധ പ്രളയം. കേന്ദ്രസര്‍ക്കാര്‍ പണം സ്വീകരിക്കാത്തത് യുഎഇ ഇസ്!ലാം രാജ്യമായതിനാലെന്നും പ്രചാരണം. പണം സ്വീകരിക്കുന്നതിനു തടസ്സമുണ്ടെങ്കില്‍ പ്രധാനമന്ത്രിയെ അടക്കം കണ്ടു തടസം നീക്കാന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുമ്പോഴാണു പാര്‍ട്ടി സെക്രട്ടറിയുടെ മറുവാക്ക്.
യുഎഇയുടെ 700 കോടി രൂപ സ്വീകരിക്കാതിരിക്കുന്നതിനു പിന്നില്‍ ആര്‍എസ്എസ് എന്നാണു കോടിയേരി ബാലകൃഷ്ണന്‍ തട്ടിമൂളിച്ചത്. ഇതു നാക്ക് പിഴവായിരുന്നില്ലെന്നാണു വെള്ളിയാഴ്ചത്തെ ദേശാഭിമാനിയിലെ കോടിയേരിയുടെ ലേഖനം വ്യക്തമാക്കുന്നത്. ഇതു കേട്ടാല്‍ എന്താണു തോന്നുക. സിപിഎമ്മിന്റെ ശൈലിയാണത്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. തല്ലിക്കൊല്ലാന്‍ ഇതില്‍പരം ന്യായീകരണം വേണോ? യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു സത്യം വെളിപ്പെടുത്തി. 'യുഎഇ കേരളത്തിലെ ദുരിതബാധിതര്‍ക്കായി ഏതെങ്കിലും ഒരു തുക വാഗ്ദാനം ചെയ്തില്ല. ദുരിതസഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടേയുള്ളൂ'. കേന്ദ്രസര്‍ക്കാരിനെ വളഞ്ഞിട്ടു തല്ലിക്കൊല്ലാനുള്ള വാശിയോടെ നടന്നവര്‍ക്ക് ഇനി എന്തുപറയാനുണ്ട്? രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുഴിച്ചുമൂടാന്‍ ദുരന്തമുഖത്തുപോലും അറച്ചുനിന്നില്ല. അവരില്‍നിന്നു മറിച്ചൊന്നും പ്രതിക്ഷിക്കേണ്ടതില്ല. എന്നാല്‍ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവു വേണ്ടേ?
കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിനു വേണം. അതു സ്വീകരിക്കുന്നതിനു തടസ്സങ്ങളുണ്ടെങ്കില്‍ അതു നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും. ക്യാംപില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മിച്ചം..
കേന്ദ്രം 500 കോടിയോ 50,000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മിക്കാനാണു പോകുന്നത്. അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുമ്പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ, വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്. മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ജി. സുധാകരനും കടകംപള്ളിയുമൊക്കെ അതു തിരിച്ചറിയുന്നു. മുഖ്യമന്ത്രിയോടുള്ള വിദ്വേഷം കൊണ്ടു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്, പ്രത്യേകിച്ചു കോടിയേരി ബാലകൃഷ്ണന്റെ കാടുകയറി വര്‍ത്തമാനം, നാടിനൊരു ഗുണവും ചെയ്യില്ല. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പും പോലെയായി 700 കോടിയുടെ കാര്യം. ഇത്തരം കോമാളി രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ മാവേലി എങ്ങനെ വരും?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates