കൊച്ചി: ജനങ്ങളുടെ പിന്തുണയിൽ സമാഹരിച്ച തുകയുമായെത്തി പ്രീത ഷാജി ഹൈകോടതി നിർദേശിച്ച പണം അടച്ചു. ലേലം റദ്ദാക്കി ഹൈകോടതി എച്ച്ഡിഎഫ്സി ബാങ്കിന് നൽകാൻ ആവശ്യപ്പെട്ട 43,51,362.85 രൂപയും ലേലം കൊണ്ടയാൾക്ക് നൽകാൻ പറഞ്ഞ 1,89,000 രൂപയും പലിശരഹിത വായ്പയായി ജനങ്ങൾ അഞ്ച് ദിവസംകൊണ്ട് സമാഹരിച്ച് നൽകിയ പണം ഉപയോഗിച്ച് ഡിമാൻഡ് ഡ്രാഫ്ടായി നൽകുകയായിരുന്നു.
കിടപ്പാടം തിരികെ കിട്ടാൻ സഹായം നൽകിയ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ നൽകിയ പണം ഉടൻ തിരികെ നൽകുമെന്നും ഇതൊരറിയിപ്പായി കണക്കാക്കി തുടർന്നാരും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കരുതെന്നും പ്രീത ഷാജിയും സമരസമിതി നേതൃത്വവും പ്രസ്താവനയിൽ അറിയിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്റ്റാൻഡിങ് കൗൺസിൽ (അഭിഭാഷകൻ) സൗഹാർദപൂർവം ഡി.ഡി വാങ്ങി. എന്നാൽ, പ്രീത ഷാജിയുടെ അഭിഭാഷകൻ നേരിട്ട് ഭൂമി ലേലംകൊണ്ട രതീഷ് നാരായണന്റെ അഭിഭാഷകന് കൈമാറിയ ഡിഡി കൈപ്പറ്റിയില്ല. തങ്ങൾ തുക കൈപ്പറ്റില്ലെന്നും കോടതിയിൽ കെട്ടിവച്ചാൽ മതിയെന്നുമായിരുന്നു അഭിഭാഷകന്റെ പ്രതികരണം.
വായ്പയെടുത്ത് തിരികെ അടക്കാതെ കേസ് അലക്ഷ്യമായി കൈകാര്യം ചെയ്ത സാജന്റെ കുടുംബം ഹൈകോടതി വിധിച്ച തുക വായ്പയെടുത്ത് നൽകാമെന്ന് സി.പി.എം ജില്ല നേതൃത്വത്തിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ഉറപ്പുതന്നിട്ടുണ്ടെന്നും ഇതിനായി പണം കണ്ടെത്താനുള്ള നടപടികൾ പൂർത്തീകരിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ഭാരവാഹികൾ അറിയിച്ചു.
പ്രീത ഷാജിയും കുടുംബവും ഇപ്പോഴും തെരുവിലാണ്. വില്ലേജ് ഓഫിസർക്ക് കൈമാറിയ താക്കോൽ കിട്ടുന്ന മുറക്ക് മാത്രമേ പുനഃപ്രവേശം സാധ്യമാവൂ. വില്ലേജ് ഓഫിസർക്ക് ഇതുസംബന്ധിച്ച രേഖകൾ കൈമാറി രസീത് വാങ്ങിയിട്ടുണ്ട്. ബാങ്കിനും റിയൽ-എസ്റ്റേറ്റ് സംഘങ്ങൾക്കും ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനും (ഡി.ആർ.ടി) എതിരെ നടന്ന സമരത്തെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ജനകീയ പ്രസ്ഥാനം നേതാവ് വിസി ജെന്നി പറഞ്ഞു
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates