കോട്ടയം : കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു ബംഗാള്‍ സ്വദേശി അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. വിലക്ക് ലംഘിച്ചു, ആളുകളെ വിളിച്ചുകൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ ഫോണ്‍ അടക്കം പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മറ്റുതൊഴിലാളികളോട് കൂട്ടമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്. പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പ്രതിഷേധിച്ച സംഭവത്തില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിഷേധത്തിന് മണിക്കൂറുകള്‍ മുന്‍പ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകള്‍ തൊഴിലാളികളുടെ ഇടയില്‍ പ്രചരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വാഹനങ്ങള്‍ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാല്‍ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം. ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാന്‍ കാരണം. 20 മിനിറ്റിനുള്ളിലാണ് പായിപ്പാട് 3000 ല്‍ ഏറെ തൊഴിലാളികള്‍ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി തിലോത്തമനും ഇന്നലെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പൊലീസ് റെയ്ഡ് നടത്തി. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളില്‍ പരിശോധന നടത്തി. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates