കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പത്തര ലക്ഷരൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍.എറണാകുളം സിവില്‍ സ്‌റ്റേഷനിലെ സെക്ഷന്‍ ഓഫീസറായിരുന്ന വിഷ്ണുപ്രസാദിനെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അന്‍വറും സഹായി മഹേഷും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ട്രഷറിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. അന്‍വറിന് കൈമാറാനായി അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അക്കൗണ്ടിലേക്ക് വിഷ്ണുപ്രസാദ് പണം നിഷേപിച്ചു എന്നാണ് കണ്ടെത്തിയത്. കളക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത് സ്ഥിരീകരിക്കുകയായിരുന്നു.
ജനുവരി 24 നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചിരുന്നു.
പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളില്‍ എങ്ങനെയാണ് അന്‍വറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതര്‍, ജില്ലാ കളക്ടടറെ കണ്ട് കാര്യം തിരക്കി. തുക അനധികൃതമായി അനുവദിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാന്‍ ബാങ്കിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു അന്‍വര്‍. ഇയാളെ പാര്‍ട്ടി പിന്നീട് സസ്‌പെന്റ് ചെയ്തു.
പ്രളയ സഹായത്തിന് താന്‍ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ഒന്നുമറിയാത്ത അന്‍വര്‍ എങ്ങനെ അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാന്‍ മാത്രം നിര്‍ദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates