കൊച്ചി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്ന് ഒരു മാസം ആയിട്ടും നഷ്ടപരിഹാരം കിട്ടാതെ കുടുംബം. കലൂര്‍ വൈലോപ്പിള്ളി റോഡില്‍ കോലാടി ബാബുവിന്റെ വീടാണ് ജനുവരി 19ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തകര്‍ന്നത്.
വെളുപ്പിന് 2.30ഓടെയാണ് വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിയത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. അടുക്കള ഭിത്തി അടര്‍ന്ന് അടുത്ത വീട്ടിലേക്ക് വീഴുകയും ചെയ്തു. വീടിനു സമീപമുള്ള മൂന്നുവീടുകളുടെ വാതിലുകളും ജനലുകളും വാട്ടര്‍ കണക്ഷന്റെ പൈപ്പുകളും ഭാഗികമായി തകര്‍ന്നു. ''വെളുപ്പിന് ബോംബ് പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത്, പിന്നീട് കാണുന്നത് അടുക്കളയില്‍ നിന്നുയരുന്ന തീയായിരുന്നു.
ഉടനെ തന്നെ ഫയര്‍ഫോഴ്‌സില്‍ വിളിച്ച് വിവരം അറിയിച്ചു'' ബാബുവിന്റെ ഭാര്യ ജെയ്‌സി പറഞ്ഞു. അവര്‍ എത്തിയാണ് തീ അണച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വീട്ടിലെ ജനലുകളും ടൈലുകളും പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനു കാരണമായി ഫയര്‍ഫോഴ്‌സ് പറയുന്നത്. എന്നാല്‍ മറ്റ് വൈദ്യുതി ഉപകരണങ്ങള്‍ക്കോ വയറിങ്ങിനോ കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ജെയ്‌സി പറഞ്ഞു.
ഫ്രിഡ്ജ് കമ്പനിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ബാബു പറഞ്ഞു. കമ്പനി അധികൃതര്‍ നാലു തവണയായി വന്ന് അന്വേഷണം നടത്തിയിരുന്നു. തകര്‍ന്ന ഫ്രിഡ്ജിന് പകരമായി മറ്റൊരു ഫ്രിഡ്ജ് നല്‍കാമെന്ന് മാത്രമാണ് കമ്പനി പറയുന്നതെന്ന് ബാബു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates