Kerala

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി; മൊഴിയിലെ വൈരുദ്ധ്യം വിനയായി; യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയത് ഭര്‍ത്താവ്; അറസ്റ്റ്

വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിനിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൈജോ അറസ്റ്റിലായി. ഓട്ടോറിക്ഷ ഡ്രൈവറായ സില്‍ജോ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയില്‍ ഉപേക്ഷിച്ചതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രമീളയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതിന് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. 

മൃതദേഹം കണ്ടെത്താന്‍ ചന്ദ്രഗിരിപ്പുഴയില്‍ വിപുലമായ തിരച്ചില്‍ നടത്തി. മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തിരച്ചിലിന് തടസമാകുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തിരച്ചിലും ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. 

സംഭവ ദിവസം രാത്രി വൈകി സില്‍ജോയുടെ ഓട്ടോറിക്ഷ തെക്കില്‍പാലത്തിന്റെ ഭാഗത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയെങ്കിലും സാധിച്ചില്ലെന്നും സില്‍ജോ മൊഴി നല്‍കിയിട്ടുണ്ട്. 

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സില്‍ജോ തന്നെ വിദ്യാനഗര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കാസര്‍കോട് കലക്ടറേറ്റിലെ താത്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതല്‍ കാണാതായി എന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സില്‍ജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഭര്‍ത്താവിനെ വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പാലത്തിന് സമീപം ചന്ദ്രഗിരിപ്പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയത്. ഫയര്‍ഫോഴ്‌സിന്റെയും, പൊലീസിന്റെയും, മുങ്ങല്‍ വിദഗ്ദ്ധരുടേയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍. നാട്ടുകാരും  പങ്കെടുത്തു.
ദേശീയപാത 66ന്റെ ഭാഗമായ തെക്കില്‍ പാലത്തില്‍ നിന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മൃതദേഹം എങ്ങിനെ പുഴയിലെറിഞ്ഞു എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. 

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സില്‍ജോയും, കൊല്ലം സ്വദേശിനിയായ പ്രമീളയും വര്‍ഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. സില്‍ജോയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന. സില്‍ജോയുടെ വനിതാ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും അവതരിപ്പിച്ച് ആപ്പിള്‍

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?

'പിണറായിയെ പൂട്ടാന്‍ ഇ ഡി വേറെ ജനിക്കണം!'