തിരുവനന്തപുരം : സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്നും സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്നുമുള്ള കെപിസിസിയുടെ വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കെപിസിസിയുടെ എതിര്‍പ്പ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ യോഗ്യരായവരുടെ പത്തംഗ പട്ടിക പുറത്തിറക്കി. ഹൈബി ഈഡന്‍, രമ്യ ഹരിദാസ് എന്നീ എംപിമാരും എംഎല്‍എമാരായ ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സംഘടന തെരഞ്ഞെടുപ്പ് നടത്തണം എന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമുള്ളത്. കോടതി ഇടപെടലിനെ തുടര്‍ന്ന് ഒരുഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. അതിനുശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും സംഘടന തെരഞ്ഞെടുപ്പ് നടത്തിയാല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നിലപാട് അറിയിച്ചു. എന്നാല്‍ കെപിസിസിയുടെ എതിര്‍പ്പ് മറികടന്ന് വീണ്ടും തെരഞ്ഞെടുപ്പിനു തയ്യാറാകുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് മത്സരിക്കാന്‍ യോഗ്യതയുള്ള പത്ത് അംഗങ്ങളുള്ള പട്ടിക യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.
ജനപ്രതിനിധികള്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് വരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ഹൈബി ഈഡനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. എംഎല്‍എമാരും എംപിമാരും പാര്‍ട്ടി ഭാരവാഹികളാകുന്നതിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ക്കുകയാണ്. ഉത്തരവാദിത്തം ഏറെയുള്ള ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിന് കൂടി സമയം കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഇതിനിടെയാണ് പട്ടികയില്‍ രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കെഎസ്‌യുവിന്റെ വി.എസ്. ജോയ് അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. കെഎസ്‌യു നേതാക്കളടക്കം അര്‍ഹരെ ഒഴിവാക്കിയതിനെതിരെ എഐസിസിക്ക് പരാതി പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ എ,ഐ ഗ്രൂപ്പുകള്‍ പങ്കിട്ടെടുക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ഏകദേശ ധാരണയുണ്ടാക്കിയിരുന്നത്. ഷാഫി പറമ്പിലിനെ എഗ്രൂപ്പും കെ എസ് ശബരിനാഥനെ ഐ ഗ്രൂപ്പും യഥാക്രമം ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates