കാസർകോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിനെ അധിക്ഷേപിച്ച് മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ രംഗത്തെത്തി. കോൺഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്. ക്രിമിനൽ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് ഉപയോഗിച്ചിരുന്ന പ്രവർത്തകനാണ് ശരത് ലാലെന്നും കെ വി കുഞ്ഞിരാമൻ ആരോപിച്ചു. നിരവധി രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന നാടാണ് കല്യോട്. പ്രദേശത്ത് സി.പി.എമ്മിന് സംഘടനാ സ്വാതന്ത്ര്യമില്ലെന്നും കുഞ്ഞിരാമൻ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയും സിപി എം ലോക്കൽ സെക്രട്ടറിയുമായ പീതാംബരന്റെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് കുഞ്ഞിരാമൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പീതാബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് ശേഷമാണ് കുഞ്ഞിരാമൻ അയാളുടെ വീട്ടിലെത്തിയത്. പണമോ, നിയമസഹായമോ അടക്കം ഒരു വാഗ്ദാനങ്ങളും നൽകിയിട്ടില്ലെന്നും, മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് അവിടെ പോയതെന്നുമാണ് കെ വി കുഞ്ഞിരാമൻ വ്യക്തമാക്കിയത്.
ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ സംരക്ഷിക്കാൻ പാർട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരൻ മാത്രമാണ് കുറ്റകൃത്യം ചെയ്തത്. ഇയാളുടെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കില്ല. കൊലപാതകത്തിന് പിന്നാലെ നിരവധി തവണ പീതാംബരന്റെ വീട് ആക്രമിക്കപ്പെട്ടു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് പീതാംബരന്റെ കുടുംബത്തെ സന്ദർശിച്ചതെന്നും കുഞ്ഞിരാമൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാനാണ് കെ വി കുഞ്ഞിരാമൻ പീതാംബരന്റെ വീട്ടിലെത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പണവും നിയമസഹായവും അദ്ദേഹം വാഗ്ദാനം ചെയ്തതായും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. കൊലപാതകത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും അറിവുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates