ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. സാധാരണക്കാരുടെ പേരില്‍ ഭീകരരെയാണ് പാകിസ്ഥാന്‍ സംരക്ഷിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് പറഞ്ഞു. ഇന്ത്യന്‍ മണ്ണിലേക്ക് കടന്ന് കയറി ഭീകരപ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാന് ആഗോള സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സദസുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഭീകരരെ പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു ദശാബ്ദങ്ങള്‍ക്കിടെ ഭീകരാക്രമണങ്ങളില്‍ 20,000 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് പി ഹരീഷ് പറഞ്ഞു.
ഇന്ത്യയില്‍ പാകിസ്ഥാന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവന്‍, മതസൗഹാര്‍ദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവ നശിപ്പിക്കുന്നു. ഭീകരര്‍ക്ക് ഇസ്ലാമാബാദ് എല്ലാ പിന്തുണയും സഹായവും നല്‍കി വരുമ്പോഴും, ഇക്കാലയളവിലെല്ലാം ഇന്ത്യ 'അസാധാരണമായ ക്ഷമയും മഹാമനസ്‌കതയുമാണ്' പ്രകടിപ്പിച്ചിരുന്നതെന്ന് പി ഹരീഷ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ മൂലം, സുരക്ഷാ ആശങ്കകള്‍ മാത്രമല്ല, ഊര്‍ജ്ജ ഉത്പാദനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിലും ദൂരവ്യാപകമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഹരീഷ് പറഞ്ഞു.
സിന്ധു നദീജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചത് യുഎന്നില്‍ എതിര്‍ത്ത പാകിസ്ഥാന്‍ പ്രതിനിധിയേയും പി ഹരീഷ് വിമര്‍ശിച്ചു. 'ജലം ജീവനാണ്, യുദ്ധത്തിനുള്ള ആയുധമല്ല' എന്നാണ് പാക് പ്രതിനിധി അഭിപ്രായപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്. 'ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ' പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ 65 വര്‍ഷം പഴക്കമുള്ള കരാര്‍ നിര്‍ത്തിവെക്കാനാണ് ഇന്ത്യ തീരുമാനിച്ചതെന്ന് പി ഹരീഷ് വ്യക്തമാക്കി.
'ഒരു ഉന്നത നദീതീര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധു നദീജല കരാറില്‍ ഏര്‍പ്പെട്ടത് നല്ല വിശ്വാസത്തോടെയാണ്. ആ ഉടമ്പടിയുടെ ആമുഖത്തില്‍ സൗഹാര്‍ദ്ദത്തിന്റെ അന്തസത്ത വിവരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആറരപതിറ്റാണ്ടിനിടെ, ആ അന്തസത്ത മറികടന്ന് പാകിസ്ഥാന്‍ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി. ആ ഉടമ്പടിയുടെ ആത്മാവിനെയാണ് പാകിസ്ഥാന്‍ വഞ്ചിച്ചത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടാ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേരുടെ ജീവനാണ് നഷ്ടമായത്. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് 1960 ല്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഭീകരാക്രമണത്തിന് 'അതിര്‍ത്തി കടന്നുള്ള ബന്ധം' കണ്ടെത്തിയതിനെ തുടര്‍ന്നാണ് ന്യൂഡല്‍ഹിയുടെ നടപടിയെന്നും പി ഹരീഷ് ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates