ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾ ഏതൊക്കെ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നതിൽ വലിയ പരീക്ഷണമാണ് ദുബൈയിലെ അധികാരികൾ നടത്തുന്നത്. അടുത്ത വർഷം ആദ്യത്തോടെ ഡ്രൈവറില്ലാ ടാക്സികൾ പൊതു നിരത്തുകളിൽ ഇറക്കാനുള്ള ശ്രമം തുടരുകയാണ്. അതിനിടെ വിമാനത്താവളത്തിലും ഇത്തരം വണ്ടികൾ ഫലപ്രദമായി ഉപയോഗിക്കാൻ ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് അധികൃതർ.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ദുബൈ വേൾഡ് സെൻട്രൽ) ആണ് പുതിയ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. ഡ്രൈവറില്ലാ ബാഗേജ് ട്രാക്ടറുകൾ ഉപയോഗിച്ച് ടെർമിനലിൽ നിന്ന് വിമാനത്തിലേക്ക് ലഗേജുകളും ചരക്കുകളുമെല്ലാം എത്തിച്ച് നൽകുന്ന പുതിയ രീതി വിജയകരമായി പൂർത്തിയാക്കി. എയർ ആൻഡ് ട്രാവൽ സർവീസ് ദാതാക്കളായ ഡിനാറ്റ എന്ന കമ്പനിയാണ് ഈ നീക്കത്തിന് പിന്നിൽ. ഇ സെഡ് ടൗ (EZTow) എന്ന മോഡൽ ഇലക്ട്രിക് ട്രാക്ടറുകൾ ഉപയോഗിച്ചാണ് ചരക്ക് നീക്കം നടത്തിയത്. ഇവയ്ക്ക് മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും, ഒരേ സമയം നാല് ലഗേജ് കണ്ടെയ്‌നറുകൾ വരെ വലിച്ചു കൊണ്ട് പോകാൻ സാധിക്കും.
6 ദശലക്ഷം ദിർഹം ചെലവഴിച്ചുള്ള ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുറഞ്ഞ മനുഷ്യ ഇടപെടൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. എന്നാൽ 2026-ൽ മനുഷ്യ ഇടപെടൽ ഇല്ലാതെ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങൾ പ്രവർത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ആറ് വൈദ്യുത ട്രാക്ടറുകളാണ് സേവനങ്ങൾക്കായി കമ്പനി വികസിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിർമ്മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപകടത്തിപ്പെടാനുള്ള സാധ്യത കുറവാണെന്നും അധികൃതർ പറഞ്ഞു.
ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ് ആരംഭിച്ചതോടെ ഇത്തരം ജോലികൾ നേരത്തെ ചെയ്തു വന്നിരുന്ന ജീവനക്കാരെ വിമാനത്താവളത്തിലെ മറ്റ് ചുമതലകളിലേക്ക് മാറ്റനാണ് അധികൃതരുടെ ശ്രമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates