ദുബൈ: ഷെയ്ഖ് സായിദ് റോഡിൽ തിരക്കേറിയ സമയങ്ങളിൽ ടോൾ ഏർപ്പെടുത്തിയതോടെ വാഹനത്തിരക്കിൽ കുറവുണ്ടായതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെയും വൈകുന്നേരവും 6 ദിർഹം ടോൾ ഈടാക്കിയിരുന്നു. ഇതോടെ വാഹനങ്ങളുടെ എണ്ണത്തിൽ 9 ശതമാനത്തോളം കുറവുണ്ടായി.
ദീർഘകാല അടിസ്ഥാനത്തിൽ വാഹനത്തിരക്കിന് പരിഹാരം കണ്ടെത്തുക എന്ന നിലയിലാണ് ഉയർന്ന ടോൾ നിരക്ക് ഏർപ്പെടുത്തിയത്. പ്രാരംഭ ഘട്ടത്തിൽ തന്നെ പദ്ധതി വലിയ വിജയമായി മാറിയിട്ടുണ്ട്. ഭാവിയിൽ ഈ നീക്കത്തിലൂടെ 30 ശതമാനം വരെ വാഹനത്തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
25 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം ദുബൈയിൽ രജിസ്റ്റർ ചെയ്തത്. വാഹനപ്പെരുപ്പം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തിരക്കേറിയ സമയങ്ങളിൽ ടോൾ ഏർപ്പെടുത്തിയും, പാർക്കിംഗ് ഫീ ഉയർത്തിയും സർക്കാർ പുതിയ ഒരു പരീക്ഷണത്തിന് തുടക്കം കുറിച്ചത്.
ദുബൈ മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡിലെ വാഹനങ്ങളുടെ എണ്ണം 20 ശതമാനം കുറയ്ക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചില നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. തൊഴിൽ സമയത്തിൽ മാറ്റം വരുത്താനും സ്കൂൾ കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറ്റുന്നത് അടക്കമുള്ള തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates