അബുദാബി: 13 വർഷം വാർഷിക അവധി എടുക്കാതെയിരുന്ന മുൻ ജീവനക്കാരന് 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി. 2009 മുതൽ 2022 വരെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. തന്റെ സേവനകലയളവിൽ 13 വർഷം വാർഷിക അവധി എടുക്കാൻ സാധിച്ചിരുന്നില്ല എന്നും അതിന് കമ്പനി നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം.
കോടതി കേസ് പരിഗണിച്ചപ്പോൾ മുൻ ജീവനക്കാരന് വാർഷിക അവധി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു തെളിവുകളും കമ്പനിയുടെ ഭാഗത്ത് നിന്നും സമർപ്പിക്കാൻ ആയില്ല. ഇതോടെയാണ് പരാതിക്കാരന് 59290 ദിർഹം(1,38,5836 രൂപ) നൽകാൻ കോടതി ഉത്തരവിട്ടത്.
നേരത്തെ കീഴ്ക്കോടതി ഈ കേസ് പരിഗണിക്കുകയും മുൻ ജീവനക്കാരന് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ 13 വർഷത്തെ നഷ്ടപരിഹാരം നൽകുന്നതിന് പകരം രണ്ട് വർഷത്തെ നഷ്ടപരിഹാരം നൽകാനായിരുന്നു കോടതി വിധി. ഇതിനെതിരെയാണ് ജീവനക്കാരൻ മേൽക്കോടതിയെ സമീപിച്ചത്. ജീവനക്കാരന്റെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കീഴ്കോടതി വിധി റദ്ദാക്കിയാണ് മേൽക്കോടതി പുതിയ ഉത്തരവിറക്കിയത്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ വലിയ മാറ്റമാകും ഇനി കമ്പനികളിൽ ഉണ്ടാകാൻ പോകുക എന്നാണ് വിദഗ്ദ്ധർ പറയുന്നത്. വർഷങ്ങളായി വാർഷിക അവധി എടുക്കാത്ത നിരവധി പ്രവാസി തൊഴിലാളികൾ യു എ എയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ പിന്നീട് കോടതിയെ സമീപിച്ചാൽ വലിയ പിഴ കമ്പനികൾ നൽകേണ്ടി വരും. ഇതൊഴിവാക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാൻ കമ്പനികൾ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates