ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് യാത്രാവിമാനം ആകാശത്തുവെച്ച് ബോധപൂർവ്വം തകർക്കാനാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും തനിക്ക് മരണത്തെ ഒട്ടും ഭയമില്ലായിരുന്നുവെന്നും കോ-പൈലറ്റ് ഹമാം അൽ ഹമാമി. സൗദി അറേബ്യയിലെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് 29-കാരനായ ഈ ഒമാനി പൗരൻ ഭയാനകമായ വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'വാൾസ്ട്രീറ്റ് ജേർണൽ' ആണ് ചോദ്യം ചെയ്യൽ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.
വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് ക്യാപ്റ്റനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ എമർജൻസി കോടാലിഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായിരുന്നു ഹമാമിന്റെ നീക്കം. രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണമായ ധീരതയും സമചിത്തതയുമാണ് നൂറ്റെഴുപതിലധികം യാത്രക്കാരുടെ ജീവൻ കാത്തത്. പരിക്കേറ്റ ക്യാപ്റ്റൻ ഉള്ളിൽനിന്ന് കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങളും ചേർന്ന് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും സൗദിയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് സൗദിയിൽ കസ്റ്റഡിയിലായ ഹമാമിനെ വിട്ടുകിട്ടിയ യുഎഇ അധികൃതർ, ഇയാളെ നിലവിൽ അബുദാബിയിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.
കോ-പൈലറ്റ് നടത്തിയത് ആസൂത്രിതമായ ഒരു തീവ്രവാദ പ്രവർത്തനമാണെന്ന് യുഎഇ അറ്റോർണി ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ ബാഹ്യശക്തികളുടെയോ ഏതെങ്കിലും ഭീകര സംഘടനകളുടെയോ ഇടപെടലുകളുണ്ടോ എന്നതിനെക്കുറിച്ച് യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ സംയുക്ത അന്വേഷണം നടത്തുകയാണ്. ഇയാൾ എങ്ങനെയാണ് ഇത്രയധികം തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒമാനി പിതാവിന്റെയും സിറിയൻ മാതാവിന്റെയും മകനായി യുഎഇയിൽ ജനിച്ച ഹമാം, സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് ഏറെക്കാലം അവിടെ താമസിച്ചിരുന്നു. ഇവിടെവെച്ചാണോ ഇയാൾ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി അടുത്തതെന്ന് ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
ഇയാളുടെ പൂർവ്വകാലത്തെ ഡിജിറ്റൽ ഇടപെടലുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. പ്രതി നേരത്തെ ഉപയോഗിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത 'എക്സ്' (ട്വിറ്റർ) അക്കൗണ്ടിലെ മൂവായിരത്തോളം സ്ക്രീൻഷോട്ടുകൾ ഇന്റർനെറ്റ് ആർക്കൈവുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധതയും കടുത്ത യാഥാസ്ഥിതിക-തീവ്ര മതനിലപാടുകളും പരസ്യമായി വ്യക്തമാക്കുന്നതായിരുന്നു ഇയാളുടെ പോസ്റ്റുകൾ. സൗദി വനിതകളുമായി ബന്ധം സ്ഥാപിക്കാൻ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടാക്കിയതായും ഭാര്യ പുറത്തുപോയി ജോലി ചെയ്യാൻ പാടില്ലെന്നുമുള്ള വിചിത്ര വാദങ്ങൾ ഇതിലുണ്ട്.
അതേസമയം, തീവ്രവാദ പശ്ചാത്തലമുള്ള ഒരാൾക്ക് ഫ്ലൈ ദുബായ് പോലുള്ള ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ എങ്ങനെ വീണ്ടും പൈലറ്റ് ജോലി ലഭിച്ചു എന്ന ചോദ്യം ആഗോള വ്യോമയാന മേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മുൻപ് ഒമാൻ എയറിൽ പൈലറ്റായിരുന്ന ഹമാമി നിരന്തരം തീവ്രവാദ വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്പനി ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് ആജീവനാന്തം വിലക്കിയിരുന്നു. തുടർന്ന് ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കിയ ശേഷം ഇയാളെ ജോലിയിൽ തരംതാഴ്ത്തുകയും ചെയ്തിരുന്നു.
തുടർന്ന് ഒമാൻ എയറിൽ നിന്നും രാജിവെച്ച ഹമാം, ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ റോയൽ എയർ മറോക്കിൽ ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഈ വർഷം ഫെബ്രുവരിയിലാണ് ഇയാൾ യുഎഇയിലെ ഫ്ലൈ ദുബായിൽ കോ-പൈലറ്റായി ജോലിയിൽ പ്രവേശിക്കുന്നത്. പൈലറ്റുമാരെ നിയമിക്കുമ്പോൾ യുഎഇ സാധാരണയായി കർശനമായ സുരക്ഷാ-പശ്ചാത്തല പരിശോധനകൾ നടത്താറുണ്ടെങ്കിലും, ഹമാമിന്റെ കാര്യത്തിൽ ഒമാൻ സർക്കാരിൽ നിന്നോ മുൻപ് ജോലി ചെയ്ത കമ്പനിയിൽ നിന്നോ ഔദ്യോഗിക വിവരങ്ങൾ തേടിയിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ചോദിച്ചിരുന്നെങ്കിൽ ഇയാളുടെ മുൻകാല വിവരങ്ങൾ പങ്കുവെക്കുമായിരുന്നുവെന്ന് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. നിയമനത്തിലുണ്ടാ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.