വാഷിങ്ടന്‍: ഇറാനെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച പുലര്‍ച്ചെ യുഎസ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. മേഖലയിലെ വിവിധ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം നടത്തിയതോടെ, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാഴാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിന് ഇറാന്‍ വില നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്ന ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണം നേരിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്, ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് ഇരുപക്ഷവും തമ്മില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചിരുന്നു.
'ഞങ്ങള്‍ ഇന്ന് വീണ്ടും അവരെ ശക്തമായി ആക്രമിക്കും' വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. ഇറാനിലെ പാലങ്ങളും വൈദ്യുതി സംവിധാനങ്ങളും ആക്രമിക്കുമെന്ന് നടത്തിയ ഭീഷണികള്‍ നടപ്പാക്കുമോയെന്ന ചോദ്യത്തിന് ട്ര്ംപ് വ്യക്തമായ മറുപടി നല്‍കിയില്ല. സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സമാധാന കരാറിന് വളരെ അടുത്തെത്തിയിരുന്നു, പക്ഷേ ഇറാന്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും ട്രംപ് ആരോപിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ധാരണയിലെത്താമെന്ന് തിങ്കളാഴ്ച സൂചിപ്പിച്ച ട്രംപ്, ഇപ്പോള്‍ വീണ്ടും ആക്രമണ ഭീഷണി ഉയര്‍ത്തിയതോടെ അദ്ദേഹത്തിന്റെ നിലപാട് മാറ്റവും ശ്രദ്ധേയമായി. ആഴ്ചകളായി ബോംബാക്രമണങ്ങള്‍ നേരിട്ടിട്ടും ഇറാന്‍ പ്രതിരോധം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ കഴിയുമെന്നതാണ് ഇറാന്റെ സമ്മര്‍ദ്ദ തന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച, ആണവ പദ്ധതി പൂര്‍ണമായും ഇല്ലാതാക്കല്‍, ലെബനനിലെ ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുല്ലയെ തകര്‍ക്കല്‍ എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒത്തുതീര്‍പ്പിനെ കൂടുതല്‍ പ്രയാസകരമാക്കുന്നു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എണ്ണവില ഉയരുകയും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുകയും ചെയ്തു. ക്രൂഡ് ഓയില്‍ വില ബുധനാഴ്ച ബാരലിന് 92 ഡോളറിന് മുകളിലെത്തി. യുദ്ധം ആരംഭിച്ചശേഷം 25 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ എന്നിവ യുഎസ് യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ടതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ബന്ദര്‍ അബ്ബാസിനും ഖെഷം ദ്വീപിനും സമീപം ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണങ്ങള്‍ക്ക് മറുപടി ഉണ്ടാകുമെന്ന് ഇറാന്റെ ഉന്നത നയതന്ത്ര പ്രതിനിധി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയതായി ടെഹ്റാന്‍ അവകാശപ്പെട്ടു.
ജോര്‍ദാന്റെ മുവാഫഖ് സാല്‍ത്തി വ്യോമതാവളത്തെ ലക്ഷ്യമിട്ട അഞ്ച് മിസൈലുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായാണ് ജോര്‍ദാന്‍ അറിയിച്ചത്. അമേരിക്കന്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിമാനങ്ങള്‍ ഇവിടെ നിലയുറപ്പിച്ചിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജോര്‍ദാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പെട്ര റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനും കുവൈത്തും തങ്ങളുടെ ഭാഗത്തേക്ക് വന്ന ആക്രമണങ്ങള്‍ തടഞ്ഞതായി അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഇറാന്റെ ഒരു മിസൈല്‍ വടക്കന്‍ ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തില്‍ പതിച്ചതായും, നിര്‍ണായകമല്ലാത്ത ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു. തുര്‍ക്കി, സൗദി അറേബ്യ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളിലായിരുന്നു പരാമര്‍ശം. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി അറിയിച്ചു.
ഇതിനിടെ, അമേരിക്കയുമായി കൂടിയാലോചന നടത്തിയതിന് ശേഷം ഖത്തറില്‍ നിന്നുള്ള ഒരു പ്രതിനിധിസംഘം ബുധനാഴ്ച ടെഹ്റാനിലെത്തി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ ഇറാനിയന്‍ ഡ്രോണുമായി കൂട്ടിയിടിച്ച് തകര്‍ന്നുവീണതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നത്. കൂട്ടിയിടി മനഃപൂര്‍വമായിരുന്നോ എന്നത് വ്യക്തമല്ല. ഡ്രോണ്‍ ബോട്ട് ഉപയോഗിച്ച് ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് സൈനികരെയും രക്ഷപ്പെടുത്തിയതായും അവര്‍ക്ക് പരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ ഉയര്‍ന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കണമെന്നാണ് യുഎസിന്റെ ആവശ്യം. എന്നാല്‍ ആണവ പദ്ധതി സമാധാനപരമാണെന്നാണ് ഇറാന്‍ വാദിക്കുന്നത്. യുറേനിയം കൈവിടാന്‍ ഇറാന്‍ തയ്യാറല്ല. ഉപരോധങ്ങളില്‍ ഇളവ് നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ട്രംപ് ഈ ആവശ്യം തള്ളിക്കളഞ്ഞു. ഈ അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നത് വ്യക്തമല്ല. യുദ്ധവിരാമ കരാര്‍ നിലവില്‍ വന്നാല്‍ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള പോരാട്ടവും അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി ശക്തമാക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates