ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം പൗരന്മാര്‍ക്കുനേരെ ബോംബ് വര്‍ഷിക്കുന്നവരാണ് പാകിസ്ഥാനെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ പാക് സൈന്യം നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. രാജ്യാന്തര വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു പാകിസ്ഥാന്‍ ശ്രദ്ധ തിരിക്കുകയാണെന്നും യുഎന്‍എച്ച്ആര്‍സിയുടെ 60-ാം സമ്മേളനത്തില്‍ സംസാരിക്കവെ ത്യാഗി പറഞ്ഞു.
ഞങ്ങളുടെ പ്രദേശം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പകരം, അനധികൃതമായി പിടിച്ചെടുത്ത ഇന്ത്യന്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുന്നതാണ് പാകിസ്ഥാനു നല്ലത്. തീവ്രവാദം കയറ്റുമതി ചെയ്യുന്നതിനും യുഎന്‍ നിരോധിച്ച ഭീകരര്‍ക്ക് അഭയം നല്‍കുന്നതിനും സ്വന്തം ജനങ്ങളെ ബോംബിട്ടു കൊല്ലുന്നതിനുമിടയില്‍ സമയം കണ്ടെത്താനായാല്‍, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മുന്നോട്ട് പോകുന്ന അവരുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനും സൈനിക മേധാവിത്തത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ഭരണകൂടത്തെ നേരെയാക്കാനും പീഡനങ്ങളാല്‍ കറപുരണ്ട മനുഷ്യാവകാശ ചരിത്രം മെച്ചപ്പെടുത്താനും പാകിസ്ഥാന്‍ ശ്രദ്ധിക്കണം, ക്ഷിതിജ് ത്യാഗി കൂട്ടിച്ചേര്‍ത്തു.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ തിരാ താഴ്വരയിലുള്ള മാത്രെ ദാര ഗ്രാമത്തില്‍ പാക് സൈന്യം വ്യോമാക്രമണം നടത്തി ഒരു ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ ശക്തമായ വിമര്‍ശനം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 സാധാരണക്കാര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates