ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിന്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് അവകാശവാദം. ഇത്തരം വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് ലഭ്യമാണെന്നും സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ മാല്‍വെയര്‍ ബൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കളുടെ ലൊക്കേഷന്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്.
ഈ ആഴ്ചയുടെ തുടക്കത്തിലാണ് സോളോനിക് എന്ന പേരിലുള്ള ഹാക്കിങ് ഫോറത്തില്‍ ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 'INSTAGRAM.COM 17M GLOBAL USERS - 2024 API LEAK' എന്ന് പേരിലാണ് വിവരങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. JSON, TXT ഫോര്‍മാറ്റിലുള്ള ഫയലുകളില്‍ 17.5 ദശലക്ഷം പേരുടെ വിവരങ്ങള്‍ ഉണ്ടെന്നാണ് അവകാശവാദം. ഉപഭോക്താക്കളുടെ പൂര്‍ണ്ണ പേരുകള്‍, യൂസര്‍നെയും, വെറിഫൈഡ് ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ഉപയോക്തൃ ഐഡികള്‍, ലൊക്കേഷന്‍ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത്.
ഉപയോക്താക്കളുടെ ഇത്തരം വ്യക്തി വിവരങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഹാക്കര്‍മാര്‍ ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട മാല്‍വെയര്‍ബൈറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ 2024 ല്‍ സംഭവിച്ച ഇന്‍സ്റ്റാഗ്രാം API ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ടതായിരിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇന്‍സ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates