ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയങ്ങളിലൊന്നാണ് ചായ. ചായപ്രിയർ പലവിധമുണ്ട്. കട്ടൻ ചായകുടിക്കുന്നവർ, പാൽചായ കുടിക്കുന്നവർ തുടങ്ങി, മസാല ചായ, ഏലക്കാ ചായ, ഇഞ്ചി ചായ, ഗ്രീൻചായ, ശംഖുപുഷ്പ ചായ അങ്ങനെ പലവിധ ചായകൾ കുടിക്കുന്നവരുണ്ട്. അങ്ങനെ പലവിധമാണ് ചായപ്രിയർ. ചായയുടെയും തേയിലയുടെയും ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊളോണിയൽ ചരിത്രവും തൊഴിലാളി ചരിത്രവും കോർപ്പറേറ്റ് ചരിത്രവുമൊക്കെ ഈ പാനീയത്തിനുണ്ട്.
അന്താരാഷ്ട്ര ചായ ദിനം ആചരിക്കാൻ തുടങ്ങിയിട്ട് അധിക കാലമൊന്നുമായിട്ടില്ല. ഈ നൂറ്റാണ്ടിലാണ് ചായ ദിനം ആചരിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയതു തന്നെ. മെയ് 21 ആണ് അന്താരാഷ്ട്ര ചായ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നത്. 2015ലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഐക്യ രാഷ്ട്ര സഭയ്ക്ക് മുന്നിൽ വച്ചത്. എന്നാൽ, നാല് വർഷം കഴിഞ്ഞ് 2019 ലാണ് ഇത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. മെയ് 21 നെ ചായ ദിനമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡിസംബർ 15 ആയിരുന്നു ചായദിനം ആഘോഷിച്ചിരുന്നത്. അന്താരാഷ്ട്ര ചായദിനം മെയ് 21 ആക്കിയതിന് ശേഷം ഈ ദിനാചരണത്തിന് നേതൃത്വം നൽകുന്നത് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന ( ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ - എഫ് എ ഒ) ആണ്.
മെയ് 21 ചായ ദിനമായിതിന് പിന്നിൽ ലോകത്തെ മികച്ച തേയില അല്ലെങ്കിൽ ചായപ്പൊടി ഉൽപ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ പങ്കുണ്ട്. 2015-ൽ ഇന്ത്യ മുന്നോട്ടുവെച്ച നിർദേശപ്രകാരമായിരുന്നു മെയ് 21 ചായ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യ മുന്നോട്ട് വച്ച നിർദ്ദേശത്തെ തുടർന്ന 2019 ഡിസംബർ 21 ഈ പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. തേയില ഉൽപ്പാദകരായ ഭൂരിപക്ഷം രാജ്യങ്ങളിലും തേയിലയുടെ ഉൽപ്പാദന സീസൺ തുടങ്ങുന്നത് മെയ് മാസത്തിലാണ് അതുകൊണ്ടാണ് ഡിസംബറിൽ നിന്നും മേയ് മാസത്തിലേക്ക് ഇത് മാറ്റാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചത്. അതിനെ അടിസ്ഥാനമാക്കിയാണ് മേയ് 21 എന്ന തിയ്യതിയിൽ അന്താരാഷ്ട്ര ചായ ദിനം ആചരിക്കാൻ തീരുമാനിച്ചത്.
ഡിസംബര്‍ 15 അന്താരാഷ്ട്ര ചായദിനമായി ( ഇന്റര്‍നാഷണല്‍ ടീ ഡേ) ആയി ആഘോഷിച്ചു തുടങ്ങിയത് വെറും 20 വർഷം മുമ്പാണ്. 2005ൽ തേയില ഉൽപ്പാദക രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, ബംഗ്ലാദേശ്, കെനിയ, മലാവി, മലേഷ്യ, യുഗാണ്ട, ടാന്‍സാനിയ എന്നിവർ ചേർന്ന് ഡിസംബര്‍ 15 അന്താരാഷ്ട്ര തേയിലദിനമായി ആയി ആഘോഷിച്ചു തുടങ്ങിയത്. 2005 ഡിസംബര്‍ 15-ന് ഡൽഹിയിലാണ് ആദ്യ അന്താരാഷ്ട്ര ചായ ദിനം (ഇന്റര്‍നാഷണല്‍ ടീ ഡേ) ആചരിച്ചത്. മറ്റ് തേയില ഉൽപ്പാദക രാജ്യങ്ങള്‍ ഇതിനൊപ്പം ചേരുകയും ഡിസംബർ 15 അന്താരാഷ്ട്ര ചായദിനമായി ആചരിച്ചു വരുകയും ചെയ്തു. യു എൻ മെയ് 21 അന്താരാഷ്ട്ര ചായദിനമായി പ്രഖ്യാപിക്കുന്നത് വരെ ഈ രാജ്യങ്ങൾ ഇത് പിന്തുടർന്നു.
ഈ വർഷം, 2025 മെയ് 21 ബുധനാഴ്ച, "മികച്ച ജീവിതത്തിനായി ചായ" (, Tea for Better Lives) എന്നതാണ് വിഷയം, ഉപജീവനമാർഗ്ഗം, സുസ്ഥിരത, ആരോഗ്യം എന്നിവയിൽ ചായയുടെ സംഭാവനകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇത്.
ലോകമെമ്പാടുമുള്ള ചായയുടെ നീണ്ട ചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് അന്താരാഷ്ട്ര ചായ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്. തേയിലയുടെ സുസ്ഥിര ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
തേയില കൃഷിയും സംസ്കരണവും വിപണനവും ഐക്യരാഷ്ട്ര സംഘടന 2030 ഓടെ കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ( SDG) നാലെണ്ണമാണ് പ്രധാനമായും ഉൾപ്പെടുന്നത്. 1. കടുത്ത ദാരിദ്ര്യ നിർമ്മാർജ്ജനം (SDG 1), 2.വിശപ്പിനെതിരെ പോരാടൽ (SDG 2), 3. സ്ത്രീകളെ ശാക്തീകരിക്കൽ (SDG 5), ഭൂമിയുടെ ആവാസവ്യവസ്ഥയുടെ സുസ്ഥിര ഉപയോഗം സംരക്ഷിക്കുക (SDG 15) എന്നിവ സാധ്യമാക്കുക എന്നതാണ്.
പരിസ്ഥിതി സൗഹൃദ കൃഷി, ന്യായമായ വേതനം, സമൂഹിക വികസനം എന്നിവ ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ, ചായയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള അവബോധവും ഇത് വളർത്തുന്നു.
തേയിലയുടെ സാംസ്കാരിക പൈതൃകം, ആരോഗ്യ ഗുണങ്ങൾ, സാമ്പത്തിക പ്രാധാന്യം എന്നിവയെ ആദരിക്കുന്നതിനും, തലമുറകളായി ആളുകൾക്കും സംസ്കാരങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനകരമാണെന്ന് ബോധ്യപ്പെടുത്തുന്നതിനും "തോട്ടത്തിൽ നിന്ന് ചായകപ്പ് വരെ" അതിന്റെ ഉത്പാദനം സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്നതിനും ഈ ദിനം വിനിയോഗിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, 5,000 വർഷത്തിലേറെയായി ചൈനയിൽ ചായ കുടിക്കുന്നു. ഷെൻ നുങ് ചക്രവർത്തിയും സൈനികരും ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ തിളച്ച വെള്ളമുള്ള ഒരു പാത്രത്തിലേക്ക് തേയിലയുടെ ഇല കാറ്റിൽ പറന്നു വീണപ്പോഴാണ് ഈ പാനീയം കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ തിളച്ച വെള്ളത്തിൽ വീണ ഇല കൊണ്ടുള്ള പാനീയം, ലോകത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നായി മാറി.
ബിസി 2737-ൽ ചൈനയിലാണ് ചായ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ചൈനയിൽ അത് ആദ്യം മതപരമായ ചടങ്ങുകളിൽ ഉപയോഗിച്ചിരുന്ന പാനീയമായിരുന്നുവെന്നാണ് നിഗമനം, പിന്നീട് അതിന്റെ ഔഷധ ഗുണങ്ങൾ തിരിച്ചറിയപ്പെട്ടു, തുടർന്ന് ഒരു ജനപ്രിയ പാനീയമായി മാറി. തേയില ഉൽപ്പാദനത്തിൽ ചൈനയുടെ ആധിപത്യം തകർക്കാൻ, ബ്രിട്ടീഷുകാർ 1824-ൽ ഇന്ത്യയിൽ വാണിജ്യപരമായി തേയില കൃഷി ആരംഭിച്ചു. അതിനുശേഷം, ഡാർജിലിങ്, നീലഗിരി, അസം, കേരളം തുടങ്ങിയ പ്രദേശങ്ങൾ ചായയ്ക്ക് പേരുകേട്ടതോടെ ഇന്ത്യ ഒരു പ്രധാന ഉൽപ്പാദക രാജ്യമായി ഉയർന്നുവന്നു. ഇന്ന്, ഇന്ത്യ പ്രതിവർഷം ഏകദേശം 900,000 ടൺ തേയില ഉൽപ്പാദിപ്പിക്കുന്നു.
ആരോഗ്യം, സംസ്കാരം, സാമൂഹിക സാമ്പത്തിക വികസനം എന്നിവയിലുള്ള അതിന്റെ സംഭാവനകൾ ഇന്നും പ്രസക്തമാണ്. ലോകത്തൊട്ടാകെ തേയില മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ചെറുകിട കർഷകരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 13 ദശലക്ഷത്തിലധികം ആളുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates