Iran–Israel conflict:ടെഹ്റാനില്‍ നടന്ന ആക്രമണം. എക്സ്
World

'പഴയ ഒക്കച്ചങ്ങായിമാ‍‍ർ'; ഇറാനും ഇസ്രയേലും ലോകത്തെ ആശങ്കയിലാഴ്ത്തുന്ന പ്രതിയോ​ഗികളായത് ഇങ്ങനെ

ഇറാനും ഇസ്രായേലും തമ്മിൽ നല്ല ബന്ധത്തിലായിരുന്ന നാളുകളുണ്ട്. 1948 ലെ ഇസ്രായേൽ രാഷ്ട്രീ രൂപീകരണത്തെ അം​ഗീകരിച്ച ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രണ്ടാമത്തെ രാജ്യമായിരുന്നു ഇറാൻ. മറ്റേത് തുർക്കിയായിരുന്നു. 1947-ൽ ബ്രിട്ടീഷ് അധികാരം അവസാനിച്ചതിനുശേഷം പലസ്തീൻ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കമ്മിറ്റിയിലെ 11 അംഗങ്ങളിൽ ഒന്നായിരുന്നു ഇറാൻ.

സമകാലിക മലയാളം ഡെസ്ക്

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം.അതിനെതിരെ ഇറാൻ ഡ്രോൺ ആക്രമണത്തിലൂടെ തിരിച്ചടിച്ചതോടെ ഇറാൻ -ഇസ്രയേൽ സംഘർഷം (Iran–Israel conflict)കൂടുതൽ രൂക്ഷമാവുകയാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം. ഇറാനിലെ ഭരണമാറ്റങ്ങളും ദേശസാൽക്കരണ നടപടികളുമൊക്കെ ഇസ്രായേലുമായുള്ള ബന്ധത്തിലെ വിള്ളലുകൾ ഉണ്ടാക്കിയവയാണ്. നിലനിൽക്കുന്ന സംഘർഷത്തിന് ഏതാണ്ട് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. കഴിഞ്ഞ 45 വർഷമായി കുറഞ്ഞും ഇവർ തമ്മിലുള്ള സംഘർഷം ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ആയുധങ്ങളുടെ കാര്യത്തിലും സൈനിക ശക്തിയുടെ കാര്യത്തിലും നിഴൽയുദ്ധങ്ങളുടെ കാര്യത്തിലും ഈ രണ്ട് രാജ്യങ്ങൾക്കും അവരുടേതായ ശേഷിയും സമ്പത്തുമുണ്ട്. നേരിട്ടുള്ള യുദ്ധമുഖത്തേക്കാളേറെ പലപ്പോഴും നിഴൽയുദ്ധങ്ങളിലോ ഒളിയുദ്ധങ്ങളിലോ ആണ് ഇവരുടെ സംഘർഷം നിലനിന്നിരുന്നത്.

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുമ്പോൾ ഇസ്രായേലിലും ചില അപസ്വരങ്ങൾ ഉയരുന്നുണ്ട്. ​ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടയുള്ള അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ അടുത്തിടെ വിമർശനങ്ങളുമായി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഇസ്രായേൽ പാർലമെ​ന്റിൽ കടന്നുകയറിയ പ്രതിഷേധക്കാർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായും വാ‍ർത്തകൾ വന്നിരുന്നു. ഇതേസമയം ഇറാനിലും സ്ഥിതി വ്യത്യസ്തമല്ല. അവിടുത്തെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവരിൽ ഒരുവിഭാ​ഗം അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിച്ച് മുന്നോട്ട് പോകണം എന്ന് കരുതുന്നവരാണ്. ഇങ്ങനെ ആഭ്യന്തരമായി കൂടി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് ഇരു രാജ്യങ്ങളും കടന്നുപോകുന്നത്.

ഇറാനും ഇസ്രായേലും നല്ല ബന്ധത്തി​ന്റെ നാളുകൾ

ഇറാനും ഇസ്രായേലും തമ്മിൽ നല്ല ബന്ധത്തിലായിരുന്ന നാളുകളുണ്ട്. 1948 ലെ ഇസ്രായേൽ രാഷ്ട്രീ രൂപീകരണത്തെ അം​ഗീകരിച്ച ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രണ്ടാമത്തെ രാജ്യമായിരുന്നു ഇറാൻ. മറ്റേത് തുർക്കിയായിരുന്നു. 1947-ൽ ബ്രിട്ടീഷ് നിയന്ത്രണം അവസാനിച്ചതിനുശേഷം പലസ്തീൻ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കമ്മിറ്റിയിലെ 11 അംഗങ്ങളിൽ ഒന്നായിരുന്നു ഇറാൻ. വരും തലമുറകളിൽ മേഖലയിൽ അക്രമം വർദ്ധിക്കുമെന്ന ആശങ്കയിൽ, പലസ്തീനിനായുള്ള ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിക്കെതിരെ വോട്ട് ചെയ്ത മൂന്ന് അംഗങ്ങളിൽ ഒന്നും ഇറാനായിരുന്നു.

"ഇന്ത്യയ്ക്കും യുഗോസ്ലാവിയയ്ക്കും ഒപ്പം ഇറാൻ ഇതിന് ഒരു ബദൽ പദ്ധതി കൊണ്ടുവന്നു, ഒരു ഫെഡറൽ പരിഹാരം, ഒരു പാർലമെന്റും ഒരു രാജ്യവുമായി പലസ്തീനെ നിലനിർത്തുന്നതിനെക്കുറിച്ചും എന്നാൽ അറബ്, ജൂത കന്റോണുകളായി (ഭാ​ഗങ്ങളായി) വിഭജിക്കുന്നതിനെക്കുറിച്ചുമായിരുന്നു അത്," Iran and Israel: Old friends, new enemies എന്ന പുസ്തകത്തി​ന്റെ രചിയതാവായ ഓക്സ്ഫോഡ് സർവകലാശാലയിലെ ചരിത്രകാരനായ എറിക് ക്വിൻഡസ്‌ലാൻഡ് ഇതേകുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

"സയണിസ്റ്റ് അനുകൂല പടിഞ്ഞാറുമായും സയണിസ്റ്റ് പ്രസ്ഥാനവുമായും, അറബ്, മുസ്ലീം അയൽരാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ ഇറാൻ നടത്തിയ വിട്ടുവീഴ്ചയായിരുന്നു അത്." ഒന്നാം അറബ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിലും കൂടുതൽ പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നതിലേക്ക് നയിച്ചത് ഇറാൻ ഭരിച്ചിരുന്ന പഹലവി രാജംവശം അഥവാ ഷാ ഭരണകൂടം ഇസ്രായേൽ രൂപീകരണത്തിന് സഹായകമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഏതാണ്ട് ഏഴ് ലക്ഷത്തോളം പലസ്തീൻകാരെ അവരെ നിർബന്ധിത നാടുകടത്തിന് വിധേയമാക്കുകയോ അവരുടെ ​ഗ്രാമങ്ങളും വീടുകളും തകർത്തുകൊണ്ടോ ആണ് ഇസ്രായേൽ ഇത് ചെയ്തത്. ഇതോടെ അഭയാ‍ർത്ഥികളായ പലസ്തീനികൾ ജോർദ്ദാൻ, ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോയി. നക്ബ എന്ന് വിളിക്കുന്ന സംഭവമാണിത്. ഇതേ തുടർന്ന് മെയ് 15 നക്ബ് ദിനം അഥവാ ദുരന്ത ദിവസമായി അറബ് ജനത ആചരിക്കുന്നു.

മിഡിൽ ഈസ്റ്റിലെ ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള ഇസ്രായേൽ തന്ത്രങ്ങളും, ഇറാനിലെ മാറ്റങ്ങളും

രാഷ്ട്രരൂപീകരണം നടന്നുവെങ്കിലും മധ്യേഷ്യയിൽ അവർ നേരിട്ടിരുന്ന ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ തന്ത്രപരമായ നീക്കമാണ് ഇസ്രായേൽ നടത്തിയത്. പെരിഫറി ഡോക്ടറിൻ എന്ന തന്ത്രം നടപ്പാക്കിയത്. അറബ് ഇതര രാജ്യങ്ങളുമായും മിഡിൽ ഈസ്റ്റിലെ ന്യൂനപക്ഷ ഗ്രൂപ്പുകളുമായും ബന്ധം വളർത്തിയെടുക്കുന്നതിൽ ഇസ്രായേൽ നടത്തിയ ശ്രമമമെന്ന് ഈ തന്ത്രത്തെ ചുരുക്കി പറയാം. ഇതുവഴി പാൻ അറബ് വികാരത്തെയും ശത്രുപക്ഷത്ത് എന്ന് കരുതുന്ന രാജ്യങ്ങളെയും നേരിടാൻ അനുകൂലിക്കുന്നവരുടെ രാജ്യങ്ങളുമായി അവർ നല്ലബന്ധം സ്ഥാപിച്ചു. അവർ വിജയിച്ചത് തുർക്കി, ഇറാൻ എന്നീ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രണ്ട് രാജ്യങ്ങളുമായുള്ള നല്ല ബന്ധമായിരുന്നു എന്ന് ക്വിൻഡസ്‌ലാൻഡ് പറയുന്നു.

എന്നാൽ, ഈ സ്ഥിതി​ഗതികൾ മാറുന്നത് രാജഭരണത്തിന് പുറമെ മറ്റൊരു അധികാര കേന്ദ്രമായി 1951-ൽ നാഷണൽ ഫ്രണ്ട് പാ‍ർട്ടിയുടെ മുഹമ്മദ് മൊസാദ്ദെഗ് ഇറാന്റെ പ്രധാനമന്ത്രിയായതോടെയാണ്. ബ്രിട്ടന്റെ കുത്തകയായിരുന്ന രാജ്യത്തെ എണ്ണ (പെട്രോളിയം) വ്യവസായത്തി​ന്റെ ദേശസാൽക്കരണത്തിന് അദ്ദേഹം നേതൃത്വം നൽകി. മേഖലയിലെ പാശ്ചാത്യ താൽപ്പര്യങ്ങൾ നിറവേറ്റുന്നതായി കണ്ട മൊസാദ്ദെഗ് ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചു,

ബ്രിട്ടന് അനുകൂലിക്കുന്ന പാശ്ചാത്യരാജ്യങ്ങൾ, മൊസാദ്ദേ​ഗ് ഭരണകൂടത്തിനെതിരായ നിലപാടുകൾ സ്വീകരിച്ചു. ഈ സമയം ഇറാനിലെ രാജാവും ഭരണകൂടവും തമ്മിൽ അധികാരവടംവലി രൂക്ഷമായി. മൊസാദ്ദെ​ഗ്​ഗിനെ പിരിച്ചുവിടാൻ ഷാ തീരുമാനിച്ചു. ഇതോടെ ജനങ്ങൾ തെരുവിലിറങ്ങുകയും ഷാ രാജ്യം വിടാൻ നി‍ർബന്ധിതനാവുകയയും ചെയ്തു. ഈ വിജയം അധികദിവസം നീണ്ടുനിന്നില്ല. യു എസ്സും യു കെയും ചേർന്ന് നടത്തിയ അട്ടിമറിയിലൂടെ മൊസാദ്ദെ​ഗിനെ രാജ്യദ്രോഹക്കുറ്റത്തിന് തടവിലാക്കുകയും ഷാ യെ വീണ്ടും അവരോധിക്കുകയും ചെയ്തു. ഇറാന് എണ്ണ സൗകര്യങ്ങളുടെ മേൽ നാമമാത്രമായ അധികാരം നൽകികൊണ്ട് ഒരു രാജ്യാന്തര കൺസോർഷ്യം രൂപീകരിക്കപ്പെട്ടു.

Arab nations condemn Israeli attack on Iran, urge international community to prevent conflict

ഇസ്രായേൽ വീണ്ടും ഇറാ​ന്റെ മിത്രം, ബിസിനസ് പങ്കാളിയുമാകുന്നു

മൊസാദ്ദെഗിന്റെ സർക്കാർ അട്ടിമറിക്കപ്പെട്ടതോടെ കാര്യങ്ങൾ നാടകീയമായി മാറി. ആ അട്ടിമറിയിലൂടെ ഷാ വീണ്ടും അധികാരത്തിൽ വന്നു, അദ്ദേഹം മേഖലയിലെ പാശ്ചാത്യരുടെ ഉറച്ച സഖ്യകക്ഷിയായി.ഇസ്രായേൽ ടെഹ്‌റാനിൽ എംബസി സ്ഥാപിച്ചു, ഒടുവിൽ 1970 കളിൽ അവർ അംബാസഡർമാരെ കൈമാറി. വ്യാപാര ബന്ധം വളർന്നു, താമസിയാതെ ഇറാൻ, ഇസ്രായേലിന്റെ ഒരു പ്രധാന എണ്ണ ദാതാവായി മാറി, ഇറാനിയൻ എണ്ണ ഇസ്രായേലിലേക്കും പിന്നീട് യൂറോപ്പിലേക്കും അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പൈപ്പ്‌ലൈൻ സ്ഥാപിച്ചു.

ഇറാനും ഇസ്രായേലും തമ്മിൽ വിപുലമായ സൈനിക, സുരക്ഷാ സഹകരണം ഉണ്ടായി, എന്നാൽ മേഖലയിലെ അറബ് രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ അത് മിക്കവാറും രഹസ്യമായി സൂക്ഷിച്ചു.

"ഇറാന്, ഇസ്രായേലിനെ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഇസ്രായേലിന് ഇറാനെ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം നല്ല രീതിയിൽ പോകാൻ മുൻകൈയെടുത്തത് ഇസ്രായേലായിരുന്നു, എന്നാൽ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗവും ഇറാൻ ) ആഗ്രഹിച്ചു, ആ സമയത്ത് ഇസ്രായേലിനെ ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു നല്ല മാർഗമായും ഷാ കണക്കാക്കിയിരുന്നു," ക്വിൻഡസ്‌ലാൻഡ് പറയുന്നു.

"സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയും ഉണ്ടായിരുന്നു, secret police of the Imperial State of Iran എന്ന ഇറാനിയൻ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം ( SAVAK- ഇത് 1957 രൂപീകരീക്കുകയും 1979-80 കളിൽ പിരിച്ചുവിടപ്പെടുകയും ചെയ്തു) മൊസാദിൽ നിന്ന് പരിശീലനം നേടിയിരുന്നു. ഇറാന് മറ്റിടങ്ങളിൽ നിന്ന് ലഭിക്കാവുന്ന കാര്യങ്ങളായിരുന്നു ഇവ, പക്ഷേ മിഡിൽ ഈസ്റ്റിൽ സിയോണിസ്റ്റ് വിരുദ്ധമല്ലാത്തതും ഇസ്രായേൽ വിരുദ്ധവുമല്ലാത്ത ഒരു സഹകാരി രാഷ്ട്രത്തെ ആവശ്യമായിരുന്നതിനാൽ ഇസ്രായേൽ അവ നൽകാൻ താൽപ്പര്യപ്പെട്ടു."എന്നാണ് മിഡിൽ ഈസ്റ്റ് രാഷ്ട്രീയ സംഭവവികാസങ്ങൾ വിലയിരുത്തന്ന പലരും അക്കാലത്ത് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെയുള്ള സഖ്യം, സുരക്ഷ, വ്യാപാരം എന്നിവയുടെ ആവശ്യകതയാണ് ഷായെ പ്രധാനമായും നയിച്ചതെന്നും "ഇസ്രായേലുമായുള്ള ഇടപാടുകളിൽ പലസ്തീനികളെ കുറിച്ച് അദ്ദേഹം വലിയ ആശങ്ക കാണിച്ചില്ലെന്നും" ക്വിൻഡസ്‌ലാൻഡ് ഇതിനെ അടിസ്ഥാനമാക്കി നിരീക്ഷിക്കുന്നുണ്ട്.

ഇറാനിലെ ഇസ്ലാമിസ്റ്റ് വിപ്ലവും മാറുന്ന രാജ്യാന്തര ബന്ധങ്ങളും

യൂറോപ്പിൽ പ്രത്യേകിച്ച് ജർമ്മനിയിലെ ഹിറ്റ്ലറിൽ നിന്ന് അതിക്രമങ്ങൾ നേരിട്ട ജൂതന്മാർക്ക് ഒരു മാതൃരാജ്യം സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്ത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സയണിസം ഉയർന്നുവന്നു. ഇതേസമയം തന്നെ ഇറാനിൽ ഷിയാ വിഭാ​ഗത്തിൽ നിന്ന് സയണിസത്തിനെതിരായ നിലപാടുകൾ രൂപപ്പെട്ടുവരുന്നുണ്ടായിരന്നു. 1979-ൽ, ഒരു വിപ്ലവത്തിൽ ഷാ അധികാരം അട്ടിമറിക്കപ്പെട്ടു, പുതിയൊരു ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിറന്നു. പുറം ലോകം കാണുന്നതിനപ്പുറമായിരുന്നു ഷായുടെ ഭരണകാലത്തെ ഇറാ​ന്റെ സ്ഥിതി​ഗതികളെന്ന് ഇറാൻ വിപ്ലവകാലത്ത് പുറത്തവന്ന ചില ലേഖനങ്ങൾ വ്യക്തമാക്കിയിരുന്നു. ഷാ യുടെ അടിച്ചമർത്തൽ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം അങ്ങനെ പുറംലോകത്ത് കണ്ടിരുന്ന വിസ്മയകാഴ്ചകൾക്കപ്പുറമായിരുന്നു ഇറാ​ന്റെ ആന്തരികമായ അവസ്ഥ. ഇറാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ നിരന്തരം സമരരം​ഗത്ത് ഉണ്ടായിരുന്നു. ഇസ്ലാമിസ്റ്റുകളും ഷായുടെ രാജഭരണത്തിനെതിരെ രം​ഗത്തു വന്നു. കമ്മ്യൂണികൾ അടിച്ചമർത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ചരിത്രവും ഷാ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കൂടിച്ചേർന്നാണ് ഇറാൻ വിപ്ലവത്തിന് അടിത്തറ പാകിയത്. ഷായെ പുറത്താക്കി ഇസ്ലാമിക ഭരണകൂടം അധികാരത്തെലത്തി.

വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റുഹുള്ള ഖൊമേനി, മുഖ്യമായും ഇസ്ലാമിനെ അടിസ്ഥാനമാക്കിയ ലോകവീക്ഷണം മുന്നോട്ടുവച്ചു. , സ്വന്തം താൽപ്പര്യങ്ങൾക്കായി പലസ്തീനികൾ ഉൾപ്പെടെയുള്ള മറ്റുള്ളവരെയൊക്കെ അടിച്ചമർത്തുന്ന "അഹങ്കാരികളായ" ലോകശക്തികളെയും അവരുടെ പ്രാദേശിക സഖ്യകക്ഷികളെയും എതിർക്കണമെന്ന് ആയത്തുള്ള റുഹുള്ള ഖൊമേനി വാദിച്ചു. ഇസ്രായേലിനെ ചെറിയ സാത്താൻ എന്നും യു എസ്സിനെ വലിയ സാത്താനെന്നും ഇറാൻ വിശേഷിപ്പിച്ചു.

ഇറാൻ, ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു; പൗരന്മാർക്ക് ഇനി യാത്ര ചെയ്യാൻ കഴിയില്ല, വിമാന റൂട്ടുകൾ റദ്ദാക്കി; ടെഹ്‌റാനിലെ ഇസ്രായേൽ എംബസി പലസ്തീൻ എംബസിയായി രൂപാന്തരപ്പെട്ടു.മുസ്ലീം പുണ്യമാസമായ റമദാനിലെ എല്ലാ അവസാന വെള്ളിയാഴ്ചയും ഖുദ്‌സ് ദിനമായി (Quds Day). അന്നുമുതൽ ഇറാനിലുടനീളം പലസ്തീനികളെ പിന്തുണച്ച് ആ ദിവസം വലിയ റാലികൾ നടന്നുവരുന്നു. ജറുസലേം അറബിയിൽ അൽ-ഖുദ്‌സ് (al-Quds )എന്നാണ് അറിയപ്പെടുന്നത്.

പലസ്തീൻ പ്രശ്‌നത്തെ അറബ് ദേശീയ പ്രശ്നം എന്നതിൽ നിന്ന് മാറ്റി ഇസ്ലാമിക പ്രശ്നമാക്കി മാറ്റാൻ ഇറാൻ ശ്രമിച്ചുവെന്ന് ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ്‌ക്രാഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രിത പാഴ്സി അഭിമുഖത്തിൽ പറയുന്നുണ്ട്. "അറബ്-പേർഷ്യൻ ഭിന്നതയെയും സുന്നി-ഷിയാ ഭിന്നതയെയും മറികടക്കാൻ, ഇസ്ലാമിക ലോകത്ത് തങ്ങളുടെ നേതൃത്വപരമായ യോഗ്യതകൾ ഉയർത്തിക്കാട്ടാനും അമേരിക്കയുമായി സഖ്യമുള്ള അറബ് ഭരണകൂടങ്ങളെ പ്രതിരോധത്തിലാക്കാനും ഇറാൻ, പലസ്തീൻ വിഷയത്തിൽ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിച്ചു," എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മിത്രങ്ങൾ ശത്രുക്കളായപ്പോൾ

ഇതോടെ പശ്ചിമേഷ്യയിൽ തങ്ങളുടെ ശക്തിയും സ്വാധീനവും ഉറപ്പിക്കാനും വളർത്താനും ഇരുപക്ഷവും ശ്രമിച്ചതോടെ നാലരപതിറ്റാണ്ടായി ഈ ശത്രുത വളർന്നു.ഇപ്പോൾ, ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവയുൾപ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയ, സായുധ ഗ്രൂപ്പുകളുടെ ഒരു "പ്രതിരോധ അച്ചുതണ്ട്" ശൃംഖലയെ ഇറാൻ പിന്തുണയ്ക്കുന്നു, അവർ പലസ്തീൻ പിന്തുണയ്ക്കുകയും ഇസ്രായേലിനെ പ്രധാന ശത്രുവായി കാണുകയും ചെയ്യുന്നു.

മറുവശത്ത് വർഷങ്ങളായി, ഇറാനിയൻ ഭരണകൂടത്തെ അക്രമാസക്തമായി എതിർക്കുന്ന വിവിധ ഗ്രൂപ്പുകളെ ഇസ്രായേൽ പിന്തുണയക്കുന്നു "ഭീകര" സംഘടനകളായി അവർ വിശേഷിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇറാൻ പറയുന്നു. യൂറോപ്പ് ആസ്ഥാനമായുള്ള സംഘടനയായ മൊജാഹിദീൻ-ഇ ഖൽഖ് (MEK), ഇറാന്റെ തെക്കുകിഴക്കൻ സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ സുന്നി സംഘടനകൾ, ഇറാഖി കുർദിസ്ഥാനിൽ ആസ്ഥാനമായുള്ള കുർദിഷ് സായുധ ഗ്രൂപ്പുകൾ എന്നിവ അവയിൽ ഉൾപ്പെടുന്നു.

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവര്‍ത്തനം നടക്കുന്നു/ചിത്രം: എഎഫ്പി

സംഘ‍ർഷങ്ങൾ: നിഴൽ യുദ്ധം മുതൽ നേർക്കു നേർ വരെ

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ പ്രത്യയശാസ്ത്രങ്ങളിലോ നിഴൽ യുദ്ധങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.

ഇരുവരുടെയും താൽപ്പര്യ മേഖലകളിലും സ്വാധീന മേഖലകളിലും നടക്കുന്ന ആക്രമണ പരമ്പരകൾക്ക് പിന്നിൽ പരസ്പരം പഴിചാരുന്നു, എന്നാൽ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ല എന്ന് പരസ്യമായി നിഷേധിക്കുകയും ചെയ്യുന്നു. ശത്രുത വളർന്നുവരുന്നതിനനുസരിച്ച് ഇത് "നിഴൽ യുദ്ധം" എന്ന് അറിയപ്പെട്ടു,‌. വർഷങ്ങൾ കഴിയുന്തോറും ഇത് കൂടുതൽ കൂടുതൽ പരസ്യമായി വ്യാപിച്ചു. പ്രോക്സി സംഘടനകളെ ഉപയോ​ഗിച്ചുള്ള യുദ്ധങ്ങൾ, സൈബർ ആക്രമണം, രഹസ്യ സൈനിക നടപടികൾ എന്നിങ്ങനെ നിഴൽ യുദ്ധം‌ ശക്തിയാ‍ർജ്ജിച്ചു.

ഇറാന്റെ ആണവ പദ്ധതിയാണ് ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിൽ ചിലതിന്റെയെങ്കിലും കേന്ദ്രബിന്ദു. ഇസ്രായേൽ ആണവായുധ ശേഖരം രഹസ്യമായി കൈവശം വച്ചിട്ടുണ്ടെന്ന്ആരോപിക്കുന്നുണ്ട് പല രാജ്യങ്ങളും, ഇറാനെ ഒരു ആണവ ബോംബ് വികസിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നാണ് ഇസ്രായേലും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന നിലപാട്. എന്നാൽ, തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. .

ഈ നൂറ്റാണ്ടി​ന്റെ തുടക്കം മുതൽ ഇറാ​ന്റെ ആണവകേന്ദ്രങ്ങൾക്കെതിരായുള്ള ആക്രമണങ്ങൾ വളരെ ശക്തമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാക്കിയ സ്റ്റക്സ്നെറ്റ് മാൽവെയറിന് പിന്നിൽ ഇസ്രായേലും യുഎസും ആണെന്ന് ആരോപണം ഉയർന്നിരുന്നു. വർഷങ്ങളായി, ഇറാന്റെ ആണവ, സൈനിക സൗകര്യങ്ങൾക്ക് നേരെ നിരവധി അട്ടിമറി ആക്രമണങ്ങൾ നടന്നിട്ടുണ്ട്, അതിന് ഇസ്രായേലിനെയാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്. ‌‌ഇറാന്റെ നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഇസ്രായേലിനെ "ഒരു കാൻസർ ട്യൂമർ" എന്നാണ് വിശേഷിപ്പിച്ചത്

ആയത്തുല്ല അലി ഖൊമൈനി

ഉന്നതരായ ആണവ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പലപ്പോഴും സായുധ ആക്രമണങ്ങൾ നടന്നത്. ഇറാന് ശക്തമായ ആഘാതം ഏൽപ്പിച്ച വധം നടന്നത് 2020-ൽ ആയിരുന്നു. ഇറാ​ന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയെ ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ ഘടിപ്പിച്ച, ഉപഗ്രഹ നിരീക്ഷണമുള്ള, AI നിയന്ത്രിത മെഷീൻ ഗൺ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയതായിരുന്നു അത്. അതിന് ശേഷം ആ ട്രക്ക് പൊട്ടിത്തെറിച്ചു ഇതിന് പിന്നിൽ ഇസ്രായേൽ ആണെന്നും ഇറാൻ ആരോപിച്ചു.

തിരിച്ചടിയായി, ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള നിരവധി ഡ്രോൺ ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും ഉൾപ്പെടെ ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ഇസ്രായേലും പാശ്ചാത്യ സഖ്യകക്ഷികളും ആരോപിക്കുന്നു.

നിലവിലെ സാഹചര്യത്തിലേക്ക് നീങ്ങിയത് ഇങ്ങനെ

കഴിഞ്ഞ ഒക്ടോബറിൽ പരസ്പരം മിസൈലുകളും ഉപയോ​ഗിച്ച് ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കളെയും ഒരു മുതിർന്ന ഇറാനിയൻ കമാൻഡറെയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ഇറാൻ നടത്തിയ ആക്രമമം. ഇതിനെതിരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയെ ജൂലൈ 31 ന് ഇറാൻ സന്ദർശനത്തിനിടെ അദ്ദേഹം താമസിച്ചിരുന്നിടത്ത് ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.സെപ്റ്റംബർ 27 ന് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വച്ച് ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയും ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫറൂഷാനും അവരുടെ താമസസ്ഥലത്ത് കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇസ്രായേൽ എന്നാണ് എന്ന് ആരോപണം ഉയർന്നിരുന്നു. ഇതാണ് ഒക്ടോ‍ബറിൽ ഇറാൻ നടത്തിയ ബാലസ്ററിക് മിസൈൽ ആക്രമണത്തിന് കാരണമായത്. ഇതിന് മുമ്പ് ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് സമുച്ചയത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായായിരുന്നു ആ ആക്രമണം. ഇറാന്റെ വിദേശ ഖുദ്‌സ് ഫോഴ്‌സിലെ ഏഴ് അംഗങ്ങൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ മുതിർന്ന ഖുദ്‌സ് ഫോഴ്‌സ് കമാൻഡറും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമായിരുന്നു.

ഈ ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ​ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. ഹമാസിന് തിരിച്ചടി എന്ന നിലയിൽ തുടങ്ങിയ ആക്രമണം അതിഭീമമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത് കുട്ടികളും സ്ത്രീകളുമടക്കം നിരവധി പലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനൊപ്പം ഹിസ്ബുല്ല, ഹൂതി മേഖലകളിലും ആക്രമിക്കുകയും ചെയ്തു. ഇറാനുമായുള്ള സംഘർഷവും വർദ്ധിച്ചു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോപ്സിന്റെ തലവനായ ഹൊസൈൻ സലാമി, മറ്റൊരു ഉന്നത ഐആർജിസി ഉദ്യോഗസ്ഥൻ, രണ്ട് ആണവ ശാസ്ത്രജ്ഞർ എന്നിവരാണ് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 1980-കളിലെ ഇറാഖ് യുദ്ധത്തിനുശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് വിലയിരുത്തുന്നവരുണ്ട്. ഇതാണ് സംഘർഷാവസ്ഥ രൂക്ഷമാക്കാൻ കാരണമായി പറയുന്നത്.

ഇറാനിൽ നടത്തിയ ആക്രണം

ഇസ്രായേലിന്റെയും ഇറാന്റെയും സൈനിക ശേഷികൾ എന്തൊക്കെയാണ്? ആണവായുധം ഉണ്ടോ?

ഭൂമിശാസ്ത്രപരമായി ഇറാൻ ഇസ്രായേലിനേക്കാൾ വളരെ വലുതാണ്, ഇറാനിൽ ഏകദേശം 90 ദശലക്ഷം ജനസംഖ്യയുണ്ട്, ഇസ്രായേലിന്റെ ഏകദേശം 10 മടങ്ങ്. എന്നാൽ ഈ ജനസംഖ്യ അവരുടെ സൈനിക ശക്തിയല്ല.

ഇറാ​ന്റെ കൈവശം വൻ തോതിൽ മിസൈലുകളും ഡ്രോണുകളും ഉൾപ്പടെ വലിയൊരു ആയുധശേഖരം അവർക്കുണ്ട്.റഷ്യ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഗണ്യമായി നവീകരിച്ചിട്ടുണ്ട്. യുക്രൈനിനെതിരായ യുദ്ധത്തിൽ ഇറാൻ, റഷ്യക്ക് നൽകിയ സൈനിക പിന്തുണയ്ക്ക് പകരമായി, റഷ്യ ഇറാനുമായി സഹകരിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാന് Su-35 യുദ്ധവിമാനങ്ങളും നൂതനമായ S-300 വ്യോമ പ്രതിരോധ മിസൈൽ സംവിധാനവും റഷ്യ നൽകിയിട്ടുണ്ട് എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നി​ഗമനം.

ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമസേനകളിൽ ഒന്നാണ് ഇസ്രായേലിനുള്ളത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (IISS) റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിന് കുറഞ്ഞത് 14 സ്ക്വാഡ്രണുകൾ ജെറ്റ് വിമാനങ്ങളുണ്ട് - അതിൽ F-15, F-16, ഏറ്റവും പുതിയ F-35 സ്റ്റെൽത്ത് ജെറ്റ് എന്നിവ ഉൾപ്പെടുന്നു. ശത്രുവി​ന്റെ മേഖലയിൽ ആക്രമണം നടത്തിയ പരിചയം ഇസ്രായേലിനുണ്ട്.

മേഖലയിലെ മറ്റ് രാജ്യങ്ങളുടെ നിലപാട്

മേഖലയിലെ നിരവധി അറബ് രാജ്യങ്ങൾ കൂടുതൽ പാശ്ചാത്യ പിന്തുണ തേടിക്കൊണ്ട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിച്ചിരുന്നു. അതേസമയം, മേഖലയിലെ മറ്റൊരു ശക്തികേന്ദ്രമായ സൗദി അറേബ്യ, മാർച്ചിൽ ചൈന മധ്യസ്ഥത വഹിച്ച ഒരു കരാറിനെത്തുടർന്ന് ഏഴ് വർഷത്തിന് ശേഷം 2023 ൽ ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇതിനിടയിൽ സൗദിയെയും ഇസ്രായേലിനെയും കൂടുതൽ നല്ലബന്ധത്തിലാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നുവെങ്കിലും അത് കാര്യമായി ഫലം കണ്ടിരുന്നില്ല എന്ന നേരത്തെ ചില മാധ്യമങ്ങൾ റിപ്പോ‍ർ ചെയ്തിരുന്നു. ​ഗാസയിലെ ഇസ്രായേൽ ആക്രമണമാണ് അമേരിക്കൻ ഇടപെടൽ ഫലം കാണാതെ പോയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ‍

ഈ നിലപാടി​ന്റെ ഭാ​ഗമാകണം സൗദിയുടെ ഇന്നത്തെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ . സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ അപലപിച്ചു.

ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ആദ്യ അറബ് രാഷ്ട്രമാണ് സൗദി അറേബ്യ. സഹോദര രാഷ്ട്രമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരായ ഇസ്രായേലിന്റെ നഗ്നമായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഇത് അവരുടെ പരമാധികാരത്തെയും സുരക്ഷയെയും അട്ടിമറിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഈ പ്രദേശത്തെ അറബ് രാഷ്ട്രങ്ങളിൽ പലതും നേരത്തെ ഇസ്രായേലുമായും പാശ്ചാത്യ രാജ്യങ്ങളുമായും ബന്ധം പുലർത്തിയത് സോവിയറ്റ് യൂണിയനെ പ്രതിരോധിക്കുന്നതിനായിരുന്നു എന്ന നിരീക്ഷിക്കുന്നവരുണ്ട്. എന്നാൽ സോവിയറ്റ് യൂണിയ​ന്റെ തകർച്ചയോടെ ആ ആവശ്യം ഇല്ലാതായി. നിലവിൽ ഇറാനും ഇസ്രായേലും തമ്മിൽ നല്ലബന്ധം രൂപപ്പെടാനുള്ള സാധ്യതകളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക അധീശത്വം ഒഴിവാക്കണമെന്നത് ഇറാൻ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യമാണ്. . ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ എന്ന് വിലയിരുത്തുന്നവർ ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങൾ ആക്രമിച്ചിട്ടുണ്ട്. അതേസമയം ഈ മേഖലയിൽ നിന്ന് യു എസ് സൈന്യത്തിനെ പിൻവലിക്കുന്നതിനെ ഇസ്രായേൽ എതിർക്കുന്നു.

ബെഞ്ചമിന്‍ നെതന്യാഹു

ട്രംപി​ന്റെ ഇടപെടൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ

ഇറാനും, അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലഘട്ടത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതകൾ വിരളമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സാസൻ ഫയാസ്‌മനേഷ്‌ വിലയിരുത്തുന്നു. ഇസ്രായേൽ, ഇറാനെതിരെ നടത്തിയ ആക്രമണത്തിന് മുൻപ് നടത്തിയ ഈ വിലയിരുത്തൽ അമേരിക്ക ഇറാൻ ബന്ധങ്ങളിലെ സങ്കീർണതകളും അതിൽ ഇസ്രായേൽ വഹിക്കുന്ന പങ്കും ഉയർന്നു വരുന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ എമിരറ്റസ് പ്രൊഫസറായ സാസൻ ഫയാസ്‌മനേഷ്‌, കണ്ടയ്‌നിങ് ഇറാൻ: ഒബാമസ് ടഫ് ഡിപ്ലോമസി എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഇറാനുമായുള്ള ബന്ധങ്ങൾ പ്രസിഡന്റ് ട്രംപ് മെച്ചപ്പെടുത്തുമെന്നുള്ള പ്രതീക്ഷകൾ യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന ഫയാസ്‌മനേഷിൻറെ വിലയിരുത്തലിനെ ശരി വയ്ക്കുന്നതാണ് ഇസ്രായേൽ നടപടി.

ഡൊണാൾഡ് ട്രംപുമായി ഇടപെടുമ്പോൾ, അമേരിക്കയിലെ മിക്കവാറും പകുതി വോട്ടർമാരും നേരിടുന്നതു പോലുള്ള ഒരു സമസ്യ ഇറാനും നേരിടുന്നു. ട്രംപിനെ പോലൊരു വ്യക്തിക്ക് രാജ്യത്തിന്റെ നിയമങ്ങൾ നടപ്പാക്കാൻ കഴിയുമോ? ഇത്തരം ഒരു പ്രസിഡന്റിന്റെ ഭരണത്തെ ഗൗരവത്തോടെ കാണാനാവുമോ? ഇവിടെ യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുക്കൽ ഉണ്ടോ? ഇത്തരം ദ്വന്ദ്വങ്ങളാണ് അമേരിക്കക്കാർ നേരിടുന്നത്. ഇറാനിന്റെ വീക്ഷണത്തിൽ ഒന്നു കൂടി കൂട്ടിച്ചേർക്കാം: തന്റെ മുൻ ഭരണത്തിൽ ട്രംപ് ഇറാനിനോട് വളരെയധികം ശത്രുത കാണിച്ചിട്ടുണ്ട്, ഉദാഹരണമായി, 2015-ലെ ജോയിന്റ് കോംപ്രിഹെൻസിവ് പ്ലാൻ ഓഫ് ആക്ഷൻ വിട്ടുപോകുകയും ഇറാനിലെ ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതെല്ലാം മറികടന്ന് ഇറാന് അദ്ദേഹത്തോടൊപ്പം ഒരു “ഒപ്പം” സൃഷ്ടിക്കാൻ സാധിക്കുമോ? എന്ന് സാസൻ ഫയാസ്‌മനേഷ്‌ ഉന്നയിച്ച ചോദ്യം സംഘർഷം രൂക്ഷമാകുന്ന സമയത്ത് കൂടുതൽ പ്രസക്തമാകുന്ന ഒന്നാണ്.

ഈ മേഖലയിൽ ആധിപത്യത്തിനും അധികാരത്തിനും വേണ്ടിയുള്ള ഒരു മത്സരമാണിത്, രണ്ട് രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നീണ്ടു നിൽക്കുന്ന സംഘർഷമാണ്. കഴിഞ്ഞ ഒരു ദശകത്തോളമായി യുദ്ധത്തിന്റെ തീവ്രതയില്ലാത്ത എന്നാൽ സായുധ സംഘർഷങ്ങൾ പല നിലകളിൽ ഈ രണ്ട് രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്. അത് അടുത്തിടെയൊന്നും അവസാനിക്കുന്ന ലക്ഷണങ്ങൾ ആരും പ്രവചിക്കുന്നില്ല.

അവലംബം:

കൗണ്ടർ പഞ്ച്, ബി ബി സി, അൽ ജസീറ, റോയിട്ടേഴ്സ്, എപി എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച് ലേഖനങ്ങൾ, റിപ്പോർട്ടുകൾ.

ഇസ്രായേൽ, ഇറാൻ, പലസ്തീൻ, എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ പുസ്തകങ്ങൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT