ഇറാന്റെ ടാര്‍ഗറ്റ് ലിസ്റ്റില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കും സ്‌പേസ് എക്‌സും | പ്രതീകാത്മക ചിത്രം AI Generated
World

ഇറാന്റെ ടാര്‍ഗറ്റ് ലിസ്റ്റില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കും സ്‌പേസ് എക്‌സും; ആക്രമണത്തിന് അമേരിക്ക സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചുവെന്ന് ആരോപണം

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പശ്ചിമേഷ്യയിലെ അടിസ്ഥാനസൗകര്യങ്ങളാണ് ഇറാന്റെ പുതിയ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ കമ്പനികളെ സൈനിക ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പശ്ചിമേഷ്യയിലെ അടിസ്ഥാനസൗകര്യങ്ങളാണ് ഇറാന്റെ പുതിയ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനുമായി ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മിഡില്‍ ഈസ്റ്റിലും ഇസ്രായേലിലുമുള്ള മസ്‌കിന്റെ സാമ്പത്തിക സ്രോതസുകള്‍ മുഴുവനായും പുതിയ ലക്ഷ്യപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍, ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലുള്ള സ്റ്റാര്‍ലിങ്ക് ഗ്രൗണ്ട് സ്റ്റേഷനുകളും സ്‌പേസ് എക്‌സുമായി ബന്ധപ്പെട്ട നിക്ഷേപ സൗകര്യങ്ങളും ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളില്‍ സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യയും മസ്‌കുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളും ഉപയോഗിക്കപ്പെടുന്നുവെന്നാണ് ഇറാന്റെ ആരോപണം. തെക്കന്‍ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ പങ്കുവഹിച്ചുവെന്നും ഫാര്‍സ് ഉദ്ധരിച്ച ഉറവിടങ്ങള്‍ അവകാശപ്പെടുന്നു. ഇതേ തുടര്‍ന്നാണ് മസ്‌കിന്റെ സ്ഥാപനങ്ങളെ സൈനിക ലക്ഷ്യങ്ങളായി പരിഗണിക്കാന്‍ ഇറാന്‍ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം സൈനികരംഗത്ത് സ്റ്റാര്‍ലിങ്കിന്റെ പ്രാധാന്യം വര്‍ധിച്ചിരുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് യുദ്ധഭൂമികളില്‍ ആശയവിനിമയത്തിനും ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിച്ച സാഹചര്യത്തില്‍, സ്വകാര്യ സാങ്കേതിക കമ്പനികളുടെ പങ്ക് ലോക രാഷ്ട്രീയത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇറാനില്‍ മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്കും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കുമിടയില്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിച്ച് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതും ശ്രദ്ധേയമാണ്. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളുടെ ഉപയോഗം തടയാന്‍ ഇറാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഇറാന്റെ ഈ മുന്നറിയിപ്പിനെക്കുറിച്ച് എലോണ്‍ മസ്‌കോ സ്‌പേസ് എക്‌സോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വൈറ്റ് ഹൗസും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Musk's Starlink and SpaceX on Iran's target list; US accused of using Starlink for attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

NEET UG പരീക്ഷാ സമയം കൂട്ടി, ബുക്ക്‌ലെറ്റിലും മാറ്റം; പരിഷ്‌കാരങ്ങളുമായി NTA

'എന്നെ തരക്കേടില്ലാതെ അനുകരിച്ച മെലിഞ്ഞ പയ്യന്‍; അധിമാര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്'

'കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 56 lottery result

SCROLL FOR NEXT