കാബൂള്‍: താലിബാന്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങി. അധികാരകൈമാറ്റത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും.
അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.
യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കി. പ്രത്യേക വിമാനങ്ങളില്‍ ഉദ്യോഗസ്ഥരെ മിന്നല്‍ വേഗത്തില്‍ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാന്‍ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങള്‍ അതിവേഗം കീഴടക്കാന്‍ താലിബാന് കഴിഞ്ഞത്. അഫ്ഗാന്‍ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.
കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കാം. എന്നാല്‍ നിലവില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
താലിബാന്‍ ഉടന്‍തന്നെ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ആശങ്കയ്ക്കിടെ ഇവിടെനിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അഫ്ഗാനിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ജലാദാബാദ് താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ചെറിയ രീതിയിലുള്ള ആക്രമണങ്ങള്‍ പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജലാദാബാദ് ഗവര്‍ണര്‍ കീഴടങ്ങിയതിനാലാണ് ആക്രമണങ്ങള്‍ നടക്കാതിരുന്നതെന്നാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വക്താക്കള്‍ നല്‍കുന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates