ധാക്ക: ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് രാജ്യത്തെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടര്‍ അമിനുല്‍ ഇസ്ലാം. ഹസീനയ്ക്കെതിരായ വധശിക്ഷാ വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ഹസീന പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2024 ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്തായതോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് കടന്നത്. പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് പദ്ധതിയെന്ന് ഓഗസ്റ്റില്‍ ഹസീന അറിയിച്ചിരുന്നു. ജയിലിലടയ്ക്കുമെന്നോ കൊല്ലപ്പെടുമെന്നോ ഉള്ള ഭയം തന്നെ ഉത്തരവാദിത്തത്തില്‍നിന്ന് പിന്തിരിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബംഗ്ലാദേശ് ഹൈക്കമ്മിഷനില്‍നിന്ന് പുതിയ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹസീന അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ വഴിയാണ് ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് അപേക്ഷ കൈമാറിയത്. എന്നാല്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാള്‍ക്ക് യാത്രാരേഖകള്‍ അനുവദിക്കാന്‍ നിയമപരമായ സാധ്യതയില്ലെന്നാണ് അമിനുല്‍ ഇസ്ലാമിന്റെ നിലപാട്. വിധി പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ ഹസീന മടങ്ങിയെത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സര്‍ക്കാരിനോട് കൈമാറല്‍ കരാര്‍ പ്രകാരം തന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ഹസീന രേഖാമൂലം ആവശ്യപ്പെടണമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേസമയം, ഹസീനയുടെ പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ നിരസിച്ചതായി ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. ഇന്ത്യ-ബംഗ്ലാദേശ് കൈമാറല്‍ കരാര്‍ പ്രകാരം ഹസീനയെ കൈമാറണമെന്ന് ധാക്ക വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹസീനയുടെ കൈമാറല്‍ ആവശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates