വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ അടുത്തയാഴ്ച ചൈനയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന ചരിത്രപ്രധാനമായ ത്രികക്ഷി കൂടിക്കാഴ്ചയാകും ഇത്. ചൈനയിലെ തെക്കന്‍ നഗരമായ ഷെന്‍ഷെനില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ട്രംപ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയില്‍സ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ലോകത്ത് ആണവായുധങ്ങളുടെ വ്യാപനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വക്താവ് പറഞ്ഞു. ആണവായുധങ്ങളുടെ വ്യാപനം അതീവ അപകടകരമാണെന്നാണ് ട്രംപിന്റെ നിലപാടെന്നും അവര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ആണവശക്തികളായ മൂന്ന് രാജ്യങ്ങളുടെ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഇറാന്‍ വിഷയവും ഉയര്‍ന്നുവന്നേക്കും. എന്നാല്‍ യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചയുടെ ഭാഗമാകില്ലെന്നാണ് സൂചന. കൂടിക്കാഴ്ച സംബന്ധിച്ച് റഷ്യ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചര്‍ച്ചകള്‍ക്കുശേഷം പ്രത്യേക കരാറുകളോ ധാരണകളോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായ എപി, റോയിട്ടേഴ്സ് എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ഷെന്‍ഷെനിലെത്തുന്ന ട്രംപ് രണ്ട് ദിവസം നീളുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. 21 അംഗരാജ്യങ്ങളാണ് എപെക് ഉച്ചകോടിയിലുള്ളത്. വ്യാഴാഴ്ച ഷി ജിന്‍പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. 2025ല്‍ വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ഇരുവരും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്.
അമേരിക്കന്‍ പ്രസിഡന്റ്, ചൈനീസ് പ്രസിഡന്റ്, റഷ്യന്‍ പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കുന്ന ത്രികക്ഷി കൂടിക്കാഴ്ചയോടെ ട്രംപിന്റെ ചൈന സന്ദര്‍ശനം അവസാനിക്കുമെന്ന് ഒലിവിയ വെയില്‍സ് അറിയിച്ചു. ചൊവ്വാഴ്ച ഫിലിപ്പീന്‍സില്‍ നടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും അമേരിക്കന്‍ ജനതയ്ക്കായി ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും സന്ദര്‍ശനം സഹായിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍.
അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറിന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവായുധ ശേഖരങ്ങള്‍ക്കുമേലുള്ള പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാതായി. ശീതയുദ്ധകാലത്ത് ആരംഭിച്ച ആയുധ നിയന്ത്രണ സഹകരണത്തിന്റെ അവസാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പുതിയ ചട്ടക്കൂടിന് ഇരുരാജ്യങ്ങളും അടിയന്തരമായി ധാരണയിലെത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയെയും ഉള്‍പ്പെടുത്തി നിലവിലുള്ള കരാറിനേക്കാള്‍ മികച്ചൊരു കരാര്‍ കൊണ്ടുവരാനാകുമെന്നാണ് ട്രംപ് പ്രതികരിച്ചത്. ചൈന ആണവായുധ ശേഖരം വര്‍ധിപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
എന്നാല്‍ ചൈനയുടെയും റഷ്യയുടെയും സഹകരണം ഉറപ്പാക്കാനുള്ള ശ്രമം വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും അതിന് വര്‍ഷങ്ങളെടുക്കാമെന്നും മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും വിദഗ്ധരും നേരത്തെ പറഞ്ഞിരുന്നു. 2022ല്‍ യുക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിച്ചതിനുശേഷം മോസ്‌കോയുടെ പ്രധാന വ്യാപാര പങ്കാളിയായി ബെയ്ജിങ് മാറിയിട്ടുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമായത്.
അതേസമയം, റഷ്യയില്‍നിന്ന് ഡീസല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അമേരിക്കയുടെ വിവാദ നീക്കവും റഷ്യന്‍ എണ്ണ, വാതക ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചതും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. റഷ്യയോടുള്ള ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിന്റെ സൂചനയായാണ് ഈ നടപടികളെ അവര്‍ കണ്ടത്. ട്രംപും ഷി ജിന്‍പിങ്ങും ഈ വര്‍ഷം ബെയ്ജിങ്ങിലും വാഷിങ്ടനിലും നടന്ന ഉച്ചകോടികളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരം, എഐ രംഗത്തെ ആധിപത്യത്തിനായുള്ള മത്സരം, തായ്വാന്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഇറാനിലെ യുദ്ധവും അമേരിക്ക-ചൈന ബന്ധത്തില്‍ തര്‍ക്കവിഷയമായി തുടരുകയാണ്. ഇറാന്റെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യവും പ്രധാന വ്യാപാര പങ്കാളിയും ചൈനയാണ്. എപെക് ഉച്ചകോടിക്കിടെ ഷി ജിന്‍പിങ് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വെള്ളിയാഴ്ച ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ട്രംപ്, പുടിന്‍, ഷി ജിന്‍പിങ് എന്നിവര്‍ പങ്കെടുക്കുന്ന ത്രികക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് മാധ്യമങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചകോടിക്കിടെ ഇത്തരമൊരു കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഈ മാസം ആദ്യം ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates