വാഷിങ്ടൺ: വൈദഗ്ധ്യമുള്ള വിദേശതൊഴിലാളികൾക്ക് അമേരിക്ക നൽകുന്ന എച്ച്-1ബി വിസ അപേക്ഷകൾക്ക് കനത്ത ഫീസ് ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഐ ടി പ്രൊഫഷണലുകൾ ഉൾപ്പെടെ വൈദഗ്ധ്യമുള്ള വിദേശതൊഴിലാളികൾക്ക് നൽകുന്ന എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (ഏകദേശം 98 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്താനാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാവകുപ്പിന്റെ നിർദേശം.
നിലവിലുള്ള ഫീസുകൾക്ക് പുറമേയാണിത്. എച്ച്-1ബി വിസയുടെ 70 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിൽ യുഎസ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാണ്. യു എസ് സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ നേടിയവർക്ക് ലഭിക്കുന്ന ‘അഡ്വാൻസ്ഡ് ഡിഗ്രി എക്സംപ്ഷൻ’ വിഭാഗത്തിലെ അപേക്ഷകൾക്കും അധിക ഫീസ് ബാധകമാകുന്നതാണ്.
നിലവിൽ പ്രതിവർഷം 65,000 എച്ച്-1ബി വിസകളാണ് സാധാരണ വിഭാഗത്തിൽ അനുവദിക്കുന്നത്. ഇതിനു പുറമേ യുഎസിൽനിന്ന് മാസ്റ്റേഴ്സോ അതിനുമുകളിലോ യോഗ്യത നേടിയവർക്ക് 20,000 വിസകൾ കൂടി അനുവദിക്കുന്നുണ്ട്. ഈ 85,000 വിസാ അപേക്ഷകളെയാണ് പുതിയ നിർദേശം ലക്ഷ്യമിടുന്നത്. എച്ച്-1ബി അപേക്ഷകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പരിശോധന, ഫെഡറൽ ഏജൻസികളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന ചെലവ് തിരിച്ചുപിടിക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നതെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.
അധികഫീസ് ഏർപ്പെടുത്തുന്നതു വഴി പ്രതിവർഷം ഏകദേശം 880 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. നിർദേശങ്ങളിൽ ജനങ്ങളിൽ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. 30 ദിവസത്തിനകം അറിയിക്കാനാണ് നിർദേശം. അതിനുശേഷമാകും അന്തിമ തീരുമാനം. കഴിഞ്ഞവർഷം എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർഫീസ് ഏർപ്പെടുത്താനുള്ള നീക്കം കോടതി മരവിപ്പിച്ചിരുന്നു.
അധിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ ഇന്ത്യൻ-അമേരിക്കൻ അഭിഭാഷക ഗ്രൂപ്പ് ആശങ്ക ഉന്നയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്റ്റാർട്ടപ്പുകളെയും എച്ച്-1ബി തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന കമ്പനികളെയും പുതിയ നീക്കം ദോഷകരമായി ബാധിക്കുമെന്ന് അവർ വ്യക്തമാക്കി. എച്ച്-1ബി വർക്ക് വിസകൾക്ക് കനത്ത ഫീസ് ഏർപ്പെടുത്തുന്നത് നിയമാനുസൃതമായ നിയമനങ്ങളെ സാമ്പത്തികമായി അപ്രായോഗികമാക്കുമെന്ന് ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates