ഖമനേയിയുടെ പ്രഭാഷണം  എക്സ്
World

ഇസ്രയേല്‍ അമേരിക്കയുടെ 'ഉപകരണം', സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയും; ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഖമനേയി

നസ്റല്ലയുടെനേതൃത്വത്തിന് കീഴില്‍ വളര്‍ന്ന 'അനുഗ്രഹീത വൃക്ഷ'മാണ് ഹിസ്ബുല്ലയെന്ന് ഖമനേയി

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്റാനിലെ പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ പ്രഖ്യാപനം. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിച്ച ഖമനേയി, അത് ഒരു 'പൊതു സേവനം' ആണെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കയെ പേപ്പട്ടിയെന്നും, ഇസ്രയേലിനെ രക്തരക്ഷസെന്നും ഖമനേയി വിശേഷിപ്പിച്ചു.

ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേല്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന അനുനായികളുടെ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് ഖമനേയിയുടെ പ്രഭാഷണം. അഞ്ച് വര്‍ഷത്തിനിടെ ഖമേനയിയുടെ ആദ്യ വെള്ളിയാഴ്ച പ്രഭാഷണമാണ് നടന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ ജീവനു ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരസ്യമായി പ്രഭാഷണത്തിനെത്തിയത്.

സയ്യിദ് ഹസ്സന്‍ നസ്റല്ലയുടെനേതൃത്വത്തിന് കീഴില്‍ വളര്‍ന്ന അനുഗ്രഹീത വൃക്ഷമാണ് ഹിസ്ബുല്ലയെന്ന് ഖമനേയി പറഞ്ഞു. നസ്റല്ല ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹത്തിന്റെ പാതയും എന്നേക്കും നമ്മെ പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്നു നില്‍ക്കുന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം കൂടുതല്‍ വര്‍ദ്ധിപ്പിക്കും. നസ്‌റല്ലയുടെ നഷ്ടം വെറുതെയല്ല. നമ്മുടെ അചഞ്ചലമായ വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട് ശത്രുവിനെതിരെ നിലകൊള്ളണം. ഖമനേയി ആഹ്വാനം ചെയ്തു.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന ലെബനന്‍ ജനതയെ സഹായിക്കുകയും, ലെബനന്റെ ജിഹാദിനെയും അല്‍-അഖ്‌സ പള്ളിക്കുവേണ്ടിയുള്ള യുദ്ധത്തെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നത് എല്ലാ മുസ്ലീങ്ങളുടെയും കടമയും ഉത്തരവാദിത്തവുമാണ്. പലസ്തീനിയെ ഹമാസ് സംഘടന ഇസ്രയേലിനെതിരെ ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണം ശരിയായ നീക്കം ആണെന്നും ഖമനേയി അഭിപ്രായപ്പെട്ടു. അധിനിവേശത്തിനെതിരെ നിലകൊണ്ടതിന് ലെബനനെയും പലസ്തീനെയും എതിര്‍ക്കാന്‍ ഒരു അന്താരാഷ്ട്ര നിയമത്തിനും അവകാശമില്ലെന്നും ഖമനേയി പറഞ്ഞു.

നമ്മള്‍ നമ്മുടെ ശത്രുക്കളുടെ എല്ലാ പദ്ധതികളെയും പരാജയപ്പെടുത്തും. ഇസ്രയേല്‍ ലെബനനിലെയും യെമനിലെയും മുസ്ലിങ്ങളുടെ ശത്രുവാണ്. പലസ്തീന് അവരുടെ ഭൂമിക്ക് വേണ്ടി പോരാടാന്‍ അവകാശമുണ്ട്. ഇസ്രയേല്‍ അമേരിക്കയുടെ ഒരു ഉപകരണമാണ്. മേഖലയിലെ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള അമേരിക്കയുടെ ഉപകരണം. സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെടും, അതിന് വേരുകളില്ല, അത് വ്യാജമാണ്, അസ്ഥിരമാണ്, അമേരിക്കന്‍ പിന്തുണ കൊണ്ടാണ് അത് നിലനില്‍ക്കുന്നതെന്നും ഖമനേയി പറഞ്ഞു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നസ്‌റല്ലയുടെ മൃതദേഹം ഒരിടത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും, പിന്നീട് പൊതു ചടങ്ങായി സംസ്‌കരിക്കുമെന്നും ഖമനേയി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT