വാഷിംഗ്ടൺ : അമ്മയുടെ അന്ത്യചുംബനമേറ്റുവാങ്ങി രണ്ടുവയസ്സുകാരൻ അബ്ദുള്ള മിഴിയടച്ചു. ഓക് ലൻഡിലെ യുസിഎസ്എഫ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷൻ എന്ന അസുഖത്തിന് ചികിൽസയിലായിരുന്ന കുട്ടി, ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
യു.എസ്. പൗരൻ അലി ഹസന്റെയും യെമൻ സ്വദേശിനി ഷൈമ സ്വിലേയുടെയും മകനാണ് അബ്ദുള്ള. കാലിഫോർണിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കാണാൻ അമ്മ ഷൈമ സ്വിലേയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതോടെയാണ് കുഞ്ഞ് അബ്ദുള്ള വാർത്തകളിൽ നിറയുന്നത്. മുസ്‍ലിം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കായിരുന്നു പ്രധാന തടസ്സമായത്.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. വാർത്ത പ്രചരിച്ചതു മുതൽ അമ്മ ഷൈമയ്ക്ക് യാത്രാനുമതി നൽകണമെന്ന് രാജ്യാന്തര തലത്തിൽ ആവശ്യമുയർന്നു. കത്തുകളായും ട്വീറ്റുകളായും ആയിരക്കണക്കിന് പേരാണ് ഇവരുടെ ആഗ്രഹം നിറവേറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. തുടർന്ന് രണ്ടുവയസ്സുകാരൻ അബ്ദുള്ള ഹസനെ കാണാൻ മാതാവ് ഷൈമ സ്വിലേയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകുകയായിരുന്നു.
യെമെനിലായിരുന്നു അലിയുടെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ യെമെനിൽ യുദ്ധം രൂക്ഷമായതോടെ ഇവർ ഈജിപ്തിലേക്ക് കുടിയേറി. അന്ന് അബ്ദുള്ളയ്ക്ക് വെറും എട്ടുമാസം മാത്രമായിരുന്നു പ്രായം. അബ്ദുള്ളയുടെ രോഗം തിരിച്ചറിയുന്നത് അപ്പോഴാണ്. ശ്വസനത്തിനുള്ള കഴിവിനെ ബാധിക്കുന്ന രോഗമായ ഹൈപ്പോമിലിനേഷനാണെന്ന് തിരിച്ചറിഞ്ഞതോടെ, വിദഗ്ധ ചികിൽസയ്ക്കായി പിതാവ് അലി ഹസനാണ് ഓക്‌ലൻഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates