കേരളം ബൗദ്ധികലോകത്തിന് സംഭാവന ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളിലൊന്നാണ് അധികം ആഘോഷിക്കപ്പെടാതെ പോയ കെ. ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ. രാഷ്ട്രീയ പ്രവർത്തകൻ, സാഹിത്യകാരൻ, തത്വചിന്തകൻ, സൈദ്ധാന്തികൻ, പ്രാസംഗികൻ, ഗ്രന്ഥകർത്താവ്, ഭാഷാപണ്ഡിതൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന കെ ദാമോദരൻ നിര്യാതനായിട്ട് 49 വർഷം പൂർത്തിയായി. കേരളാ മാർക്സ് എന്ന് അറിയപ്പെട്ട കെ. ദാമോദരൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാല് പേരിൽ ഒരാളുമായിരുന്നു.
ഏറെക്കാലം ദാമോദരൻ എന്ന പേര് സജീവ രാഷ്ട്രീയ, സൈദ്ധാന്തിക, സാഹിത്യവൃത്തങ്ങളിൽ നിന്നൊഴിവാക്കി നിർത്താൻ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയ ശ്രമം നടന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പലവഴികളിൽ പിരിഞ്ഞവർ ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോജിപ്പുകളോട് അവർ എത്രത്തോളം സമരസപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ അദ്ദേഹം വിയോജിച്ച നിലപാടുകളെ അന്ന് എതിർത്ത സംഘടന ഇന്ന് എങ്ങനെ കാണുന്നു എന്നൊന്നും അവരാരും വ്യക്തമാക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഓർമ്മിക്കാനും പുസ്തകങ്ങളിറക്കാനുമൊക്കെ മുൻകൈ എടുക്കുന്നു.
മലപ്പുറം ജില്ലയിലെ തിരൂരിൽ 1912 ഫെബ്രുവരി അഞ്ചിന് ജനിച്ച ദാമോദരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിയത്. 1931 ൽ സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1935 ൽ സംസ്കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിദ്യാപീഠത്തിൽ ചേർന്ന ദാമോദരൻ അവിടെ വച്ചാണ് കമ്മ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത്. അപൂർവ്വങ്ങളായ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ അവിടെ ലഭ്യമായിരുന്നു. ആ വായനയാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആക്കുന്നത്.
അങ്ങനെ ഉള്ള് കൊണ്ടും ചിന്തകൊണ്ടും കമ്മ്യൂണിസ്റ്റായ ദാമോദരനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിന് മുമ്പ് അതിനായി 1937ൽ കോഴിക്കോട് നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരുടെ യോഗത്തിൽ പങ്കെടുക്കുന്നത്. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ എന്നിവരാണ് ആ യോഗത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പേർ. ദേശീയ തലത്തിൽ നിന്നും എസ് വി ഘാട്ടെയും പങ്കെടുത്തു.
ബീഡിത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ഓട്ടുകമ്പനിത്തൊഴിലാളി കൾ എന്നിവരുടെ സമരങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിനും അടിത്തറ പാകുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഒരാളുമാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഉറുദു, ബംഗാളി, റഷ്യൻ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി.
കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചു. 1964 ൽ രാജ്യസഭാഗമായി. സി പി ഐ ദേശീയ തലത്തിൽ പിളർന്നപ്പോൾ സിപി ഐക്കൊപ്പം നിലയുറപ്പിച്ച കെ ദാമോദരൻ 1970 ൽ പാര്‍ലമെന്‍റ് അംഗത്വ കാലാവധി അവസാനിച്ച ശേഷം ഐ.സി.എച്ച്.ആർ (ICHR) ഫെലോഷിപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ജെ എൻ യുവിൽ ഗവേഷണം നടത്തുന്ന കാലത്താണ്, 1976 ജൂലൈ മൂന്നിന് ലോകത്തോട് വിട പറഞ്ഞത്.
കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ പ്രധാനിയായിരുന്ന ദാമോദരൻ പലപ്പോഴും പാർട്ടി ചട്ടക്കൂടിലെ കമ്മ്യൂണിസത്തോട് എതിർപ്പ് പ്രകടിപ്പിച്ചത് ഉടനീളം കാണാനാകും. അവസാന കാലത്ത് സി പി ഐയുമായി അകന്ന് നിന്നപ്പോഴും അദ്ദേഹം കമ്മ്യൂണത്തിന്റെ ചരിത്രവും അതിലെ മനുഷ്യത്വപരമായ ഉള്ളടക്കത്തെ കുറിച്ചുമുള്ള അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷമുള്ള ഭരണകൂട സ്വഭാവത്തിനോടായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലാളി വർഗ ഭരണകൂടമാണോ അല്ലയോ, കേരളം അതിനൊരു മാതൃകയാണോ എന്നതിൽ തുടങ്ങുന്നു കെ ദാമോദരനും സി പി ഐയുടെ ചിന്തകളും തമ്മിലുള്ള സംഘർഷം. ചന്ദനത്തോപ്പ് മുതൽ പ്രാഗ് വസന്തം വരെ ഭരണകൂട അടിച്ചമർത്തൽ നടപടിക്കെതിരെ നിലപാട് സ്വീകരിച്ച രാഷ്ട്രീയ നേതാവും സൈദ്ധാന്തികനുമായിരന്നു ദാമോദരൻ. ലോക ചരിത്രത്തിൽ പുതിയൊരു ഏട് എഴുതി ചേർത്താണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 1957 ൽ അധികാരത്തിലെത്തിയത്. ആ അധികാരത്തിന്റെ മധുവിധു കാലം കഴിയും മുന്നേ തന്നെ ആ സർക്കാരിന്റെ കൈകളിൽ തൊഴിലാളികളുടെ ചോര പുരണ്ടു. 1958 ജൂലൈ 26നായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിക്കലും അഭിമാനിക്കാനാവാത്ത ചോരപ്പാട് അവരുടെ മേൽ വീണത്.
തൊഴിലാളി വർഗ സർക്കാരിന്റെ കേരള മാതൃക
ഐക്യ കേരളം രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ തൊഴിലാളി വർഗം സമാധാനപരമായി അധികാരം പിടിച്ചെടുത്തതിന് തെളിവാണെന്നായിരുന്ന കേന്ദ്രനേതാക്കളുടെ വ്യാഖ്യാനം . ഭൂരിപക്ഷം പേരും അതിനെ പിന്താങ്ങി. സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന് കേരളം മാതൃകയാകുമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ,ഇത് മുതലാളിത്ത ഭരണകൂടമാണെന്നും മറ്റേതെല്ലാം മിഥ്യാധാരണയാണെന്നും കെ. ദാമോദരൻ സംസ്ഥാന സമിതിയിൽ വാദിച്ചു. ഈ ഇരിക്കുന്ന ഇ എം എസ് തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയല്ല, ബൂർഷ്വാസി ആണെന്നാണോ പറയുന്നത് എന്നായിരുന്നു ദാമോദരന്റെ നിലപാടിനെ എതിർത്തുകൊണ്ട് അജയ് ഘോഷ് ചോദിച്ചത്. ആദ്യ സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ട ശേഷം ഇഎം എസ് എഴുതിയ ലേഖനത്തിൽ തൊഴിലാളി വർഗം അധികാരം പിടിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിലപാട് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ സ്ഥിതിഗതികൾ മറ്റൊന്നാകുമായിരുന്നുവെന്നും ദാമോദരനെ ഉദ്ധരിച്ച് താരിഖ് അലി രേഖപ്പെടുത്തുന്നു.
ചന്ദനത്തോപ്പ് സമരവും വെടിവെപ്പും
കൊല്ലത്തെ കുണ്ടറയിലെ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറി തൊഴിൽനിയമങ്ങൾ ലംഘിക്കുന്നതിനെതിരേ ആർ എസ് പിയുടെ തൊഴിലാളി സംഘടനയായ യു ടി യുസി കശുവണ്ടിത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറിപ്പടിക്കൽ സമരം നടത്തിവരുകയായിരുന്നു. തൊഴിലാളികൾക്ക് മുടങ്ങാതെ തൊഴിൽ നൽകണമെന്നും കുടിശ്ശികയായ ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഒത്തുതീർപ്പുചർച്ചകളിൽ പങ്കെടുക്കാതെ നിഷേധാത്മകമായ നിലപാടായിരുന്നു മാനേജ്മെന്റ് സ്വീകരിച്ചത്. ഇതേത്തുടർന്ന് യൂണിയൻ നിരാഹാരസമരം ആരംഭിച്ചു. യൂണിയൻ സെക്രട്ടറിയായ ആർ.പപ്പുവാണ് ആദ്യം നിരാഹാരമിരുന്നത്. തുടർന്ന് മാനേജ്മെന്റ് ഫാക്ടറി ലോക്കൗട്ട് ചെയ്തു. സമരത്തിന്റെ ഒമ്പതാം ദിവസം പപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. പകരം എം.ദാമോദരൻ പിള്ള നിരാഹാരസമരം ആരംഭിച്ചു.
ഇതോടെ മാനേജ്മെന്റ് കമ്പനിയിൽ ശേഖരിച്ചിരുന്ന പരിപ്പും തോട്ടണ്ടിയും മാറ്റാനായി കോടതി ഉത്തരവ് സമ്പാദിച്ചു. ഇതിനായി ലോറികൾ പൊലീസ് അകമ്പടിയോടെ ഫാക്ടറിയിലേക്ക് പ്രവേശിച്ചു. ലോഡ് കയറ്റിയ ലോറികൾ പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം അനുഭാവ സത്യഗ്രഹമിരുന്ന സ്ത്രീത്തൊഴിലാളികൾ തടഞ്ഞു. പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും പാഞ്ഞെത്തി. തൊഴിലാളികളെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ ആർ എസ് പി നേതാക്കളായ ടി.എം.പ്രഭയും ചന്ദ്രശേഖര ശാസ്ത്രിയും അയ്യനും തടസ്സവാദം ഉന്നയിച്ചു. ഇവരെ പൊലീസ് ക്രൂരമായി മർദ്ദിച്ച് വാഹനത്തിലേക്കു വലിച്ചുകയറ്റി. വാഹനത്തിലും ലോക്കപ്പിലും ഇവരെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ തൊഴിലാളികൾ കൈകോർത്തുപിടിച്ച് നിലത്തുകിടന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് വഴിതടഞ്ഞു. സ്ത്രീത്തൊഴിലാളികളെ പിടിച്ചുവലിച്ചിഴച്ച് പൊലീസ് വാനിലേക്ക് കയറ്റി. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമം കണ്ട കശുവണ്ടി ഫാക്ടറിയിലെ കാന്റീൻ തൊഴിലാളിയായിരുന്ന പാവുമ്പ സ്വദേശി സുലൈമാൻ അതിന് നേതൃത്വം നൽകിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ അദ്ദേഹം താഴെവീണു. ആ ഉദ്യോഗസ്ഥൻ അടുത്തുനിന്ന പൊലീസുകാരന്റെ കൈയിൽനിന്ന് തോക്കു പിടിച്ചുവാങ്ങി ബയണറ്റുകൊണ്ട് സുലൈമാനെ ആഞ്ഞുകുത്തി. കുത്തേറ്റ സുലൈമാൻ നിലത്തുവീണ് പിടഞ്ഞു മരിച്ചു.
ഇതോടെ ജനക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ടു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഉടൻ തന്നെ പൊലീസ് മൂന്നുപ്രാവശ്യം ആകാശത്തേക്കും പിന്നീടു ചുറ്റിനും വെടിവച്ചു. ഇപ്പോൾ ചന്ദനത്തോപ്പ് രക്തസാക്ഷിസ്മാരകം നിൽക്കുന്ന സ്ഥലത്തു നിന്ന കർഷകത്തൊഴിലാളിയായ രാമൻ വെടിയേറ്റു മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.
ഈ സംഭവം ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മായ്ക്കാനാവാത്ത കളങ്കമായി തുടരുന്ന ഒന്നാണ്. ഈ സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്ത് സി പി ഐ സംസ്ഥാന സമിതി യോഗം ചേരുകയായിരുന്നു. വാർത്ത അറിഞ്ഞ സമിതി ഇതേകുറിച്ച് ചർച്ച ചെയ്തു. സംഭവത്തിൽ ഇതൊരു തൊഴിലാളി സമരമാണെന്നും തൊഴിലാളികൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെയുമായിരുന്നു കെ. ദാമോദരന്റെ നിലപാട്. എന്നാൽ, പാർട്ടി തീരുമാനം മറിച്ചായി. മാത്രമല്ല, പൊലീസിന്റെ മനോവീര്യം സംരക്ഷിക്കാൻ വെടിവെപ്പിനെ ന്യായീകരിച്ചുകൊണ്ടുള്ള ആദ്യ രാഷ്ട്രീയവിശദീകരണയോഗത്തിൽ പ്രസംഗിക്കാൻ അദ്ദേഹം തന്നെ പോകണമെന്നും പാർട്ടി നിർബന്ധം പിടിച്ചു. എതിർപ്പുകൾ മാറ്റിവച്ച് അനുസരണയുള്ള പാർട്ടിക്കാരനായി മനഃസാക്ഷിക്ക് നിരക്കാത്ത പ്രസംഗം താൻ ചെയ്തുവെന്ന് പിന്നീട് അദ്ദേഹം കുമ്പസാരിച്ചിട്ടുണ്ട്. പ്രസംഗം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ താൻ ആത്മസംഘർഷത്തിൽപ്പെട്ട ഭാര്യയോട് വളരെ മോശമായി പെരുമാറിയതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഈ വിഷയത്തിൽ പ്രസംഗിക്കാൻ പാർട്ടി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ എന്നും ചന്ദനത്തോപ്പ് വെടിവെപ്പിന് എതിരായിരുന്നുവെന്ന് അവസാന നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു.
പ്രാഗ് വസന്തവും കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടുകളും
ചന്ദനത്തോപ്പ് പ്രാദേശികമായി ഉണ്ടായ വിഷയമായിരുന്നുവെങ്കിൽ പത്ത് വർഷത്തിനിപ്പുറം അദ്ദേഹം പാർട്ടിയുമായി തെറ്റിയത് രാജ്യാന്തര വിഷയത്തിലായിരുന്നു. ചെകോസ്ലാവക്യയിലെ അലക്സാണ്ടർ ദ്യൂബ് ചെക് എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി രാജ്യത്ത് കൊണ്ടുവന്ന ജനാധിപത്യപരമായ മാറ്റങ്ങൾക്ക് നേരെ വാഴ്സാ സഖ്യത്തെ ഉപയോഗിച്ച് അടിച്ചമർത്തിയ സോവിയറ്റ് യൂണിയന്റെ നടപടിയെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. മാധ്യമ സ്വാതന്ത്ര്യം, ബഹുകക്ഷി രാഷ്ട്രീയ സംവിധാനം, സമ്മിശ്ര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം എന്നിങ്ങനെ സാംസ്കാരികവും രാഷ്ട്രീയവുമായ സർഗാത്മകമായ മാറ്റങ്ങളെ കുറിച്ചാണ് അന്നത്തെ ചെക്കോസ്ലാവാക്യൻ പാർട്ടി ഫസ്റ്റ് സെക്രട്ടറി ( ജനറൽ സെക്രട്ടറി) ആയ അലക്സാണ്ടർ ദ്യൂബ് ചെക്ക് കൊണ്ടുവന്ന മാറ്റങ്ങൾ.
പ്രാഗ് വസന്തമെന്ന് അറിയപ്പെട്ട ആ കാലത്തെ അടിച്ചമർത്താൻ സോവിയറ്റ് ടാങ്കുകൾ ചെകോസ്ലാവക്യയിലേക്ക് വന്നപ്പോൾ മറ്റൊന്നും നോക്കാതെ ഇന്ത്യയിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപി ഐയും സി പി എമ്മും സോവിയറ്റ് യൂണിയനൊപ്പം നിലയുറപ്പിച്ചു. സി പി ഐയ്ക്കുള്ളിലും സി പി എമ്മിനുള്ളിലും ഇത് സംബന്ധിച്ച് ആശയപരമായ അഭിപ്രായ വ്യത്യാസം ചിലർക്കൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവരാരും അത് പുറമെ പ്രകടിപ്പിച്ചില്ലെന്ന് പിന്നീട് പലരും രേഖപ്പെടുത്തിയത് കാണാനാകും. സോഷ്യൽ സാമ്രാജ്യത്വമാണ് സോവിയറ്റ് യൂണിയന്റേതെന്ന നിലപാടിൽ നിന്ന നക്സലൈറ്റ് എന്നറിയപ്പെട്ട സി പി ഐ ( എം എൽ ) വിഭാഗമാണ് സോവിയറ്റ് യൂണിയനോട് സംഘടനാപരമായി എതിർപ്പ് കാണിച്ച ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാൽ, കെ.ദാമോദരൻ, സി പി ഐയുടെ രാജ്യസഭാംഗമായിരിക്കെ പരസ്യമായി തന്നെ ഇതിനെതിരെ നിലപാട് സ്വീകരിച്ചു. 1970 ൽ രാജ്യസഭാ കാലാവധി തീരുന്നതും പാർട്ടിയുമായി അകലുന്നതിനും ഇത് പ്രധാനകാരണമായി മാറുകയും ചെയ്തു.
സോവിയറ്റ് യൂണിയനെ എതിർത്തതിലൂടെ ഇതിലേറെ വലിയ വ്യക്തിപരമായ നഷ്ടമാണ് കെ ദാമോദരനുണ്ടായത്. ദാമോദരന്റെ പ്രശസ്തമായ ഭാരതീയ ചിന്ത എന്ന പുസ്തകം റഷ്യൻ ഭാഷയിൽ ഇറക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചിരുന്നു. അതിനായി അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പുസ്തകം ടൈപ്പ് ചെയ്തു നൽകിയത് ഹൈക്കോടതി അഭിഭാഷകനായിരുന്ന കുറച്ചുനാളുകൾക്ക് മുമ്പ് അന്തരിച്ച വക്കം വിജയനാണ്. അക്കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ചെക്കോസ്ലാവാക്യയ്ക്കെതിരെ പരസ്യമായി എടുത്ത നിലപാട് പിൻവലിക്കണമെന്ന് ദാമോദരനോട് ആവശ്യമുയർന്നു. അല്ലാത്ത പക്ഷം പുസ്തകം പ്രസിദ്ധീകരിക്കാൻ പറ്റില്ലെന്നായിരുന്നു യു എസ് എസ് ആർ നിലപാട്. സോവിയറ്റ് നിലപാടിനോട് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ല, നിലപാട് മാറ്റുന്നുമില്ല എന്നു ദാമോദരൻ വ്യക്തമാക്കിയതിനെ കുറിച്ച് വക്കം വിജയൻ ഒരിക്കൽ ദാമോദരനെ കുറിച്ചുള്ള സംഭാഷണത്തിൽ ഓർമ്മിച്ചിരുന്നു.
ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി പി ഐയും സി പി എമ്മും തമ്മിൽ 1969 ന് ശേഷം ഏകദേശം 1980കളുടെ ആദ്യം വരെ ഉണ്ടായിരുന്ന ഏറ്റവും വലിയ തർക്കം തങ്ങളാണ് ആദ്യം സോവിയറ്റ് യൂണിനെ പിന്തുണച്ചത് എന്ന് സമർത്ഥിക്കാനായിരുന്നു. ഇന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതായി. അതുകൊണ്ട് തന്നെ അവരുടെ നിലപാടുകളും ഇരുപാർട്ടികളും കൈയ്യൊഴിഞ്ഞിട്ടുണ്ടാകും. അതായിരിക്കാം വീണ്ടും കെ ദാമോദരന്റെ പുസ്തകങ്ങൾ പുറത്തിറക്കാനും അദ്ദേഹത്തെ കുറിച്ച് അനുസ്മരണങ്ങളും പ്രസംഗങ്ങളും നടത്തുന്നതിൽ ആവേശം കാണിക്കുന്നുണ്ട്. ആ ആവേശം അവരുടെ ഭരണപരമായതോ സംഘടനാപരമായതോ ആയ നിലപാടുകളിൽ ഉണ്ടോ എന്ന് സ്വയം വിമർശനപരമായി പരിശോധിക്കപ്പെടേണ്ട സമയം കൂടെയാണിത്. അടിച്ചമർത്തപ്പെടുന്ന പ്രതിഷേധങ്ങൾ, അത് പാർട്ടിക്കുള്ളിലും ഭരണത്തിന് കീഴിലും നടത്തുന്നവർ അത് മറച്ചുവെച്ച് ദാമോദരൻ അനുസ്മരണം നടത്തുന്നത് എത്രത്തോളം സത്യസന്ധമായിരിക്കും.
അടിയന്തരാവസ്ഥയും കെ ദാമോദരനും
രാഷ്ട്രീയം,സാമ്പത്തികം, ദർശനം, സാഹിത്യം എന്നീ വിവിധ മേഖലകളിൽ വ്യാപരിച്ച ദാമോദരൻ കമ്മ്യൂണിസത്തിന്റെ ആത്മാവ് അന്വേഷിച്ച സത്യാന്വേഷിയായിരുന്നു. പക്ഷേ, ഇതെഴുതന്നാളുടെ വായനയിലും അറിവിലും അടിയന്തരാവസ്ഥയെ കുറിച്ച് കെ ദാമോദരൻ ഒന്നും എഴുതി കണ്ടിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മകൻ പരേതനായ കെ പി ശശിയുടെ സംഭാഷണങ്ങളിൽ അടിയന്തരാവസ്ഥയോട് വിയോജിപ്പുള്ള ദാമോദരനെ കണ്ടിട്ടുണ്ട്. സ്വാഭാവികമായും എല്ലാ ഏകാധിപത്യപ്രവണതകളോടും വിയോജിപ്പുണ്ടായിരുന്ന ദാമോദരൻ അടിയന്തരാവസ്ഥയോടും വിയോജിച്ചിട്ടുണ്ടാകാം. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം കഷ്ടിച്ച് ഒരു വർഷം കഴിയുമ്പോൾ അദ്ദേഹം നിര്യാതനായി. അക്കാലത്ത് അദ്ദേഹം പൂർണ്ണസമയ ഗവേഷണത്തിലായിരുന്നു എന്നതും അനാരോഗ്യവും പാർട്ടിയുമായുണ്ടായ അകൽച്ചയുമൊക്കെ ചിലപ്പോൾ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. സോവിയറ്റ് യൂണിയനോട് ചെക്കോസ്ലാവാക്യ വിഷയത്തിൽ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ച ദാമോദരന് ഈ വിഷയത്തിലും അതല്ലാതെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമാരുന്നില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ലേഖനങ്ങളിലോ അല്ലെങ്കിൽ പ്രസിദ്ധീകരിച്ചിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവയിലോ ഇതേക്കുറിച്ച് എന്തെങ്കിലും ഉണ്ടാകാം എന്നു കരുതാം. അടിയന്തരാവസ്ഥ കാലത്ത് കടുത്ത സെൻസർഷിപ്പ് ആയിരുന്നതിനാൽ അക്കാലത്ത് അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിൽ തന്നെ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്.
ഏക വഴി, കണ്ണുനീർ, കാറൽ മാർക്സ്, സമഷ്ടിവാദ വിജ്ഞാപനം, പാട്ടബാക്കി, രക്തപാനം, മനുഷ്യൻ, ധനശാസ്ത്രപ്രവേശിക, ഉറുപ്പിക, കമ്മ്യൂണിസം എന്ത് എന്തിന്? , കമ്മ്യൂണിസവും ക്രിസ്തുമതവും, മാർക്സിസം (പത്തു ഭാഗങ്ങൾ), ഇന്ത്യയുടെ ആത്മാവ് ,കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര തത്ത്വങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, എന്താണ് സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന് ? ,കേരള ചരിത്രം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ,സോഷ്യലിസവും കമ്മ്യൂണിസവും, ഭാരതീയ ചിന്തകൾ, ഭാരതീയ ദർശനത്തിലെ വ്യക്തിയും സമൂഹവും, മാർക്സും ഹെഗലും ശ്രീശങ്കരനും, ഭാരതീയ ചിന്താപരമ്പര എന്നിവ അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ പുസ്തകങ്ങളാണ്.
ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ എന്ന ആത്മകഥാംശം നിറഞ്ഞു നിൽക്കുന്ന പുസ്തകം ന്യൂ ലെഫ്റ്റ് റിവ്യുവിന് വേണ്ടി താരിഖ് അലി, ദാമോദരനുമായി നടത്തിയ അഭിമുഖമാണ്.
The Malayali who searched for the essence of communism, remembering K. Damodaran in his 49th death anniversary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates