അമ്പിളി ടി എഴുതിയ കവിത Malayalam Poem AI Image
Pen Drive

ഗാസ: അസ്തമയങ്ങളുടെ നാട് - അമ്പിളി ടി എഴുതിയ കവിത

Ambily T

ഇടയ്‌ക്കെങ്കിലും ഒന്നു പോകണം

മനസ്സുകൊണ്ടെങ്കിലും

ആ നാട്ടിലേക്ക്...

ഒലിവിന്റെ നാടായിരുന്ന

ഗാസയിലേക്ക്.

വരണ്ട മണല്‍ക്കാറ്റുകള്‍ക്കും,

മെഡിറ്ററേനിയന്‍ നീലിമക്കുമപ്പുറം

നിസ്സഹായതകളുടെ തീച്ചൂളകളില്‍

വെന്തുരുകുന്ന

ഒരുപിടി മനുഷ്യരുണ്ടവിടെ.

വിശപ്പിനും, മരണത്തിനും, ഭയത്തിനും

ഒരേ മുഖമാണ്

അവിടുത്തെ തെരുവുകളില്‍.

മനുഷ്യനും മണ്ണും മരങ്ങളും

കരിഞ്ഞിഴചേര്‍ന്നാലുയരുന്ന ഗന്ധം

അത്രമേല്‍ മറ്റെങ്ങും മണക്കാനാകില്ല.

ഒഴിഞ്ഞ പാത്രങ്ങളും,

നീര്‍ വറ്റിയ കണ്ണുകളുമായി

ആകാശപ്പൊതികളിലേക്ക്

ഉറ്റുനോക്കുന്ന ബാല്യങ്ങളുണ്ടവിടെ...

വിശപ്പിന്റെ മണല്‍ക്കാറ്റില്‍

പൂണ്ടു വീഴുന്നവര്‍.

അവരുടെ നിലവിളികളെ

ഷെല്ലുകള്‍ വിഴുങ്ങിക്കളയുന്നു;

അവരുടെ സ്വപ്നങ്ങള്‍

ഉഗ്രശബ്ദത്തില്‍ തകര്‍ന്നു

നിലംപരിശാകുന്നു.

തോക്കിന്‍ മുനയുടെ

നിശബ്ദതയ്ക്കുള്ളില്‍

വേട്ട മൃഗങ്ങള്‍ക്കിരയായിതീരുന്ന

പെണ്‍ ശരീരങ്ങളേറെയുണ്ട്.

അടിമത്തത്തിന്റെ വന്‍മതില്‍ക്കെട്ടിലെ

കൊടിയ പീഢന ദൃശ്യങ്ങള്‍.

അമ്മയുടെ മുലക്കണ്ണില്‍

ചുണ്ടുകളൊട്ടിയ കുഞ്ഞുങ്ങള്‍

മരണത്തോളം

നിശ്ശബ്ദരാകുന്ന കാഴ്ച

മനക്കണ്ണാലെങ്കിലും

ഒന്നു കാണേണ്ടതുണ്ട്..

ഒളിച്ചോടുവാനവര്‍ക്ക്

പുതിയൊരു ആകാശമില്ല,

ചവിട്ടിനില്‍ക്കാനൊരു തരി മണ്ണുമില്ല;

മരണനിഴലിന്‍ താഴ്വരയില്‍

ഊഴം കാത്ത്

ഇടറിവീഴുന്നവരാണ് അവര്‍.

നാളെ എന്നൊരു വാക്കവര്‍ക്കില്ല,

ഉയര്‍ത്താനവര്‍ക്കു നാവുമില്ല.

അവിടെ ഉദയങ്ങളില്ല,

അസ്തമയങ്ങള്‍ മാത്രം.

ഓരോ അസ്തമയവും

ഒരായിരം പേരുടെ

ബലിപീഠങ്ങളാകുന്ന മണ്ണിനെ

നിസംഗ മൗനത്താല്‍

മറന്നു കളയുന്ന ലോകമേ...

ഇടയ്‌ക്കെങ്കിലും ഒന്നു പോകണം

മനസ്സുകൊണ്ടെങ്കിലും

ആ നാട്ടിലേക്ക്..

നീതി സൂര്യന്‍ ആണ്ടുപോയി

ഇരുട്ടിലായ

ഗാസാ മുനമ്പിലേക്ക്.

Malayalam poem written by Ambily T

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT