'He that will not reason is a bigot. He that cannot reason is a fool. He that dare not reason is a slave.' H. Drummond
സ്റ്റേഷന്‍ ജങ്ഷനിലെ സീബ്രാവരകളിലേയ്ക്ക് നടക്കുമ്പോള്‍ സ്മൃതിയുടെ ഹൃദയം വല്ലാതെ തുടിച്ചു. എന്നാല്‍ ക്രോസിങ്ങിലെത്തിയപ്പോള്‍ അവളുടെ ഊര്‍ജ്ജം പൊടുന്നനെ വറ്റി. അയാള്‍ അവിടെയില്ല! മുന്നിലെ വെളുത്ത വരകള്‍ക്കു മീതെ കയറിയിറങ്ങിപ്പോകുന്ന വണ്ടിച്ചക്രങ്ങളുടെ ധൃതിയടങ്ങുന്നതും കാത്ത് മ്ലാനതയോടെ നില്‍ക്കവെ അവള്‍ക്ക് രാഗേഷ്‌കുമാര്‍ എം എസ് എന്നയാളോട് ദേഷ്യം തോന്നി. താന്‍ ഈ സമയം ഇവിടെ വരുമെന്ന് അയാള്‍ക്ക് അറിയാന്‍ പാടില്ലേ?
ജങ്ഷനിലെ സ്ഥിരം ഡ്യൂട്ടിക്കാരനായ യുവാവിനെ അവള്‍ ആദ്യമായി ശ്രദ്ധിക്കുന്നത് ഒരാഴ്ച മുന്‍പ് മാത്രമാണ്. കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോളായിരുന്നു അത് സംഭവിച്ചത്. റോഡ് മുറിച്ചുകടന്നപ്പോള്‍ സാരിത്തുമ്പില്‍ തടഞ്ഞൊരു വീഴ്ച! നാണക്കേടാണ് ആദ്യം വന്നത്. പിറകെ അമ്മയോട് അസഹ്യമായ ദേഷ്യം തോന്നി. ജീന്‍സിന്റെ കൂടെ ഷര്‍ട്ട് അല്ലെങ്കില്‍ റ്റോപ്, അതാണ് പഥ്യം. പക്ഷേ അമ്മയുടെ ശല്യം സഹിക്കാതെ ഇടയ്ക്ക് സാരി ഉടുക്കേണ്ടി വരും. വേദനയും നാണക്കേടും സഹിച്ച് തെറിച്ചുപോയ സാധനങ്ങളും നോക്കി എഴുന്നേല്‍ക്കാന്‍ ബദ്ധപ്പെടുമ്പോള്‍ കരുത്തുള്ള കൈകള്‍ താങ്ങായി. അയാള്‍ തന്നെയാണ് വ്യഗ്രതപൂണ്ട വാഹനങ്ങളെ അടക്കിനിര്‍ത്തി ചിതറിയതൊക്കെയും പെറുക്കിയെടുത്തത്. പച്ചക്കറിക്കൂട് കൈയ്യിലേല്‍പ്പിച്ചപ്പോള്‍ വല്ലതും പറ്റിയോയെന്ന് ചോദിച്ചു. ജാള്യതയോടെ ഇല്ലെന്ന് പറഞ്ഞ് നോക്കിയത് നെയിം പ്ലേറ്റിലായിരുന്നു. രാഗേഷ്‌കുമാര്‍ എം എസ്., സി പി ഒ. അവിടെ തുടങ്ങിയ അടുപ്പമാണ്. അതോ... ഏതായാലും ആദ്യമായി അയാളുടെ അഭാവം അവളെ അസ്വസ്ഥയാക്കി. നിരാശയും സങ്കടവും ഇത്തിരി കോപവുമായി സ്മൃതി ട്രാഫിക് ഒന്നടങ്ങാന്‍ കാത്തു. പതിവിന് വിരോധമായി അന്നവള്‍ ഒറ്റയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ വാഹനങ്ങളൊന്നും അവളെ പരിഗണിച്ചില്ല. അല്പം കഴിഞ്ഞപ്പോള്‍ ഒരു വിടവുണ്ടായി. സ്മൃതി ആദ്യത്തെ വെള്ളവരയിലേക്ക് കാലെടുത്തു വച്ചതേയുള്ളൂ.
'ഹലോ മാഡം, ഒന്ന് നില്‍ക്കണം! അങ്ങനങ്ങു പോയാലോ?' അതൊരാജ്ഞയായിരുന്നെങ്കിലും അവള്‍ക്കപ്പോള്‍ സന്തോഷമാണ് തോന്നിയത്.
എടീ! നീ ആളെ കളിയാക്കുന്നോ? പൊലീസിനോടാണോ നിന്റെ മറ്റേ പരിപാടി!'
മുന്നോട്ട് വച്ച കാല്‍ പിന്‍വലിച്ച സ്മൃതി പൊടുന്നനെ തിരിഞ്ഞു നിന്ന് രാഗേഷിനെ നോക്കി ചിരിച്ചു. അയാള്‍ പക്ഷേ വലിയ ഗൗരവത്തിലായിരുന്നു. യാതൊരു മുന്‍പരിചയവുമില്ലാതെ രാഗേഷ് ചോദിച്ചു, 'നിങ്ങളാരാണ്? എവിടെയാണ് വീട്? എന്തു ചെയ്യുന്നു?' സ്മൃതി ഒന്നന്ധാളിച്ചു. 'എന്താ നിങ്ങളുടെ നാവിറങ്ങിപ്പോയോ?' ഇത്തവണ ഇടിവെട്ടും പോലെ ഉച്ചത്തിലായിരുന്നു സി പി ഒയുടെ ശബ്ദം ചെവിക്കുള്ളിലേക്ക് അടിച്ചുകയറിയത്. അവള്‍ ഞെട്ടിപ്പോയി. 'ഇതെന്താ ഇങ്ങനെ? ആദ്യമായി കാണും പോലെ? എന്റെ പേരറിയില്ലാ?' അവള്‍ ചോദിച്ചു. 'മറുചോദ്യമല്ല വേണ്ടത്, ഉത്തരമാണ്. കൃത്യമായ ഉത്തരം. എവിടെ നിങ്ങളുടെ ഡോക്യുമെന്റ്‌സ്?' രാഗേഷ് ക്രുദ്ധനായി കാണപ്പെട്ടു. അതോടെ സ്മൃതിയുടെ സൗമ്യമായ പടം പൊഴിഞ്ഞു. തന്റേടത്തോടെ അവള്‍ മറുപടി കൊടുക്കാനൊരുങ്ങി, 'ഞാന്‍ സ്മൃതി സുകുമാരന്‍. വിലാസം സ്മൃതി ഭവന്‍ -' അവളെ മുഴുമിക്കാന്‍ അനുവദിക്കാതെ അയാള്‍ തടഞ്ഞു, 'ആര്‍ക്കും എന്തും പറയാം. ഡോക്യൂമെന്റ്‌സ് എവിടെ? നിങ്ങളെ തെളിയിക്കുന്ന അംഗീകൃത രേഖകള്‍ വല്ലതും കയ്യിലുണ്ടോ?' ഒട്ടും വൈകാതെ സ്മൃതി തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഡിജിലോക്ക് തുറന്നു. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് ഒക്കെയും അതില്‍ അപ്ലോഡ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. അവള്‍ അതോരോന്നായി സ്‌ക്രീനില്‍ എടുത്ത് നീട്ടിക്കാണിച്ചു. അപ്പോള്‍ രാഗേഷിനായി അങ്കലാപ്പ്. നിമിഷം കഴിഞ്ഞപ്പോള്‍ അത് കോപമായി മാറി. 'എടീ! നീ ആളെ കളിയാക്കുന്നോ? പൊലീസിനോടാണോ നിന്റെ മറ്റേ പരിപാടി!' സ്മൃതിക്കും അരിശം വന്നു. രാഗേഷിന്റെ പെരുമാറ്റത്തേക്കാള്‍ പെരുകിക്കൊണ്ടിരുന്ന കാണികളായിരുന്നു അതിനു കാരണം. ആധാര്‍ സൂം ചെയ്ത് പൊലീസുകാരന്റെ മുഖത്തേക്ക് അവള്‍ ഫോണുയര്‍ത്തി ഡിസ്‌പ്ലേ കാണിച്ചു. 'നിങ്ങള്‍ക്കെന്താ കണ്ണു കാണില്ലേ? ഇത് പിന്നെന്താ?' 'പന്ന...' രാഗേഷ് വാക്കുകള്‍ വിഴുങ്ങി അവളുടെ കൈയില്‍ പിടുത്തമിട്ടു. അത്രയും ആയപ്പോള്‍ ആളുകള്‍ക്കിടയില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു. പല സ്വരസ്ഥലികളില്‍ ഉയര്‍ന്ന പുരുഷാരത്തിന്റെ ചിന്തകളെ നിയമപാലകന്റെ ഒറ്റ വാചകം കീറിപ്പറത്തി: 'ഇവള്‍ രാജ്യദ്രോഹിയാണ്; അല്ലെന്ന് തെളിയിക്കാന്‍ ഇവളുടെ കൈയ്യില്‍ ഒരു തെളിവുമില്ല.'
അപ്പോഴേക്കും ബഹളമറിഞ്ഞ് സ്റ്റേഷന്‍ ഓഫീസറായ സ്ത്രീയും മറ്റു ചില പൊലീസുകാരും അവിടെത്തി. 'എന്താണ് രാഗേഷ്? എന്താണ് കാര്യം? ഈ പെണ്ണേതാണ്?' സ്മൃതിക്ക് ലേശം സമാധാനം തോന്നി. സ്മൃതിയുടെ കൈയ്യിലെ പിടി വിട്ട് എസ് എച്ച് ഒയെ സലൂട്ട് ചെയ്ത് സി പി ഒ പറഞ്ഞു, 'മാഡം, ഇവള്‍ ദേശദ്രോഹിയാണെന്ന് സംശയമുണ്ട്. രേഖകള്‍ ഒന്നും ഇല്ല. പോരാഞ്ഞിട്ട് കുരങ്ങ് കളിപ്പിക്കുകയാണ്.' ഓഫീസറുടെ നോട്ടം സ്മൃതിക്കുമേലായി. 'ഇതെന്താണ് മാഡം, ഇയാളിങ്ങനെ? ഞാന്‍-' ഇത്തവണ വനിതാ ഓഫീസറാണ് അവളുടെ വായടപ്പിച്ചത്. 'സീ മിസ്?' 'സ്മൃതി.' 'ഓ, സ്മൃതീ, ദേശദ്രോഹികളും ശത്രുചാരന്മാരും പെരുകുന്ന കാലമാണ്. സംശയം തോന്നുന്ന ആരെയും പരിശോധിക്കണം. വീ നീഡ് ക്രെഡന്‍ഷ്യല്‍സ്. ദാറ്റ്സ് ഓള്‍. എവിടെ നിന്റെ ഐ ഡി?' ഇരുണ്ടുപോയിരുന്ന ഫോണിന്റെ സ്‌ക്രീന്‍ വിരലടയാളം കൊടുത്ത് സ്മൃതി സജീവമാക്കി. അവിടെ അവളുടെ ആധാര്‍ പേജ് വീണ്ടും തെളിഞ്ഞു. അതവള്‍ പൊലീസുകാരിയുടെ മുഖത്തിനു നേരെ നീട്ടി.
ഫോണ്‍ വാങ്ങി നോക്കിയ അവരുടെ മുഖം കറുത്തു. അവര്‍ രൂക്ഷമായി സ്മൃതിയെയും അവളുടെ ഫോണിനെയും മാറി മാറി നോക്കി. അവരുടെ അപ്പോഴത്തെ ഭാവമാറ്റത്തെ ഉള്‍ക്കൊള്ളനാവാതെ അവരുടെ കണ്ണില്‍ തന്നെ നോക്കിയ സ്മൃതി അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു. ആ സ്ത്രീയുടെ കൃഷ്ണമണിയില്‍ തെളിഞ്ഞു കണ്ടിരുന്ന സ്മൃതിയുടെ ഫോണിന്റെ ഡിസ്‌പ്ലേയില്‍ ശൂന്യതയായിരുന്നു, നിറഞ്ഞ വെളുപ്പ് നിറം മാത്രം. ഒരാവേശത്തിന് അവള്‍ മൊബൈല്‍ തിരികെ വലിച്ചെടുത്തു നോക്കി. എല്ലാ വിവരങ്ങളും കൃത്യമായുണ്ട്! അവള്‍ സ്വയമറിയാതെ അത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേര്‍ക്ക് തിരിച്ചു. നോട്ടം കരിനീല കണ്ണുകളില്‍ തന്നെയായിരുന്നു. ഫോണെന്ന ദീര്‍ഘചതുരം തൂവെള്ള കടലാസുകളായി അവയില്‍ ഒട്ടിക്കിടന്നു. 'മതി. നിര്‍ത്തിക്കോ നിന്റെ കളി!' അവര്‍ അവജ്ഞയോടെ ചിരിച്ചു. സ്മൃതി എന്ത് പറയണമെന്നറിയാതെ കുഴങ്ങി. 'പക്ഷേ ' എന്നൊരു വാക്ക് മാത്രം ചുണ്ടുകള്‍ ഉരുവിട്ടു. 'മോള്‍ തത്കാലം ഇങ്ങ് വാ. അച്ഛനെയോ അമ്മയെയോ വിളിച്ചു വരുത്തിക്കോളൂ. ബാക്കിയൊക്കെ അവര്‍ വന്നിട്ട്.' പറഞ്ഞു തീരും മുന്‍പേ സ്മൃതിയുടെ കൈപിടിച്ച് വലിച്ചുകൊണ്ട് അവര്‍ സ്റ്റേഷനിലേക്ക് തിരിഞ്ഞു നടന്നു. 'മാഡം. എന്റെ കൈയില്‍ ഐഡിയുണ്ട്, ഞാന്‍ ജോലി ചെയ്യുന്നിടത്തെ.' 'അതൊക്കെ ആര്‍ക്കും ഉണ്ടാക്കാന്‍ പറ്റും. നുഴഞ്ഞു കയറ്റം ഇപ്പോള്‍ സാധാരണമാണ്.' അവള്‍ ബാഗില്‍ നിന്നും ഉയര്‍ത്തിയതിലേക്ക് നോക്കുക പോലും ചെയ്യാതെ അവര്‍ പറഞ്ഞു. സ്റ്റേഷനുള്ളില്‍ കയറിയപാടെ സ്മൃതിയെ ഒരു മൂലയില്‍ കൊണ്ടുചെന്ന് കുറ്റവാളിയെ പോലെ നിര്‍ത്തി.
'സത്യത്തില്‍ ഇവള്‍ നിങ്ങളുടെ മകള്‍ തന്നെയാണോ?' സുകുമാരന്‍ വേദനയോടെ ചിരിച്ചു. 'അങ്ങനെയാണെന്നായിരുന്നു ഞങ്ങളുടെ വിചാരം. പക്ഷേ...'
അടുതൂണ്‍പറ്റിയ സര്‍ക്കാര്‍ ഗുമസ്തനും ഭാര്യയും അരമണിക്കൂറിനകം തന്നെ അവിടെത്തി. അവര്‍ തികച്ചും ശാന്തരായിരുന്നു. ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കളെ കണ്ട നിമിഷത്തില്‍ ആശ്വാസത്തോടെ 'അച്ഛാ!' എന്ന വിളിയുമായി സ്മൃതി മുന്നോട്ടാഞ്ഞതാണ്. എന്നാല്‍ അപ്പോള്‍ അയാള്‍ വീശിയ തണുത്ത നോട്ടത്തില്‍ നാവും കാലും ഉറഞ്ഞു പോയി. അച്ഛന്റെ നിഴല്‍ പോലെ പ്രവേശിച്ച അമ്മയാവട്ടെ അവളെ ഒന്ന് നോക്കുകപോലുമുണ്ടായില്ല.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബഹുമാനത്തോടെ അവരെ സ്വീകരിച്ചിരുത്തി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സ്മൃതിയെ തടഞ്ഞുവയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. ഒടുവില്‍ അവര്‍ ചോദിച്ചു: 'സത്യത്തില്‍ ഇവള്‍ നിങ്ങളുടെ മകള്‍ തന്നെയാണോ?' സുകുമാരന്‍ വേദനയോടെ ചിരിച്ചു. 'അങ്ങനെയാണെന്നായിരുന്നു ഞങ്ങളുടെ വിചാരം. പക്ഷേ...' ഭാര്യയെ ഒന്ന് നോക്കിയിട്ട് അയാള്‍ തുടര്‍ന്നു, 'നോക്ക്, ഇവളുടെ ചെറിയൊരു പതിപ്പല്ലേ അവള്‍. പക്ഷേ അത് പുറമേയ്ക്കേ ഉള്ളൂ.' അയാള്‍ ഖിന്നതയോടെ തലയാട്ടി. ഭര്‍ത്താവിന്റെ വിവശത കണ്ട് പതിവ്രത വിങ്ങി. കൈലേസുകൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു, 'മോളെ, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ വേണം. ഇവളേതോ കള്ളിയാണ്.' മൂലയില്‍ തരിച്ചുനില്‍ക്കുകയായിരുന്ന സ്മൃതിയുടെ നേരെ അവരുടെ വിരല്‍ നീണ്ടു. സ്മൃതി അമ്മയെ ഒന്ന് നോക്കി. ആ വിരല്‍ പിന്നെയും വിറച്ചുതുള്ളി. 'ഇവള്‍.. ഈ രാക്ഷസി... എന്റെ കുട്ടിയെ കൊന്ന് തിന്നവളാണ്. ഇവളെ വെറുതെ വിടരുത്.' എസ് എച്ച് ഒ എഴുന്നേറ്റ് ചെന്ന് അവരെ അശ്വസിപ്പിച്ചു. 'എനിക്കമ്മയെ മനസ്സിലാവും. എനിക്കും ഒരു മകളുള്ളതാണ്. വിഷമിക്കേണ്ട, ഈ തട്ടിപ്പുകാരിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്ത് കറക്ഷന്‍ ഹോമിലേക്ക് മാറ്റാന്‍ പോവുകയാണ്. കള്ളം പറഞ്ഞ് എത്രനാള്‍ ഇവള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കാമല്ലോ?' സ്മൃതിയെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവര്‍ തുടര്‍ന്നു, 'ഇവളുടെ സത്യം കണ്ടെത്തി നിങ്ങളുടെ മകളെ ഞങ്ങള്‍ കണ്ടുപിടിച്ചു തരും. വെറുതെ അതുമിതുമോര്‍ത്ത് മനസ്സ് വിഷമിപ്പിക്കാതെ വീട്ടില്‍ പൊയ്‌ക്കോളൂ. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാനറിയിക്കാം.'
ചില രേഖകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം തിരിച്ചു പോയ സ്മൃതിയുടെ മാതാപിതാക്കള്‍ക്ക് പടിക്കല്‍വരെ അനുയാത്ര പോകാന്‍ ജനമൈത്രി സ്റ്റേഷനിലെ ഉദ്യോഗസ്ഥ മറന്നില്ല. അപ്പോഴേയ്ക്കും സ്മൃതി കാരാഗൃഹത്തിനുള്ളില്‍ അടയ്ക്കപ്പെട്ടിരുന്നു. അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം പരിശോധിച്ച ശേഷം ചോദ്യം ചെയ്യല്‍ തുടങ്ങി. ബഹുമാന്യനായ സുഖമാരന്റെ മകള്‍ എവിടെ? അവള്‍ക്കെന്തു പറ്റി? ആരൊക്കെയാണ് സ്മൃതി സുകുമാരന്‍ എന്നവകാശപ്പെടുന്ന അവളുടെ കൂട്ടുകാര്‍? ഇവരെ അറിയുമോ? ഈ സംഘടനയില്‍ അംഗത്വമുണ്ടോ? വ്യക്തിസ്വാതന്ത്ര്യത്തെക്കള്‍ മഹത്വം ദേശത്തിനായി സ്വാതന്ത്ര്യത്തെ വിട്ടുകൊടുക്കുന്നതല്ലേ? ഒരുമയില്‍ മുന്നേറാന്‍ ഉപകരിക്കുന്ന കഥകളല്ലേ പൊക്കിള്‍ക്കൊടി മുറിച്ചുവിടുന്ന സത്യങ്ങളെക്കാള്‍ അഭികാമ്യം? പൊള്ളുന്ന പകലിനേക്കാള്‍ സുഖം ഇരുട്ടിന്റെ തണുപ്പുള്ള രാത്രിയല്ലേ? തെളിഞ്ഞ വഴിയേ പോവുന്നതല്ലേ പുല്ല് മൂടിയ ഒറ്റയടിപ്പാതയെക്കാള്‍ ശ്രേഷ്ഠം?.... പല ചോദ്യങ്ങളും സ്മൃതിക്ക് മനസ്സിലായില്ല.
അവര്‍ പറഞ്ഞ പേരുകളില്‍ പലതും അവള്‍ കേട്ടിട്ടുകൂടി ഇല്ലായിരുന്നു. എന്നാല്‍ അവള്‍ക്കറിയാവുന്നതിനൊക്കെ കൃത്യമായി മറുപടി കൊടുത്തു. ജീവനുണ്ടായപ്പോള്‍ മുതലുള്ള മൗലികമായ ആവശ്യമാണ് സ്വാതന്ത്ര്യമെന്നും ദേശം ആധുനിക സങ്കല്പം മാത്രമാണെന്നും, വേരുകള്‍ പിഴുതെറിയുന്ന സത്യങ്ങള്‍ തെളിഞ്ഞ കാഴ്ചയിലേക്കും കഥകള്‍ അടിമത്തത്തിന്റെ അന്ധതയില്‍ കൂട്ടത്തെ തളച്ചിടുകയാണ് ചെയ്യുന്നതെന്നും, സത്യത്തിന്റെ പൊള്ളല്‍ തപസ്സാണെന്നും രാത്രിയുടെ തണുപ്പ് മരണമാണെന്നും, നടന്നുതേഞ്ഞ വഴിനീളേ ദുര്‍ഗന്ധമാണെന്നും പുതിയ പാതകള്‍ സുഗന്ധമുള്ള താഴ്വാരങ്ങളിലേക്ക് വഴിവെട്ടുമെന്നും സ്മൃതി പറഞ്ഞു. ഉറച്ച മറുപടിക്കൊക്കെയും അവള്‍ പൊതിരെ അടി വാങ്ങി. എന്നാല്‍ മര്‍ദ്ദനമേറ്റ് കുഴഞ്ഞിരുന്ന അവളോട് ''നീ കുറ്റവാളിയാണ്. കുറ്റം സമ്മതിക്കുന്നോ?' എന്ന് ചോദിച്ചപ്പോള്‍ 'ഇല്ല. ഞാനൊരു കുറ്റവും ചെയ്തിട്ടില്ല.' എന്ന് പറയാനുള്ള ആര്‍ജ്ജവം സ്മൃതി കാണിച്ചു.
സഹികെട്ട് ചുറ്റുമുണ്ടായിരുന്നവര്‍ അവളോടടുത്തു. ചൂരല്‍കൊണ്ടുള്ള അടികളേറ്റ് അവള്‍ പൂളഞ്ഞു. ഒടുവില്‍ തലൈവി ബെല്‍റ്റൂരി അവളെ തലങ്ങും വിലങ്ങും അടിച്ചു. 'നീ കുറ്റം സമ്മതിക്കുന്നോ?' 'ഇല്ല!' നിലവിളികള്‍ക്കിടയിലൂടെ അവള്‍ അലറി. ഇതേ കഥ രണ്ടു ദിവസം ആവര്‍ത്തിച്ചു. സ്മൃതി കുഴഞ്ഞ്മറിഞ്ഞു. മൂന്നാം പക്കം ഭേദ്യം കഴിഞ്ഞ് കുറ്റം സമ്മതിക്കുന്നോയെന്ന് ചോദിച്ചപ്പോള്‍ അവള്‍ കരഞ്ഞുവിറച്ച് പറഞ്ഞു, 'അറിയില്ല! എനിക്കൊന്നുമറിയില്ല!' സ്റ്റേഷന്‍ ഓഫീസര്‍ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. മിനിറ്റുകള്‍ക്കകം ഉദ്യോഗസ്ഥരെല്ലാം ഓഫീസ് മുറിയില്‍ ഒത്തുകൂട്ടി അവര്‍ പറഞ്ഞു, ''അവളുടെ പ്രതിരോധം തകര്‍ന്നു. നമുക്കിനി പണി തുടങ്ങാം.' എല്ലാവരും കൈയ്യടിച്ച് ആ ശുഭവാര്‍ത്ത സ്വീകരിച്ചു.
പെണ്ണിനെങ്ങനെ പെണ്ണിനെ ബലാത്സംഗം ചെയ്യാന്‍ പറ്റുന്നുവെന്നോര്‍ത്താണ് ആ ഘട്ടത്തില്‍ അവള്‍ അതിശയം കൂറിയത്
സ്മൃതിയെ സെല്ലില്‍ നിന്നും ശീതീകരിച്ച മുറിയിലേക്ക് മാറ്റി. അവിടെ അങ്ങനെയൊരു മുറിയുണ്ടായിരുന്ന കാര്യം സ്മൃതിക്ക് പുതിയൊരു അറിവായിരുന്നു. വലിയ മുറി. വീതിയുള്ള കട്ടിലും പതുപതുത്ത മെത്തയും. രണ്ട് കസേരകളും ഒരു ടീപോയിയും. കണ്ണാടിയൊട്ടിച്ച ഷെല്‍ഫില്‍ പാകത്തിനുള്ള വസ്ത്രങ്ങള്‍. ചുവരില്‍ വലിയ എല്‍ ഈ ഡി ടെലിവിഷന്‍. അറ്റാച്ച്ഡ് ശുചിമുറിയില്‍ ചൂടുവെള്ളവും തണുത്തവെള്ളവും ലഭ്യമായിരുന്നു. ബാത്ത് ടബ്ബും ഉണ്ടായിരുന്നു. സ്മൃതി അമ്പരന്നു പിന്നെ ആശ്വാസമായി. പക്ഷേ അപ്പോഴും മുറി പുറത്തു നിന്നും പൂട്ടിയിരുന്നു. മഹിതമായ തടവു ജീവിതം തുടങ്ങുകയായി. ഉച്ചയ്ക്ക് പപ്പടവും പുഴുങ്ങിയ മുട്ടയും അകമ്പടി സേവിച്ച കോഴിബിരിയാണിയായിരുന്നു. രണ്ടു ദിവസത്തെ അരപ്പട്ടിണിക്ക് ശേഷം ലഭിച്ച മൃഷ്ടാന്നം ഭൂചിച്ച യുവതി ആലസ്യത്തോടെ ഒന്ന് മയങ്ങിയുണര്‍ന്നു.
സുഖശീതളമായ വിസ്മൃതിയില്‍ സ്മൃതി കിടക്കവെ താക്കോല്‍ തിരിയുന്ന കരകരപ്പ് കേട്ട് ചാടി എഴുന്നേറ്റു. ആകാംക്ഷയുടെ വാതില്‍ തുറന്ന് രാഗേഷ്‌കുമാര്‍ പ്രവേശിച്ചു. പുറത്താരുമില്ലെന്ന് ഉറപ്പ് വരുത്തി അയാള്‍ വാതില്‍ ചേര്‍ത്തടച്ചു. പിന്നെ പതിയെ സ്മൃതിയുടെ അടുത്തേക്ക് വന്നു. 'ചതിയന്‍!' സ്മൃതിയുടെ പല്ലുകള്‍ ഞെരിഞ്ഞു. 'അരുത്, അങ്ങനെ പറയരുത്... എല്ലാം . നിന്റെ നന്മയ്ക്കു വേണ്ടിയാണ്' രാഗേഷിന്റെ കണ്ണുകളില്‍ ആത്മാര്‍ത്ഥമായ പ്രണയമാണ് തുളുമ്പുന്നതെന്ന് സ്മൃതി വായിച്ചു. വെറുപ്പ് വിട്ട് അവളുടെ മുഖം താണു. രാഗേഷ് സ്മൃതിയുടെ ശിരസ്സില്‍ തഴുകി. 'ഇപ്പോള്‍ നിനക്കെന്നോട് വെറുപ്പും ദേഷ്യവുമാണ്, അല്ലേ? എന്നാലും എല്ലാം നിനക്കുവേണ്ടിത്തന്നെയായിരുന്നെന്ന് നീയറിയും. എനിക്ക് നിന്നെ എന്തിഷ്ടമാണെന്ന് അറിയുമോ മോളെ?', അയാള്‍ പറഞ്ഞു. പിന്നെ അവളെ ചേര്‍ത്തു പിടിച്ചപ്പോള്‍ ഒരു നെടുവീര്‍പ്പോടെ അവള്‍ ഒതുങ്ങിനിന്നു. അപ്പോള്‍ രാഗേഷ് അവളുടെ നെറുകയില്‍ ദീര്‍ഘമായി ചുംബിച്ചു. നെറ്റിയില്‍ ചുണ്ടമര്‍ന്നപ്പോള്‍ സുരക്ഷിതത്വമനുഭവിച്ച സ്മൃതിയുടെ കണ്ണുകള്‍ അടഞ്ഞു. അവളുടെ കവിളുകളിലൂടെ അയാളുടെ ഉമ്മകള്‍ ഒഴുകിയിറങ്ങിയപ്പോള്‍ അവളുടെ കൈകള്‍ യൂണിഫോമണിഞ്ഞ ശരീരത്തെ പൊതിഞ്ഞു. വൈകാതെ അവളുടെ വസ്ത്രമഴിക്കാന്‍ തുനിഞ്ഞപ്പോള്‍ സ്മൃതി എതിര്‍ത്തു. അപ്പോള്‍ രാഗേഷിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഒടുവില്‍ മിനുസമുള്ള മെത്തയിലേക്ക് വലിച്ചിട്ട് അവളെ അയാള്‍ പ്രാപിച്ചു.
സന്ധ്യയ്ക്ക് മറ്റൊരു പൊലീസുകാരന്‍ മുറിയിലേക്ക് വന്നു. എന്തൊക്കെയോ പറഞ്ഞുചിരിച്ചതില്‍പ്പിന്നെ അയാളും അവളെ ബലാത്സംഗം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ടുനേരം ഓരോരുത്തര്‍ എന്ന കണക്കില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ ആപ്പീസിലെ സര്‍വരും സ്മൃതിയെ ഭോഗിച്ചു. അതൊരു ശീലമായപ്പോള്‍ അവള്‍ ചെറുക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തി വെറുതെ കിടന്നു കൊടുത്തു. പെണ്ണിനെങ്ങനെ പെണ്ണിനെ ബലാത്സംഗം ചെയ്യാന്‍ പറ്റുന്നുവെന്നോര്‍ത്താണ് ആ ഘട്ടത്തില്‍ അവള്‍ അതിശയം കൂറിയത്.
അധികം വൈകാതെ തന്നെ ഉത്തരം കിട്ടാത്ത ചോദ്യത്തെ സ്മൃതി ഉപേക്ഷിച്ചു. പിന്നെ മറ്റൊരാലോചനയിലേക്ക് കടന്നു. ഇതൊരു സുഖമുള്ള ഏര്‍പ്പാടായിരിക്കണം. അല്ലെങ്കില്‍ അവര്‍ എന്തിനിത് വീണ്ടും വീണ്ടും ചെയ്യണം? മുഖമില്ലാത്ത ഏതൊക്കെയോ പുരുഷന്മാരുടെ മൂളലുകളും എസ് എച്ച് ഒ യുടെ ശീല്‍ക്കാരങ്ങളും അവളുടെ ചെവിക്കുള്ളില്‍ പ്രതിധ്വനിച്ചു. അവര്‍ മാത്രം എന്തിന് സൂഖിക്കണം? അവള്‍ ചിന്തിച്ചു. കാലുകള്‍ക്കിടയില്‍ നീറ്റലും നെഞ്ചിലും മുതുകിലും വേദനയും എന്തിനേറ്റുവാങ്ങണം? അവള്‍ യുക്തിപൂര്‍വ്വം ഒരു തീരുമാനത്തിലെത്തി. സ്ഥലംമാറ്റം കിട്ടി ആയിടെ വന്ന പൊലീസുകാരനായിരുന്നു സ്മൃതിയ്ക്കു മേലുള്ള അന്നത്തെ ഡ്യൂട്ടി. അതയാളുടെ രണ്ടാമൂഴമായിരുന്നു.
ചിരിച്ചുകൊണ്ട് വരവേറ്റ സ്മൃതിയെ കണ്ട് അയാള്‍ ആദ്യമൊന്നമ്പരന്നു. കൊതിയോടെ അയാള്‍ സ്മൃതിയുടെ വസ്ത്രമഴിച്ചപ്പോള്‍ അവള്‍ അയാളുടെ യൂണിഫോമിന്റെ കുടുക്കുകള്‍ അഴിക്കുകയായിരുന്നു. രണ്ടുപേര്‍ ഒന്നിച്ചൊരൂഞ്ഞാലില്‍ ആടിക്കുതിച്ചുചെന്ന് കണ്ണിമാങ്ങ കടിച്ചെടുക്കുന്ന ആവേശത്തോടെ അവര്‍ രതിസുഖത്തിന്റെ കൈലാസം കീഴടക്കി. പിറ്റേന്ന് എല്ലാ പൊലീസുകാരും വന്ന് സ്മൃതിയെ അഭിനന്ദിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേഷനിലെ എല്ലാ നിയമപാലകരും അവളുടെ രതിമൂര്‍ച്ഛയുടെ ഭാഗഭാക്കായി. സ്മൃതിയുടെ മുറി പൂട്ടാതെയുമായി. ഒരു ദിവസം സ്റ്റേഷന്‍ ഓഫീസര്‍ അവളെ തന്റെ യൂണിഫോം ധരിപ്പിച്ച് കസേരയിലിരുത്തി സന്ദര്‍ശകരെ പറ്റിക്കുകവരെയുണ്ടായി.
അതിനടുത്ത ദിവസം സ്മൃതിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. അവള്‍ സന്തോഷത്തോടെ ഓടിച്ചെന്ന് ഇരുവരുടെയും ഇടയില്‍ അല്പം പിറകിലായി ഒതുങ്ങി നിന്നു. അമ്മയുടെ ചുമലില്‍ ലേശം താങ്ങുകൊടുത്തു നിന്ന അവള്‍ അച്ഛന്റെ തണലില്‍ സ്വസ്ഥയായി. ഇരുവരും ചോദിച്ച വിശേഷങ്ങള്‍ക്കെല്ലാം മൃദുവായ സ്വരത്തില്‍ ലജ്ജയോടെ മകള്‍ മറുപടി നല്‍കി. അവര്‍ അതീവ സന്തുഷ്ടരായി. വനിതാ ഓഫീസര്‍ സ്മൃതിയുടെ മൊബൈല്‍ എടുത്തു. പുത്തന്‍ പാസ്സ്വേര്‍ഡ് ഉപയോഗിച്ച് തുറന്ന് ഡിജിലോക്കറിലെ രേഖകള്‍ എല്ലാവരെയും കാണിച്ച് തൃപ്തി വരുത്തി. സ്മൃതിക്ക് ശരിക്കും സന്തോഷമായി.
ഈ സ്റ്റേഷനില്‍ അവിവാഹിതരായ അഞ്ച് സുന്ദരന്മാരുണ്ട് . നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍.... സ്മൃതിക്ക് വേണമെങ്കില്‍...' 'കൊള്ളാം, വിരോധമോ? ഒരു കാവല്‍ക്കാരന്റെ ഭാര്യയാകുന്നതിലും വലുതെന്താണ് മോളെ?'
കാണാതെപോയ മകളെ കണ്ടുപിടിച്ച് തിരിച്ചു തന്ന എസ് എച്ച് ഒയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും അവളുടെ അമ്മയും അച്ഛനും വീണ്ടും വീണ്ടും നന്ദി പറഞ്ഞു. ഒടുവില്‍ അമ്മ ചോദിച്ചു, 'ആ ഒരുമ്പെട്ടവളെ തൂക്കിക്കൊന്നോ?' 'ഇല്ല. അതുണ്ടായില്ല. അതു പറ്റില്ല. നിയമത്തിനും പരിധിയുണ്ടല്ലോ.', സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. സുകുമാരദമ്പതിയുടെ മുഖങ്ങള്‍ ഇരുണ്ടത് കണ്ടപ്പോള്‍ 'എന്നുവച്ച് വിഷമിക്കേണ്ട. ഇനിയവള്‍ വരില്ല, ജീവപര്യന്തമാണ് ശിക്ഷ.' എന്ന് കൂട്ടിച്ചേര്‍ത്ത് അവരെ പ്രകാശിപ്പിച്ചു. പെട്ടെന്ന് തന്നെ എന്തോ ഓര്‍ത്ത് ഗൗരവം പൂണ്ടു. 'നമ്മുടെയൊക്കെ കുട്ടികള്‍ കുടുംബത്തില്‍ ജനിക്കുന്നവരാണ്? ആണായാലും പെണ്ണായാലും, വളര്‍ന്ന് കഴിയുമ്പോള്‍ കെട്ടഴിഞ്ഞു പോകുന്ന പ്രകൃതമാണെന്ന് കണ്ടാല്‍ ഒട്ടും വൈകരുത്. പുതിയൊരു കുടുംബത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കണം.. ഇല്ലെങ്കില്‍ അപകടമാണ്. സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനം കുടുംബത്തിലാണല്ലോ?' അവര്‍ സാകൂതം സ്മൃതിയുടെ മാതാപിതാക്കളെ നോക്കി. 'മനസ്സിലായി മാഡം. വേഗം ഇവളുടെ കല്യാണം നടത്തണം. ഞങ്ങള്‍ എത്ര നാളായി പറയുന്നതാണെന്നോ! ഇവളൊന്ന് അടുക്കണ്ടേ?' ചെറുകെറുവോടെ മിസ്സിസ്സ് സുകുമാരന്‍ പറയുന്നത് കേട്ടപ്പോള്‍ സ്മൃതി നാണിച്ച് കൂമ്പി. 'ഇവളെയെന്തിനാണ് കുറ്റം പറയുന്നത് അന്നേരം ആ പിശാചല്ലായിരുന്നോ!' അച്ഛന്റെ കാരുണ്യം മകളെ തഴുകി.
പെട്ടെന്ന് എന്തോ ഓര്‍ത്ത് എസ് എച്ച് ഒ പറഞ്ഞു, 'ഞാനൊന്ന് പറയട്ടെ. ഈ സ്റ്റേഷനില്‍ അവിവാഹിതരായ അഞ്ച് സുന്ദരന്മാരുണ്ട് . നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍.... സ്മൃതിക്ക് വേണമെങ്കില്‍...' 'കൊള്ളാം, വിരോധമോ? ഒരു കാവല്‍ക്കാരന്റെ ഭാര്യയാകുന്നതിലും വലുതെന്താണ് മോളെ?' ആദ്യപകുതി എസ് എച്ച് ഒ യ്ക്കും രണ്ടാം പകുതി മകള്‍ക്കുമായി സുകുമാരന്‍ പകുത്തു. അഞ്ച് പൊലീസുകാരും എത്തിച്ചേരാന്‍ പിന്നെ വൈകിയില്ല. ഒന്നിനൊന്ന് മെച്ചമായ അഞ്ചിലൊരാള്‍ രാഗേഷ്‌കുമാര്‍ എം എസ് ആയിരുന്നു. അവരെ കണ്ട് തൃപ്തരായ സുകുമാരനും ഭാര്യയും പുഞ്ചിരികൊണ്ട് ഉടമ്പടിയില്‍ ഒപ്പുവച്ചു. 'മാഡത്തിന്റെ മനസ്സില്‍ ആരാണ് വരന്‍?' സുകുമാരന്‍ ചോദിച്ചു. 'അതു തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, സ്മൃതിയാണ്. ഇത് സ്ത്രീ ശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും കാലമാണ്!' നിശ്ചയദാര്‍ഢ്യത്തോടെ ഉദ്യോഗസ്ഥ പറഞ്ഞു. തുടര്‍ന്ന് സ്വയംവരത്തിനായി സ്മൃതി ആനയിക്കപ്പെട്ടു. എസ് എച്ച് ഒ അഞ്ചുപേരേയും അവതരിപ്പിച്ചു. സ്മൃതി സ്ഥലംമാറി വന്നയാളുടെ ചാരെ ചെന്ന് നാണിച്ചു നിന്നു. 'കണ്‍ഗ്രാജുലേഷന്‍ സത്യജിത്ത്, കണ്‍ഗ്രാജുലേഷന്‍ സ്മൃതി!' ഇരുവരേയും പേരെടുത്ത് വിളിച്ച് അഭിനന്ദിച്ച ആദ്യത്തെയാള്‍ രാഗേഷ് കുമാറായിരുന്നു. ആദര്‍ശയുവമിഥുനത്തിനുള്ള സര്‍ക്കാര്‍ വക യൂറോപ്യന്‍ മധുവിധുവിന് അവരെ ശുപാര്‍ശ ചെയ്യുമെന്ന് എസ് എച് ഒയും പ്രഖ്യാപിച്ചു.
ഡെസ്റ്റിനേഷനുകളിലൊന്ന് പഴയ ബൊഹീമിയന്‍ തലസ്ഥാനമായ പ്രാഗ് നഗരമായിരുന്നു. നഗരാതിര്‍ത്തിയിലുള്ള വിന്റേജ് ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലെ ഹണിമൂണ്‍ സ്വീറ്റില്‍ പൊക്കുവെയില്‍ സമ്മാനിച്ച സുവര്‍ണ സുരതത്തിന് ശേഷം സത്യത്തെ ജയിച്ചവനില്‍ നിന്നും സ്മൃതി തലയുയര്‍ത്തി. മുന്നിലെ തുറന്ന ജാലകത്തിനപ്പുറം പുല്ലും വള്ളിയും കയ്യേറിത്തുടങ്ങിയ ഒറ്റയടിപ്പാതയിലാണ് അവളുടെ നോട്ടം ചെന്നു തൊട്ടത്. പ്രാഗ്രൂപങ്ങളും പ്രാക്തനധ്യാനങ്ങളും മണ്ണടരുകള്‍ക്കിടയിലെ നിതാന്തമായ നിശബ്ദതയിലും പുല്‍നാമ്പുകളുടെ കുണുക്കുകളിലെ ക്ഷണികമായ ആര്‍ദ്രതയിലും ഒരുപോലെ ഒളിഞ്ഞുകിടന്ന് ഓര്‍ക്കാപ്പുറത്ത് ദംശിക്കുന്ന പ്രാഗിന്റെ കാരുണ്യം ശൂന്യമായ രണ്ടു നിമിഷങ്ങളുടെ ഇടനാഴിയിലൂടെ കയറിവന്ന് അവളുടെ വംശസ്മൃതിയെ സ്വതന്ത്രമാക്കി. സത്യജിത്തിന്റെ മുകളില്‍ നിന്നും എഴുന്നേറ്റ സ്മൃതി വേഗം ഗൗണിനുള്ളിലേക്ക് കയറി. അവള്‍ പുറത്തേക്കിറങ്ങാന്‍ ഭാവിക്കുന്നത് കണ്ട് അയാളും എഴുന്നേറ്റു. ഷോര്‍ട്‌സും വലിച്ചുകയറ്റി പുള്ളോവറുമിട്ട് സത്യജിത്ത് വരുമ്പോള്‍ സ്മൃതി പടികള്‍ ഇറങ്ങിത്തുടങ്ങിയിരുന്നു. സത്യജിത്ത് ലിഫ്റ്റിനടുത്തേക്ക് ഓടി.
കുറ്റിക്കാടുകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കല്ലറയിലേയ്ക്കാണ് ചവിട്ടടിപ്പാത സ്മൃതിയെ നയിച്ചത്. പൊലീസുകാരനായ ഭര്‍ത്താവ് ഒരകലമിട്ട് അവളെ പിന്തുടര്‍ന്നു. ഭാര്യ വന്നു നിന്നത് ഒരു കല്ലറയ്ക്കു മുന്നിലാണെന്ന് മനസ്സിലായ നിമിഷം അയാള്‍ മൊബൈലിലെ സേര്‍ച്ച് എന്‍ജിന്‍ തുറന്നു. അന്നേരം സ്മൃതി പരേതരുടെ പേരുവിവരങ്ങള്‍ കൊത്തിവയ്ക്കാറുള്ള ഭാഗത്തെ ചെളിയും പൊടിയും പായലും ഉരച്ച് കളയുകയായിരുന്നു. മിനിറ്റുകള്‍ക്കകം രേഖാചിത്രം പോലൊന്ന് തെളിഞ്ഞു. ആഗ്രം ലേശം കൂര്‍ത്തു മലര്‍ന്ന ചെവികള്‍ക്കിടയില്‍ കൗതുകം വരച്ചിട്ട മനുഷ്യമുഖം. അതിന് താഴെ ഒരു കീടത്തിന്റെ ശരീരം. അതിനും ചുവട്ടില്‍ ജനന-മരണ വര്‍ഷങ്ങള്‍ ഒന്നുമില്ലാതെ ഒരു പേര് മാത്രം. ഗ്രിഗര്‍ സാംസ!* എന്നാണ് ജനിച്ചത്? എന്നാണ് മരിച്ചത്? അതൊക്കെ അറിയാതെപോകുമോ? അതോ മറന്നുപോയതോ? ഇനി മരണമില്ലാത്തവരുടെ അടയാളമായിരിക്കുമോ ഈ കുഴിമാടം? സ്മൃതി അപഗ്രഥിക്കാന്‍ തുടങ്ങി. വിചിത്ര ജന്മത്തിന്റെ ശവകുടീരത്തിനു മുന്നില്‍ മുട്ടുകുത്തിയിരുന്നു പരിശോധിക്കയായിരുന്ന ഭാര്യയുടെ അരികിലേക്ക് ഭര്‍ത്താവ് പമ്മി വന്നു. സ്മൃതി എഴുന്നേറ്റപ്പോള്‍ സത്യജിത്ത് ശ്വാസമടക്കി തയ്യാറായി. നിവര്‍ന്നു നിന്ന സ്മൃതിയില്‍ നിന്നും ഉണ്മയുടെ വേര് പറിഞ്ഞ വേദന ദഹനരസത്തിന്റെ ഉരുക്കുകോട്ടയെ പിളര്‍ത്തി ഒരു നെടുവീര്‍പ്പിലൂടെ പുറത്തേക്കു വന്നു. അപ്പോള്‍ അവിടെ ഒഴുകിയ കാറ്റിന് അഴുകുന്ന ശവഗന്ധമായിരുന്നു. കടശ്ശി സ്മൃതിയുടെ രൂപാന്തരം തുടങ്ങി. അവളുടെ കൈകാലുകള്‍ ശോഷിച്ചിരുണ്ടു. അവ അനവധിയെണ്ണമായി വിടര്‍ന്നു തുടങ്ങി. അവയില്‍ നിറയെ ഏതോ ദ്രവം പൊടിക്കുന്ന നനുത്ത രോമങ്ങളായിരുന്നു. അവളുടെ പുറമാകട്ടെ കറുത്ത ചട്ടി കമിഴ്ത്തിയ മാതിരി ഉരുണ്ട് കട്ടിയാകാന്‍ തുടങ്ങി. 'കോഡ് റെഡ്!' സത്യജിത്ത് തന്നോട് തന്നെ നിശ്ശബ്ദം പറഞ്ഞു. അയാളുടെ കൈകള്‍ തോക്ക് തിരഞ്ഞു. ഇല്ല! ധൃതിയില്‍ ഷോര്‍ട്‌സും വലിച്ചുകയറ്റി വന്നപ്പോള്‍ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിപദിധൈര്യത്തില്‍ പ്രതിരോധത്തിനായി ചുറ്റും നോക്കിയ യോദ്ധാവിന്റെ കണ്ണുകള്‍ അറിയാതെ സ്വന്തം കാല്‍പ്പാദത്തില്‍ തടഞ്ഞു. പുമാന്‍ പാദരക്ഷ ധരിക്കാന്‍ മറന്നിരുന്നില്ല! ക്രൗര്യം നിറഞ്ഞ പുഞ്ചിയോടെ കാലിലെ സ്‌നീക്കറുകളിലൊന്നൂരി അയാള്‍ കൈയ്യിലെടുത്തു.
'It's only because of their stupidity that they're able to be so sure of themselves.'
Franz Kafka, The Trial
*കാഫ്കയുടെ 'The Transformation' എന്ന പ്രസിദ്ധ കഥയിലെ നായകന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates