Image created by AI Image generator AI Image
Pen Drive

കാടിറക്കം (ഒരു വേട്ടമൃഗത്തിന്റെ ആത്മകഥ)

ജെആര്‍ അനി എഴുതിയ കഥ

Author : ജെ.ആര്‍ അനി

രിസരം മറന്ന് ഇത്തിരിപ്പോന്ന ആ ശ്വാനന്റെ പിന്നാലെ ഓടിയത് വിശപ്പുകൊണ്ട് മാത്രായിരുന്നോ? അതും അവന്റെ യജമാനന്റെ മുന്നില്‍ വച്ചുതന്നെയായത് ആകസ്മികം എന്ന് പറയാനാവില്ല. ചിലതൊക്കെ ഓര്‍മ്മപ്പെടുത്താന്‍ കരുതിക്കൂട്ടിത്തന്നെയാണ് ഞാനത് ചെയ്തത്. എന്നാല്‍ പെട്ടെന്ന് ഭൂമി പിളര്‍ന്നെന്നത് പോലെ ഇരുകാലികള്‍ തീര്‍ത്തിരുന്ന ചതിക്കുഴിയുടെ ആഴങ്ങളിലേയ്ക്ക് അവനോടൊപ്പം വഴുതി വീണുപോയത് തീരെ പ്രതീക്ഷിച്ചതല്ല. അപകടം അടുത്ത് കണ്ടമാത്രയില്‍ വെട്ടിത്തിരിയാനും ഒഴിഞ്ഞുമാറാനും തന്നാലാവത് ശ്രമിച്ചതുമാണ്. തളര്‍ന്ന ശരീരം അപ്പോള്‍ മനസ്സിനൊപ്പം ഇല്ലായിരുന്നു. മൂടിയിട്ടിരുന്ന ചതിക്കിണറിന്റെ മുകളില്‍ വച്ച കാലിടറിയും വശത്തെ മണ്ണിടിഞ്ഞും ആഴത്തിലേയ്ക്ക് തലകുത്തി വീണത് ആ ശ്വാനന്റെ ദേഹത്ത് തന്നെയാണ്!

എന്റെ ഭാരം താങ്ങാനാകാതെ അവന്റെ എല്ലുകള്‍ അപ്പോള്‍ ഒടിഞ്ഞുനുറുങ്ങിയിട്ടുണ്ടാവണം. അത്രയ്ക്കും ഉച്ചത്തിലായിരുന്നു അവന്റെ ആര്‍ത്തനാദങ്ങള്‍. അതുകേള്‍ക്കെ അവനെ കാലപുരിക്കയക്കാനായി ഞാന്‍ ഇടതുകൈയ്യ് ഉയര്‍ത്തി വീശിയതുമാണ്. രണ്ട് അംഗുലത്തോളം നീളത്തില്‍ പുറത്തേയ്ക്കുന്തിയ കൂര്‍ത്തനഖങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അവന്റെ മുഖം വികൃതമാക്കുകയും ആ കണ്ണുകള്‍ പിഴുതെടുക്കുകയും ചെയ്‌തേനേ. അടിയേറ്റ് വീഴുന്ന നിമിഷം കോമ്പല്ലുകള്‍ കൊണ്ടുള്ള വേട്ടയുടെ മരണപ്പൂട്ട് കഴുത്തില്‍ക്കുടുക്കി ശ്വാസം മുട്ടിക്കണം. അത്രയേയുള്ളൂ! മനുഷ്യന്റെ അരുമകള്‍ക്ക് ഒരുനാളും കാടകങ്ങളില്‍ അടരാടിത്തെളിഞ്ഞ വന്യമൃഗങ്ങളുടെ ഉശിരുണ്ടാവില്ലെന്ന് എനിക്കുറപ്പാണ്. ഇരുകാലികളുടെ ആ കാലുനക്കി ദയയേതും അര്‍ഹിക്കുന്നില്ലെന്ന് മനസ്സിന്റെ പാതി പറഞ്ഞുകൊണ്ടിരുന്നു.

കൂട്ടത്തിലുള്ളവരെ ഒറ്റുകൊടുക്കാനും ചതിയില്‍പ്പെടുത്തി കീഴടക്കാനും കുത്സിതബുദ്ധികളായ മനുഷ്യര്‍ക്ക് അരുനില്‍ക്കുന്നവരാണ് ശ്വാനന്മാരെന്ന് എനിക്കറിയാം. അതിരുകടന്ന യജമാനസ്‌നേഹം കൊണ്ടാവണം പൊന്തയ്ക്കുള്ളില്‍ പതുങ്ങിയിരുന്ന എന്റെ നേരെ കുരച്ചുകൊണ്ടവന്‍ ചാടിയെത്തിയത്. കായബലത്തില്‍ ഒരു വിനാഴിക പോലും എന്നോടേറ്റ് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അവനറിയാത്തതല്ലല്ലോ. ആകാശത്തിന്റെ പടിഞ്ഞാറന്‍ ചെരിവുകളില്‍ ചെഞ്ചായം പരന്നതോടെ മേല്‍ക്കൈ എനിക്കായിരിക്കുമെന്ന് ഉറപ്പായിട്ടുപോലും കാട്ടിനുള്ളിലേയ്ക്ക് പിന്തിരിഞ്ഞോടാന്‍ ഞാനപ്പോള്‍ തയ്യാറായതുമാണ്. എന്നിട്ടും ഇടംവലം തിരിയാന്‍ വിടാതെ അവന്‍ പിന്തുടര്‍ന്നെത്തിയപ്പോള്‍ മനുഷ്യനെ അന്ധമായി പിന്‍പറ്റുന്ന പമ്പരവിഡ്ഢികളായ അനുചരന്മാരുടെ വിശ്വാസം അപ്പാടെ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് എനിക്ക് തോന്നിയത്. രക്ഷകനെന്നും ആപത്ബാന്ധവനെന്നും കരുതി വിടുപണി ചെയ്യുന്ന അവര്‍ എന്നെങ്കിലും മനുഷ്യന്റെ തനിസ്വരൂപം അറിയണമല്ലോ. അതുകൊണ്ടും കൂടിയാണ് യജമാനന്റെ മുന്നില്‍ വച്ചുതന്നെ അവനെ കടിച്ചുകീറാന്‍ ഞാന്‍ ഉദ്യമിച്ചതും!

ആ ഏറാന്‍മൂളിയെ മരണത്തിന് എറിഞ്ഞുകൊടുത്ത് ജീവന് വേണ്ടിയോടിയ യജമാനന്‍ തന്നെയാണ് മൂടിയിട്ടിരുന്ന ചതിക്കുഴിയിലേയ്ക്ക് തന്നെ ചാടിച്ചതെന്നും അവനറിയണമെന്നാണ് തോന്നിയത്. ഒന്നാലോചിച്ചാല്‍ ക്രോധവും ആവേശവും മനസ്സിനെ കീഴടക്കിയ ആ നിമിഷങ്ങളില്‍ ഇരുകാലികളുടെ കുത്സിതബുദ്ധിക്ക് മുന്നില്‍ ഞാനും നിരുപാധികം കീഴടങ്ങുകയായിരുന്നല്ലോ.

പെരുമീനുദിച്ച് കിഴക്കേ മാനം വെളുത്തുകഴിയുമ്പോള്‍ സന്നാഹങ്ങളുമായി അവന്റെ യജമാനനന്‍മാര്‍ പുറപ്പെട്ടെത്തുമെന്ന് എനിക്കറിയാം

കോപാവേശം കൊണ്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ലെങ്കിലും ആ വീഴ്ചയുടെ ആഘാതത്തില്‍ ഞാന്‍ വല്ലാതെ ഭയന്നുപോയി. മരണം മുന്നില്‍ക്കണ്ട ആ ശ്വാനന്റെ മോങ്ങല്‍ കേള്‍ക്കെ കൈകളിലെ ചോരചീറ്റാന്‍ വെമ്പിയ നഖങ്ങള്‍ അകത്തേയ്ക്ക് സ്വയം ഉള്‍വലിയുകയായിരുന്നു. എന്നെ കുടുക്കാനാണെങ്കില്‍ക്കൂടി മനസ്സറിയാതെയാണല്ലോ ആ ചാവേര്‍ അപകടത്തിലേയ്ക്ക് എടുത്തു ചാടിയത്. ഇരുകാലികള്‍ക്ക് ആരോടും അതിരുകടന്ന സ്‌നേഹമോ പ്രതിപത്തിയോ ഇല്ല. താന്താങ്ങളെ പിന്‍പറ്റുന്നവരെക്കൂടി അരും കൊലയ്‌ക്കെറിഞ്ഞുകൊടുക്കാന്‍ അവര്‍ക്ക് പര്യാലോചനകളുടെ ആവശ്യവുമില്ല. അതിപ്പോഴെങ്കിലും ആ മൂഢന് മനസ്സിലായിക്കാണണം.

കുറെ ചാടി നോക്കിയിട്ടും പലവുരു അള്ളിപ്പിടിച്ച് കയറാന്‍ ശ്രമിച്ചിട്ടും ആ കുഴിക്ക് മുകളിലെത്തിപ്പെടാന്‍ കഴിയില്ലെന്നെനിക്ക് വ്യക്തമായി. ഓരോ പ്രാവശ്യവും മുകളിലേയ്ക്ക് കുതിച്ചിട്ട് തിരികെ വീഴുമ്പോള്‍ വാരിയെല്ലുകള്‍ ഒടിഞ്ഞുനുറുങ്ങിക്കിടക്കുന്ന ശ്വാനന്റെ ദയനീയമായ മോങ്ങല്‍ ആ കുഴിയുടെ വശങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. വല്ലാത്തൊരു കെണിയിലാണ് ചെന്നുപെട്ടിരിക്കുന്നതെന്ന് താമസിയാതെ എനിക്ക് മനസ്സിലായി. ഒരുപക്ഷേ അതിരുകവിഞ്ഞ ഭയം മനസ്സിനെ കീഴടക്കിയത് കൊണ്ടാവണം എരിഞ്ഞുകൊണ്ടിരുന്ന വിശപ്പിന്റെ ആളിച്ച പോലും എനിക്കപ്പോള്‍ അറിയാനേ ആകുമായിരുന്നില്ല.

കുറേനേരം കഴിഞ്ഞപ്പോഴേയ്ക്കും ശ്വാനന്റെ മോങ്ങലിന് തെല്ല് ശമനമുണ്ടായി. ഞാനവനെ കൊല്ലാന്‍ പോകുന്നില്ലെന്ന് ഒരുവേള അവന് ബോദ്ധ്യമായിക്കാണണം. തളര്‍ന്ന് കിടന്നിരുന്ന അവനരികിലായി ആ കുഴിയിലെ ഇത്തിരിയിടത്ത് ഞാന്‍ കിടന്നു. പുറത്ത് വെളിച്ചത്തിന്റെ കണങ്ങള്‍ നേര്‍ത്തൊടുങ്ങുന്നതും നനുത്ത മഞ്ഞുകണങ്ങള്‍ തങ്ങിനില്‍ക്കുന്ന ഇരുട്ടിന്റെ നീരാളം പതിയെ പടരുന്നതും എനിക്ക് കാണാമായിരുന്നു. പെരുമീനുദിച്ച് കിഴക്കേ മാനം വെളുത്തുകഴിയുമ്പോള്‍ സന്നാഹങ്ങളുമായി അവന്റെ യജമാനനന്‍മാര്‍ പുറപ്പെട്ടെത്തുമെന്ന് എനിക്കറിയാം. പണ്ട് ഇരതേടിയിറങ്ങിയ ഞങ്ങളുടെ അമ്മ ആ നീചന്മാരൊരുക്കിയ കെണിയില്‍പ്പെട്ടപ്പോള്‍ ഞങ്ങളത് വ്യക്തമായി കണ്ടതുമാണ്!

ഒഴിഞ്ഞ വയറുകളുമായി രാത്രി മുഴുവന്‍ അവിടെ ഞങ്ങളിരുവരും ഒരുമിച്ച് കിടന്നു. ഇപ്പോള്‍ അവനെ ഗ്രസിച്ചിരുന്ന ഭയം ഏതാണ്ട് പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞത് പോലെയാണ്. നുറുങ്ങിപ്പോയ അവന്റെ ശരീരത്തിലെ മുറിവുകളില്‍ നിന്നും അപ്പോഴും ചോരയിറയ്ക്കുന്നുണ്ടായിരുന്നു. നിയന്ത്രിക്കാനാകാത്ത ഏതോ വികാരത്തിനടിപ്പെട്ട് നാക്കുപയോഗിച്ച് ഞാനത് നക്കിത്തുവര്‍ത്തി. അരം പോലുള്ള എന്റെ നാക്കില്‍ കുടുങ്ങി മുറിവായിലെ മാംസം പറിഞ്ഞിളകിയപ്പോള്‍ അവന്‍ വീണ്ടും ദൈന്യതയോടെ മോങ്ങി.

അതുകേള്‍ക്കെ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ദംഷ്ട്രകള്‍ ആഴ്ന്നിറങ്ങുമ്പോള്‍ ജീവനുവേണ്ടി പിടയുന്ന എത്രയോ മൃഗങ്ങളെ കുഞ്ഞായിരുന്നപ്പോള്‍ത്തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ മുറിവുകളില്‍ കിനിയുന്ന ചോര നക്കിത്തുവര്‍ത്താനായി ഞാനും ഓപ്പോളും തമ്മില്‍ മത്സരിക്കുമായിരുന്നു. ഇരകളുടെ പിടച്ചില്‍ പൂര്‍ണ്ണമായി നില്ക്കുന്നത് വരെ അമ്മ കഴുത്തില്‍ നിന്ന് പിടി വിടുകയേയില്ല. ചില സസ്യാഹാരികളുടെ ചേതനയറ്റ അകിടുകളില്‍ നിന്ന് ചുരത്തുന്നത് കാത്ത് കടിവിടാതെ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ പിന്നീട് ഞങ്ങളോട് ഉരുമ്മി നില്‍ക്കും. ഞങ്ങള്‍ക്ക് നായാട്ട് പഠിക്കാനായി ചിലപ്പോള്‍ അമ്മ തന്നെ അത്തരക്കാരെ കൊണ്ടുവരാറുമുണ്ട്. അവരും ഞങ്ങളോടൊപ്പം കളിക്കും. ഞങ്ങള്‍ക്ക് വിശപ്പ് കൂടുന്നത് വരെ. അല്ലെങ്കില്‍ അവരുടെ ഊഴം എത്തുന്നത് വരെ!

ശ്വാനന്റെ ചോരയുടെ ഉപ്പുരസം വിശപ്പുകൊണ്ടും ക്ഷീണം കൊണ്ടും അവശയായിരുന്ന എന്റെ വായിലെ സ്വാദുമുകുളങ്ങളെ തലോടിയുണര്‍ത്തി. എന്നാല്‍ ഭയത്തിന്റെ കിനാവള്ളിക്കൈയ്യുകള്‍ ശ്വാസം മുട്ടിച്ചിരുന്നത് കാരണമാകാം അവനെ കൊല്ലാന്‍ ഞാനെന്തോ ശ്രമിച്ചതേയില്ല. തന്നെയുമല്ല വിശന്നും ഭയന്നുമുള്ള ആ കിടപ്പില്‍ ഞാനെപ്പോഴോ മയങ്ങിപ്പോകുകയും ചെയ്തു!

അതെ, ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു! ഉറക്കക്ഷീണത്തില്‍ ഞാന്‍ കണ്ണ് തുറന്നപ്പോഴേയ്ക്കും മുകളിലേയ്ക്ക് നോക്കാനാകാത്ത വിധം അര്‍ക്കരശ്മികളുടെ തീക്ഷ്ണത ഏറിയിരുന്നു. കുറേയേറെ ആളുകള്‍ മുകളില്‍ കൂടി നില്‍പ്പുണ്ട്. ആകാംക്ഷ വളര്‍ന്ന് മുറ്റിയ എന്റെ രോമരാജികള്‍ കൂടി എഴുന്നുനിന്നു. മൂര്‍ത്തരൂപമില്ലാത്ത ഭയങ്ങള്‍ ഉള്ളില്‍ തുടികൊട്ടുന്നു. എത്ര സമയം അങ്ങനെ പോയെന്ന് അറിയില്ല. ഞാന്‍ തീരെ സുരക്ഷിതയല്ലെന്നും ഏതുനിമിഷം വേണമെങ്കിലും ആ സൂത്രശാലികളുടെ അഭേദ്യങ്ങളായ അടച്ചുറപ്പുകള്‍ തീര്‍ക്കുന്ന നിതാന്ത പാരതന്ത്ര്യത്തിലേയ്ക്ക് അമ്മയെപ്പോലെ തളയ്ക്കപ്പെടാമെന്നും ഉള്ളകം ഭയന്നു.

നേരം പോകെ എത്തിപ്പിടിക്കാനാകാത്ത ദൂരത്തുനിന്ന് കാളകൂടം നിറച്ച തൂവല്‍ സൂചികള്‍ ഉന്നംതെറ്റാതെ അവര്‍ എന്റെ ദേഹത്ത് എയ്ത് പിടിപ്പിച്ചു. അപ്പോള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഓര്‍മ്മയുടെ ചെപ്പുകള്‍ക്കാകെ ക്‌ളാവ് പിടിക്കുന്നത് ആകുലതയോടെ ഞാന്‍ തിരിച്ചറിഞ്ഞു. അമ്മ കൊണ്ടുവരുന്ന ഇരമൃഗത്തെ പങ്കിടാന്‍ കൊതിച്ച് വിശന്നൊട്ടിയ വയറുകളുമായി കാത്തിരുന്ന ബാല്യത്തിന്റെ വേപഥു നിറഞ്ഞ ചിത്രം മാത്രം മനസ്സില്‍ തെളിയുന്നു!

മദിയിലുള്ള പെണ്ണുങ്ങള്‍ വീണ്ടും വീണ്ടും തന്റെ മാത്രം പരമ്പരകള്‍ക്ക് ഉയിരൂതിക്കൊടുക്കണമെന്ന് മറ്റാരേയും പോലെ അയാളും ആഗ്രഹിച്ചിരിക്കാം

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ കെണിവച്ചുപിടിച്ച് ആരവങ്ങളോടേയും അട്ടഹാസങ്ങളോടേയും വലിയ വാഹനത്തിലേറ്റി കാടരികില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ ഏറെയകലെയല്ലാത്ത കാട്ടുപൊന്തകള്‍ക്കുള്ളില്‍ നാല് കുഞ്ഞുകണ്ണുകള്‍ ശ്വാസമടക്കി നിര്‍ന്നിമേഷരായി നോക്കിയിരുന്നത് ഓര്‍മയിലുണ്ട്. ഒളിയിടം പറഞ്ഞുതന്നും നിര്‍ബന്ധിച്ചും അമ്മതന്നെയായിരുന്നല്ലോ ഞങ്ങളെ ഒളിപ്പിച്ചതും! അടവികളില്‍ വിഹരിക്കുന്ന മറ്റ് വേട്ടമൃഗങ്ങള്‍ ബാല്യം വിടാത്ത ഞങ്ങളെ നായാടിയേക്കുമെന്ന് അമ്മയ്‌ക്കെപ്പോഴും ഭയമായിരുന്നു. ജന്മം നല്‍കിയ ആള്‍ തന്നെ ഞങ്ങളിലൊന്നിനെ കൊന്നുകളഞ്ഞതിന് ശേഷം അവരെന്നും അങ്ങനെയായിരുന്നു!

കൂട്ടംകൂടിയെത്തിയ ഇരുകാലികള്‍ അമ്മയെ വലിച്ചിഴക്കുകയും കാരിരുമ്പഴികള്‍ക്കുള്ളില്‍ ഞെക്കിഞെരുക്കുകയും ചെയ്തപ്പോള്‍ മൃഗസഹജമായ പരിഭ്രാന്തികള്‍ കൊണ്ടാകാം ഭയന്നുപോയ ഞങ്ങള്‍ക്ക് ഒച്ചയെടുത്ത് കരയാന്‍ പോലും കഴിഞ്ഞില്ലെന്നത് സത്യമാണ്. നിറഞ്ഞൊഴുകിയിട്ടും പച്ചനിറത്തില്‍ തിളങ്ങിക്കൊണ്ടിരുന്ന അമ്മയുടെ കണ്ണുകള്‍ കാരാഗ്രഹത്തിനുള്ളിലിരുന്ന് ഞങ്ങളിരുവരേയും ചൂഴ്ന്നുതന്നെ നിന്നിരുന്നു.

ശരിക്കും ഞങ്ങള്‍ മൂന്നുപേരാണ് അമ്മയുടെ മക്കള്‍. ശൈശവത്തിലെ തിരിച്ചറിവില്ലാത്ത നാളുകളൊന്നില്‍ അമ്മയുടെ വറ്റിത്തുടങ്ങിയ അകിടുകളില്‍ വീണ്ടും ചുരത്താനായി തലയിട്ടിടിച്ചപ്പോള്‍ ഞങ്ങളിലെ ഏകആണ്‍തരിയെ അയാള്‍ നിഷ്‌കരുണം കാലപുരിയ്ക്ക് അയക്കുകയായിരുന്നു! അവന്റെ എല്ലുകള്‍ പോലും അയാള്‍ ബാക്കിവച്ചില്ല. ഈച്ചകളും കട്ടുറുമ്പുകളും ആര്‍ക്കുന്ന കട്ടപിടിച്ച കുറച്ച് ചോരപ്പാടുകള്‍ മാത്രമായി നിമിഷങ്ങള്‍ക്കകം അവനൊടുങ്ങിപ്പോയി. ആ കരാളശക്തിയുടെ മുഖമടച്ചുള്ള അടി ചെറുക്കാനായി ഉദ്യമിച്ച അമ്മയുടെ വായ കീറുകയും കോമ്പല്ലിലൊന്ന് തത്ക്ഷണം ഇളകിപ്പോകുകയും ചെയ്തു. ജഗന്നിയന്താവിന്റെ തീര്‍പ്പൊന്നുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്കന്ന് ജീവന്‍ ബാക്കി കിട്ടിയത്.

മദിയിലുള്ള പെണ്ണുങ്ങള്‍ വീണ്ടും വീണ്ടും തന്റെ മാത്രം പരമ്പരകള്‍ക്ക് ഉയിരൂതിക്കൊടുക്കണമെന്ന് മറ്റാരേയും പോലെ അയാളും ആഗ്രഹിച്ചിരിക്കാം. മാസത്തോളം നീളുന്ന ഗര്‍ഭത്തിനും പിന്നെയും നീളുന്ന മുലയൂട്ടലിനും ശേഷവും തള്ളയോടൊപ്പം കഴിയാനുള്ള കുഞ്ഞുങ്ങളുടെ വാഞ്ഛകള്‍ പുരുഷചേതനകള്‍ക്ക് ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്തതാണെന്ന സത്യം ഞങ്ങളെങ്ങനെ അറിയാനാണ്. കാമനകളുടെ സാക്ഷാത്ക്കാരത്തിന് വിഘാതമാകുന്ന തരത്തില്‍ കുഞ്ഞുങ്ങളുടെ പോലും സാമീപ്യം ഒരാണും പൊറുക്കുകയുമില്ലെന്ന സത്യവും ഞങ്ങള്‍ക്കന്ന് അന്യമായിരുന്നു!

വേദന കടിച്ചമര്‍ത്തിക്കൊണ്ട് നാഴികളോളം അമ്മ ഞങ്ങളെ പള്ളയ്ക്ക് കീഴില്‍ അമര്‍ത്തിക്കിടത്തി കാത്തുകിടന്നു. പിന്നെ ചോരയിറയ്ക്കുന്നതും പൊട്ടിപ്പോയി നീരുവന്നുമൂടിയ മോണയുമായി ഇളയവളായ എന്നെ വായിലൊതുക്കിയും ഓപ്പോളെ കൂടെ നടത്തിയും അവര്‍ കാടിറങ്ങുകയായിരുന്നു!

വളര്‍ന്നുമുറ്റിയ കാട്ടുപൊന്തകള്‍ക്കിടയില്‍ ഞങ്ങളിരുവരേയും മുലയൂട്ടിയും ചേര്‍ത്തുപിടിച്ചും ദിവസങ്ങളോളം അമ്മ വിശന്നുവലഞ്ഞിരുന്നു. പിന്നേയും നാളുകള്‍ക്ക് ശേഷമാണ് അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടങ്ങളെ നായാടാന്‍ തുടങ്ങിയത്. അന്നൊക്കെ അമ്മ മൃതപ്രായമാക്കി കൊണ്ടുവരുന്ന മനുഷ്യന്റെ നാല്‍ക്കാലികളെ മത്സരിച്ച് കടിച്ചുകൊല്ലാന്‍ ഞാനും പെങ്ങളും ഒരുപോലെ മത്സരിച്ചിരുന്നു. വേഗത കുറഞ്ഞതും ദുര്‍ബ്ബലരുമായ മനുഷ്യന്റെ അരുമകളെ വീഴ്ത്തുന്നത് പ്രായേണ ആയാസരഹിതമാണെന്ന് അമ്മ പറയുമായിരുന്നു. അതിനാല്‍ത്തന്നെ കാടരികുകളില്‍ ഞങ്ങള്‍ ഹൃദിസ്ഥമാക്കിയ വേട്ടയാടല്‍ രീതിയും അതുതന്നെയായിരുന്നു.

പക്ഷേ അതുകൊണ്ടൊന്നും ചെങ്കുത്തായ മലഞ്ചെരിവുകളില്‍ എഴുന്ന് നില്‍ക്കുന്ന ശിലപോലുറച്ച പാറക്കൂട്ടങ്ങളിലൂടേയും നിബിഡമായ ഇലച്ചാര്‍ത്തുകളിലൂടേയും ഇടതിങ്ങിയ മുള്‍ക്കാടുകളിലൂടേയും പായുന്ന അതിവേഗക്കാരും പ്രചണ്ഡശക്തികളെ കെട്ടഴിച്ചുവിടുന്നവരുമായ കൂറ്റന്‍ സസ്യാഹാരികളെ നായാടാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്നും അവര്‍ ഭയന്നിരുന്നു. കാടിന്റെ പരമാധികാരം സ്ഥായിയായി കൈയ്യാളണമെങ്കില്‍ അത്തരം കഠിനപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയേ മതിയാകൂയെന്ന് അമ്മ പലവട്ടം ശഠിച്ചു. അമ്മയുടെ ആശങ്കകള്‍ ഒക്കെയും ശരിയായിരുന്നുവെന്ന് കാലം പിന്നീട് തെളിയിക്കുകയും ചെയ്തു!

കാട്ടിലേയ്ക്ക് മേയാന്‍ വിടുന്ന നാല്‍ക്കാലികളില്‍ ഓടാനാകാത്ത പ്രായം ചെന്നവയേയോ ഗര്‍ഭിണികളേയോ മാത്രം തിരഞ്ഞ് പിടിച്ചിരുന്നിട്ടും ആ കുശാഗ്രബുദ്ധികള്‍ അമ്മയെ കെണിവച്ച് വീഴ്ത്തിക്കളഞ്ഞു. വേട്ടയ്ക്ക് മുന്നോടിയായി അമ്മയെപ്പോഴും ഞങ്ങളെ ഏതെങ്കിലും കാട്ടുപൊന്തയ്ക്കുള്ളില്‍ ഒളിപ്പിക്കുക പതിവാണ്. എന്തുസംഭവിച്ചാലും ആഹാരവുമായി അമ്മ എത്തുന്നത് വരെ പുറത്തേയ്ക്ക് വരരുതെന്ന കര്‍ശനനിര്‍ദ്ദേശവും. അതുകൊണ്ടുകൂടിയാണ് കെണിയിലകപ്പെട്ട അമ്മ അലറിവിളിച്ചപ്പോഴും ഞങ്ങള്‍ പുറത്തിറങ്ങാന്‍ ഭയന്നത്! കാരിരുമ്പ് കൂടുകളില്‍ ബന്ദിയാക്കി അവിടെ നിന്നും കൊണ്ടുപോകുമ്പോള്‍ അമ്മ അലറി കരഞ്ഞതൊന്നും വിവക്ഷിച്ചറിയാന്‍ ഞങ്ങള്‍ക്കന്ന് പ്രായമായിരുന്നില്ല.

അമ്മ പോയതിന് ശേഷം എങ്ങനെയാണ് ജീവന്‍ നിലനിറുത്തിയതെന്ന് ഇന്നും കൃത്യമായി പറയാനറിയില്ല. ചെവിയന്മാരേയും കൂരന്മാരേയും ഒക്കെ പതിയിരുന്ന് പിടിച്ചു തുടങ്ങിയത് വിശപ്പിന്റെ ആളിച്ച ഒന്നുകൊണ്ടുമാത്രമായിരുന്നു. പിന്നീട് ഞങ്ങളോളം പ്രാപ്തരല്ലാത്ത വേട്ടമൃഗങ്ങളുടെ ഉച്ചിഷ്ടങ്ങള്‍ കവര്‍ന്നെടുക്കാനും താഴ്ന്ന മരച്ചില്ലകളുടെ കവരങ്ങളുടെ സുരക്ഷിതത്വത്തിലേയ്ക്ക് പുള്ളിപ്പുലികളെപ്പോലെ മോഷ്ടിച്ച തീറ്റയുമായി ഓടിക്കയറാനും ഞങ്ങള്‍ ശീലിച്ചു. പിന്നെയും വളര്‍ന്നപ്പോള്‍ പതിയിരുന്നും ഓടിയെത്തിയും മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടങ്ങളിലെ ഇളമുറക്കാരെ പിന്നില്‍ നിന്ന് അള്ളിപ്പറിക്കുന്നതും ഓടാനാകാത്തവിധം അവറ്റകളുടെ പിന്‍കാലുകളിലെ സ്‌നായുക്കള്‍ കടിച്ചുമുറിക്കുന്നതും അതിജീവനത്തിന്റെ പ്രകൃതിപാഠങ്ങളായി. കഴുത്തില്‍ ദംഷ്ട്രകള്‍ ആഴ്ത്തുന്നതിന് മുമ്പ് സസ്യാഹാരികളെ നിലത്ത് വീഴ്‌ത്തേണ്ടതുണ്ട്. ശരിക്കും അതുതന്നെയാണ് ആ മഹാകായരുടെ മനോവീര്യം തകര്‍ക്കുന്നതും പ്രത്യാക്രമണത്തിന് അവസരമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുന്നതും! പ്രായേണ കുറഞ്ഞ കാലത്തിനുള്ളില്‍ സ്വായത്തമാക്കിയ അത്തരം അടവുകളൊക്കെ ആരാണ് ജനിതകങ്ങളില്‍ കുത്തിനിറച്ചിരുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ അത്ഭുതമായിരുന്നു.

അതിനിടയിലാണ് അത് സംഭവിച്ചത്! ഞാനില്ലാതെ ഓപ്പോള്‍ തനിയെ വേട്ടയ്ക്കിറങ്ങിയ ആദ്യദിവസം. അധീശത്വത്തിന്റെ നാലതിരുകള്‍ ലംഘിച്ചുപോയതിന് ഞങ്ങളുടെ തന്നെ വര്‍ഗ്ഗത്തിലെ മറ്റൊരുത്തി അവളെ നിഷ്‌കരുണം കൊന്നുകളയുകയാണ് ചെയ്തത്! നടവഴികളുടെ അതിരുകളില്‍ വളര്‍ന്ന് മുറ്റിയ തരുക്കളിലും തലയെടുത്ത പാറക്കെട്ടുകളിലും എന്നുവേണ്ട ചിക്കിയെറിഞ്ഞ മണ്ണില്‍ക്കൂടി അവര്‍ പതിപ്പിക്കുന്ന മേധാവിത്വത്തിന്റെ അടയാളപ്പെടുത്തലുകള്‍ ഉണ്ടെന്ന് കുട്ടിത്തം മാറാത്ത അവള്‍ക്ക് തിരിച്ചറിയാനായില്ല എന്നതാണ് സത്യം. തന്റെ ജൈവകാമനകള്‍ക്ക് വിഘാതം നില്‍ക്കുമെന്ന് ഭയന്നിട്ടാകണം അവളുടെ ജീവിക്കാനുള്ള അവകാശം പോലും രജസ്വലയും ക്ഷിപ്രകോപിയുമമായ ആ പെണ്ണൊരുത്തി തീറെഴുതി അവസാനിപ്പിച്ചത്! ഛിന്നഭിന്നമാക്കിയ ശിരസ്സും മാംസം കാര്‍ന്നെടുത്ത കുറെ എല്ലുകളും മണ്ണ് തിന്നുകിടന്ന കുടല്‍മാലകളുമായി ചിതറിപ്പോയ ഓപ്പോളുടെ അവശിഷ്ടങ്ങള്‍ കൂട്ടംകൂടിയെത്തിയ ശവംതീനികളും കഴുകുകളും മത്സരിച്ച് തിന്നുതീര്‍ക്കുന്നത് വിങ്ങുന്ന നെഞ്ചോടെ ഞാന്‍ നോക്കിക്കിടന്നു.

അതോടെ അമ്മയുടെ മൂന്ന് മക്കളില്‍ ഞാന്‍ മാത്രം ബാക്കിയായി. 'കാടരികുകള്‍ മാത്രമാണ് നിഷ്‌കാസിതരുടെ സുരക്ഷിതങ്ങളായ അഭയാരണ്യങ്ങള്‍' എന്ന വലിയ അറിവാണ് പിന്നീട് അവിടെ ഉറച്ച് നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്! അശ്വമേധം ജയിക്കുന്ന മഹാബലവാന്മാര്‍ക്കുമാത്രം വാഴാനുള്ള കോട്ടകൊത്തളങ്ങളാണ് അടവികളെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സില്‍ പറഞ്ഞുറപ്പിച്ചു.

കാടരികുകളില്‍ വളര്‍ന്നതിന്റേയും നാളന്നോളം മനുഷ്യന്റെ എതിര്‍ക്കാനറിയാത്ത അരുമകളെ മാത്രം നായാടിയതിന്റേയും അപകര്‍ഷത എന്നെ കാര്‍ന്നുതിന്നു

ബോധത്തിലേയ്ക്കുണരുമ്പോള്‍ തുറന്ന് കിടക്കുന്ന ഒരു കൂട്ടിനകത്താണ് ഞാനെന്ന് എനിക്ക് മനസ്സിലായി. ഒപ്പമുണ്ടായിരുന്ന ശ്വാനനെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. എന്നിരുന്നാലും സ്വതന്ത്ര്യത്തിലേയ്ക്കുള്ള ഒരവസരമാണ് കരഗതമായിരിക്കുന്നതെന്ന് മൃഗചോദനകള്‍ എന്നെ ക്ഷണേന തെര്യപ്പെടുത്തി. ശരീരം പലയിടത്തും വേദനിക്കുന്നത് പോലും ഗൌനിക്കാതെ തത്ക്ഷണം ഞാന്‍ പുറത്തേയ്ക്ക് ചാടിയിറങ്ങി.

പക്ഷെ അതും ഇരുകാലികളുടെ മറ്റൊരു തന്ത്രമായിരുന്നുവെന്ന് ഒഴിഞ്ഞ കൂടുമായി ആ വാഹനം അകന്നുപോയപ്പോഴാണ് മനസ്സിലായത്. പിന്തിരിഞ്ഞ് ഒപ്പം ഓടാനാഞ്ഞെങ്കിലും അതിലെ നിരര്‍ത്ഥത എനിക്ക് ബോധ്യപ്പെടുക തന്നെ ചെയ്തു.

വിശപ്പിന്റെ തീനാളകള്‍ വയറെരിക്കവേ എന്നെ കൊണ്ടെത്തിച്ചിരിക്കുന്ന ആ കൊടുങ്കാട്ടില്‍ അധിവസിക്കുന്ന അതിവേഗക്കാരേയും മഹാശക്തിശാലികളേയും പതിയിരുന്ന് നായാടുന്ന പരുക്കനടവുകള്‍ അന്നോളം സ്വായത്തമാക്കിയിട്ടില്ലെന്നത് ഒരു ഞെട്ടലോടെയാണ് ഞാനോര്‍ത്തത്! മുള്‍ക്കാടുകള്‍ക്കുള്ളിലെ കഠിനവഴികളിലൂടേയും ദുര്‍ഘടങ്ങളായ മലഞ്ചെരിവുകളിലൂടേയും ശീഘ്രം പായുന്ന സ്ഥൂലശരീരികളുടെ ഭീഷണങ്ങളായ ശരീരമുഴുപ്പിന്റേയും കൂര്‍ത്തുമൂര്‍ത്ത കൊമ്പുകളുടേയും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും എനിക്കാവില്ലെന്ന കേവല സത്യം എന്നെ നടുക്കിക്കളഞ്ഞു.

ഒട്ടിയ വയറുമായി ദിവസങ്ങള്‍ താണ്ടിയ എന്റെ മുന്നിലൂടെ കാരിരുമ്പൊത്ത കായബലവുമായി കാട്ടികളും മരണം ഒളിപ്പിച്ചുവച്ച തേറ്റകളുമായി വരാഹങ്ങളും നിര്‍ഭയം മേഞ്ഞ് നടന്നു. കാടരികുകളില്‍ വളര്‍ന്നതിന്റേയും നാളന്നോളം മനുഷ്യന്റെ എതിര്‍ക്കാനറിയാത്ത അരുമകളെ മാത്രം നായാടിയതിന്റേയും അപകര്‍ഷത എന്നെ കാര്‍ന്നുതിന്നു. അതിജീവനമെന്ന മഹാസമസ്യ എന്നെ നോക്കി പല്ലിളിച്ചു. അതെ, കാട് അപരാജിതരുടെ മാത്രം തട്ടകമാണ്!

അങ്ങനെ ആളിക്കത്തുന്ന ജഠരാഗ്‌നിയില്‍ നിന്ന് ജീവന്‍ തിരിച്ചുപിടിക്കാനായി വീണ്ടും കാടിറങ്ങുക മാത്രമാണ് പോംവഴിയെന്ന് ഞാനുറപ്പിക്കുകയായിരുന്നു...!

(കുറിപ്പ്:- ശക്തരായ ഇരകളുടെ ചെറുത്തുനില്പിലോ സ്വന്തം വര്‍ഗ്ഗത്തിലെ മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലോ പരിക്കേല്‍ക്കുന്നതും പ്രായം ചെന്നതും അടരാടി ജീവിക്കാന്‍ കഴിവില്ലാത്തതുമായ വേട്ടമൃഗങ്ങളാണ് കാടിറങ്ങുക പതിവ്.)

JR Ani

Malayalam short story written by JR Ani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഫ്സിആർഎ ബിൽ ജെപിസിയ്ക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അധികം എഡിറ്റിങ് വേണ്ട, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അരുത്! ഗുരുതര കുറ്റകൃത്യം, ഒമാനിലെ പുതിയ സൈബര്‍ നിയമം

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു